കൂടരഞ്ഞിയില്‍ പള്ളിയുടെ ഉടമസ്ഥയിലുള്ള ക്വാറി പ്രവര്‍ത്തിച്ചത് അനധികൃതമായി; വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്

Published : Feb 03, 2019, 09:52 AM IST
കൂടരഞ്ഞിയില്‍ പള്ളിയുടെ ഉടമസ്ഥയിലുള്ള ക്വാറി പ്രവര്‍ത്തിച്ചത് അനധികൃതമായി; വില്ലേജ് ഓഫീസറുടെ റിപ്പോർട്ട്

Synopsis

അപകടകരമായ നിലയിലായിരുന്നു ക്വാറികളുടെ പ്രവർത്തനം. എക്സ്പ്ലോസീവ് ലൈസൻസ് ഇല്ലാതെയാണ് ടൺകണക്കിന് പാറപൊട്ടിച്ച് പുറത്തേക്ക് കടത്തിയതെന്നും റിപ്പോര്‍ട്ട്

കോഴിക്കോട്: കൂടരഞ്ഞി പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയുടെ ഉടമസ്ഥയിലുള്ള ക്വാറി 25 വർഷം പ്രവർത്തിച്ചത് അനധികൃതമായെന്ന് വില്ലേജ് ഓഫീസറുടെ അന്വേഷണ റിപ്പോർട്ട്. സ്ഫോടക വസ്തുക്കൾ സൂക്ഷിക്കാനുള്ള ലൈസൻസോ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതിയോ ഇല്ലാതെയാണ് ഖനനം നടത്തിയതെന്ന് ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ടിന്‍റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

1990 മുതൽ 2015 വരെയുള്ള കാലയളവിൽ ആവശ്യമായ അനുമതിയില്ലാതെയാണ് ക്വാറികൾ പ്രവർത്തിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. അപകടകരമായ നിലയിലായിരുന്നു ക്വാറികളുടെ പ്രവർത്തനം. എക്സ്പ്ലോസീവ് ലൈസൻസ് ഇല്ലാതെയാണ് ടൺകണക്കിന് പാറപൊട്ടിച്ച് പുറത്തേക്ക് കടത്തിയത്. ഓരോ വർഷവും ക്വാറി സ്വകാര്യവ്യക്തികൾക്ക് പാട്ടത്തിന് കൊടുത്തുവെന്നും ഖനനം നടത്തിയത് കരാറുകാരാണെന്നുമായിരുന്നു പള്ളി വികാരിയുടെ വാദം. 

എന്നാൽ ഇതിന് രേഖകൾ ഹാജരാക്കാൻ പള്ളി വികാരിക്ക് കഴിഞ്ഞില്ലെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ടിൽ പറയുന്നു. സർക്കാരിന് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായ സംഭവത്തിൽ വിശദമായ അന്വേഷണവും കർശന നടപടികളുമാണ് റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നത്. കാത്തലിക് ലേമൻസ് അസോസിയേഷൻ നൽകിയ പരാതിയെതുടർന്നാണ് ജില്ലാ കളക്ടർ വില്ലേജ് ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടത്.

കസ്തൂരിരംഗൻ റിപ്പോർട്ടിനെതിരെ ശക്തമായ സമരം നയിച്ച താമരശ്ശേരി രൂപതയുടെ ക്വാറി നടത്തിപ്പ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. തുടർന്നാണ് 2015 ൽ ക്വാറികളുടെ പ്രവർത്തനം നിലച്ചത്.എന്നാൽ ഈ പ്രദേശത്തുള്ള സെമിത്തേരി ഈയിടെ പൊളിച്ച് നീക്കിയതും പള്ളി മാറ്റിസ്ഥാപിച്ചതുമെല്ലാം ക്വാറിയുടെ പ്രവർത്തനം വിപുലപ്പെടുത്താനാണെന്ന് ഒരുവിഭാഗം വിശ്വാസികൾ പരാതിപ്പെട്ടിരുന്നു. ഈ പരാതികളും വിശദമായി പരിശോധിക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രദേശത്ത് വീണ്ടും ഖനനം നടത്തുന്നത് കനത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കുമെന്ന മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിസിവിടിയിൽ 'ചവിട്ടി കള്ളൻ'; ഇരിണാവിൽ 2 ഷോപ്പുകളിൽ മോഷണം, കള്ളനെ തിരിഞ്ഞ് പൊലീസ്
പരസ്യമദ്യപാനം ചോദ്യം ചെയ്‌ത പോലീസിന് നേരെ ആക്രമണം: കെ എസ് യു നേതാവടക്കം പിടിയിൽ