
തിരുവനന്തപുരം: വീട്ടിലെ കുളിമുറിയില്‍ കയറിയ കൂരമാനിനെ വനംവകുപ്പ് പിടികൂടി. കുറ്റിച്ചല്‍ അരുകില്‍ നിസാമിന്റെ നാസിയ മന്‍സിലില്‍ നിന്നാണ് വനംവകുപ്പ് പരുതിപ്പള്ളി സെക്ഷന്‍ ഓഫീസര്‍ എംകെ ബിന്ദുവിന്റെ നേതൃത്വത്തില്‍ വാച്ചര്‍ രാഹുല്‍, ശരത്, നിഷാദ്, സുഭാഷ് എന്നിവര്‍ ചേര്‍ന്നാണ് കൂരമാനിനെ കൂട്ടിലാക്കിയത്. പിടികൂടാനുള്ള ശ്രമത്തിനിടെ സെക്ഷന്‍ ഓഫീസര്‍ ബിന്ദു, ശരത് എന്നിവര്‍ക്ക് കൂരമാനിന്റെ നഖം കൊണ്ട് കൈക്ക് സാരമായ പരുക്കേല്‍ക്കുകയും ചെയ്തു.
കൂരമാനിനെ വനംവകുപ്പ് ആസ്ഥാനത്തേക്ക് മാറ്റിയ ശേഷം ഇവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. പിടികൂടിയ മാനിനെ ഒരു ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഉള്‍ക്കാട്ടില്‍ തുറന്ന് വിടുമെന്ന് വനംവകുപ്പ് അറിയിച്ചു. ഉഷ്ണമേഖലാ വനങ്ങളില്‍ പാറകള്‍ക്ക് ഇടയില്‍ ജീവിക്കുന്നതാണ് കൂരമാന്‍. ഇവയുടെ മുഖത്തിന് എലിയുടെ രൂപമാണ്. എലിയെ പോലെ സഞ്ചരിക്കുന്നതിനാല്‍ മൗസ് ഡീര്‍ എന്ന പേരിലും ഇവ അറിയപ്പെടുന്നു.
കാട്ടിറച്ചി കടത്തിയെന്ന കള്ളക്കേസ്; സരുണിന്റെ പരാതിയില്‍ നടപടി വൈകി, വിമര്‍ശിച്ച് മനുഷ്യാവകാശ കമ്മീഷന്‍
ഇടുക്കി: ഇടുക്കി കിഴുകാനത്ത് കാട്ടിറച്ചി കടത്തിയെന്ന് വനംവകുപ്പ് കള്ള കേസെടുത്ത ആദിവാസി യുവാവ് സരുണ്‍ സജിയുടെ പരാതിയില്‍ നടപടി വൈകിപ്പിച്ചതിന് പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍. പൊലീസ് റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലാത്തതിനാല്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. സരുണ്‍ സജി നല്‍കിയ പരാതിയിലാണ് ഇടപെടല്‍.
കള്ളക്കേസില്‍ കുടുക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥകര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സരുണ്‍ സജി ഉപ്പുതറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമം ഉള്‍പ്പെടെ ചുമത്തിയതിനാല്‍ പീരുമേട് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. കേസില്‍ പ്രതി ചേര്‍ത്ത പതിമൂന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരില്‍ പതിനൊന്നു പേരെ അറസ്റ്റു ചെയ്തിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിട്ടും കേസില്‍ പ്രതികളായ മുന്‍ ഇടുക്കി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബി.രാഹുല്‍, സീനിയര്‍ ഗ്രേഡ് ഡ്രൈവര്‍ ജിമ്മി ജോസഫ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് സരുണിന്റെ പരാതി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടാണ് സരുണ്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
പീരുമേട് ഡിവൈ.എസ്. പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്ന് കമ്മീഷന്‍ വിലയിരുത്തി. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററോടും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഉപ്പുതറ എസ്.എച്ച്.ഒയോടും നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചു. കഴിഞ്ഞ സെപ്തംബര്‍ ഇരുപതിനാണ് ഓട്ടോറിക്ഷയില്‍ കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് സരുണ്‍ സജിക്കെതിരെ വനംവകുപ്പ് കേസെടുത്തത്. തുടരന്വേഷണത്തില്‍ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതോടെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ വനംവകുപ്പ് സസ്‌പെന്റ് ചെയ്യുകയും കേസ് റദ്ദാക്കുകയും ചെയ്തിരുന്നു.
'അപകടം നടന്നത് ഒരാഴ്ച മുന്‍പ്'; പ്രതികരിച്ച് തങ്കച്ചന്‍ വിതുര
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam