കൂറ്റനാട് ഭൂഗർഭ പൈപ്പ് ലൈൻ പൊട്ടി; യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

By Web TeamFirst Published Dec 5, 2022, 7:54 AM IST
Highlights

എഴുനൂറ് എം എം വൃസ്തൃതി ഉള്ള കാസ്റ്റഡ് അയൺ പൈപ്പാണ് പൊട്ടിയത്. കാലപ്പഴക്കമോ, ഉയർന്ന മർദമോ ആയിരിക്കാം പൈപ്പ് പൊട്ടാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.


പാലക്കാട്:  കൂറ്റനാട് സെന്‍ററിൽ തൃത്താല റോഡിലെ ബസ് കാത്തിരിപ്പിന് സമീപം വാട്ടർ അതോറിറ്റിയുടെ ഭൂഗർഭ പൈപ്പ് ലൈൻ പൊട്ടിയ ഭാഗത്തെ മണ്ണ് നീക്കം യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് കുഴി എടുക്കുന്ന പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ ആരംഭിച്ചിട്ടുള്ളത്. കുഴിയുടെ വിസ്തൃതി വർദ്ധിപ്പിച്ചാൽ മാത്രമേ പൈപ്പിലെ വിള്ളൽ സംഭവിച്ച ഭാഗം കൃത്യമായി മനസിലാക്കാനാവുകയുള്ളു. എഴുനൂറ് എം എം വൃസ്തൃതി ഉള്ള കാസ്റ്റഡ് അയൺ പൈപ്പാണ് പൊട്ടിയത്. കാലപ്പഴക്കമോ, ഉയർന്ന മർദമോ ആയിരിക്കാം പൈപ്പ് പൊട്ടാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വാട്ടർ അതോറിറ്റി അധികൃതർ, പി ഡബ്ലിയുഡി അധികൃതർ എന്നിവരുടെ മേൽനോട്ടത്തിലാണ് അറ്റകുറ്റപ്പണികൾ. യുദ്ധകാലാടിസ്ഥാനത്തിൽ അതിവേഗം അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുമെന്ന് തൃത്താല eബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. വി പി റജീന പറഞ്ഞു.

തൃത്താലയിൽ നിന്ന് തൃശ്ശൂരിലേക്ക് കുടിവെള്ളം കൊണ്ടുപോകുന്ന പാവറട്ടി പൈപ്പ് ലൈനിന്‍റെ പ്രധാന ലൈനാണ് പൊട്ടിയത്. ഇതിനെ തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായിരുന്നു. ശനിയാഴ്ച രാത്രി ഏഴേ മുക്കാലോടെ ആയിരുന്നു പൈപ്പ് പൊട്ടിയത്. വലിയ പൈപ്പ് ലൈനില്‍ പൊട്ടലുണ്ടായതോടെ ശക്തമായ തരത്തില്‍ വെള്ളം കുത്തിയൊഴുകി. ഇതോടെ റോഡിനും സമീപത്തെ കടകള്‍ക്കും കേട് പാടുപറ്റി. തൃശ്ശൂരിലേക്കുള്ള ജല വിതരണവും തടസപ്പെട്ടു. കൂറ്റനാട് സെന്‍ററിൽ നിന്ന് തൃത്താല റോഡിലൂടെ ശക്തമായ തരത്തില്‍ വെള്ളം കുത്തിയെത്തിയതോടെ റോഡിന്‍റെ ഇരുവശങ്ങളിലും റോഡില്‍ നിന്നും താഴ്ന്ന നിലയിലുള്ള കടകളിലും വെള്ളം കയറി. വെള്ളം കുത്തിയൊലിച്ച് വന്നതിനെ തുടര്‍ന്ന് കടകളുടെ ഷട്ടറുകൾ താഴ്ത്തിയെങ്കിലും ആറ് കടകളിലേക്ക് വെള്ളം ഇരച്ച് കയറുകയായിരുന്നു. സമീപകാലത്ത് ആധുനിക രീതിയിൽ പുതുക്കി നിർമ്മിച്ച റോഡ്, വെള്ളത്തിന്‍റെ ശക്തമായ കുത്തൊഴുക്കില്‍ ഏതാണ്ട് 200 മീറ്ററോളം ദൂരത്തിൽ തകർന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായെന്ന് പ്രാഥമിക വിലയിരുത്തൽ. 

നാല് കടകളുടെ അടിഭാഗം പൂർണമായും വെള്ളത്തിനടിയിലായി. ഇലക്‌ട്രോണിക് കടയ്ക്കും പ്ലംബിങ് വർക്കുകൾ നടക്കുന്ന സ്ഥാപനത്തിനും ഹാർഡ്‌വെയർ കടയ്ക്കും വൈദ്യുത തുലാസ് വിൽക്കുന്ന കടയ്ക്കുമാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചത്.  വെള്ളം ശക്തമായി കുത്തിയൊഴുകിയതിനെ തുടര്‍ന്ന് സമീപത്തെ വൈദ്യുത തൂണും ഇളകി നിൽക്കുകയാണ്. പൈപ്പ് പൊട്ടിയതിന് പിന്നാലെ വൈദ്യുതി ബന്ധം വിഛേദിച്ചതിനാൽ വലിയ അപകടം ഒഴിവായി. തൃത്താല കൂറ്റനാട് റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ അടിവശത്തും ആഴത്തിലുള്ള ഗർത്തം രൂപപ്പെട്ടു. ഇതോടെ ആധുനിക രീതിയിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രവും പൊളിച്ച് നീക്കേണ്ട അവസ്ഥയാണ്. തൃത്താല റോഡിന്‍റെ അടിഭാഗത്ത് കൂടി ശക്തമായ വെള്ളമൊഴുക്കിയതാണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും സമീപത്തെ കടകൾ പ്രവർത്തിക്കുന്ന കെട്ടിടങ്ങള്‍ക്കും അപകടം സംഭവിക്കാൻ ഇടവരുത്തിയത്.

റോഡ് തകർന്നതിനാൽ ഇതുവഴിയുള്ള ഗതാഗതത്തിന് അനിശ്ചിത കാലത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തി. പൈപ്പ്‌ ലൈനിൽ വിള്ളൽ രൂപപ്പെട്ടതോടെ ഗുരുവായൂർ, ചാവക്കാട് ഭാഗങ്ങളിലേക്കുള്ള കുടിവെള്ള വിതരണവും നിർത്തിവെച്ചു. നാശനഷ്ടം കണക്കാക്കി അറ്റകുറ്റപ്പണികൾ തീർക്കും വരെ കുടിവെള്ളം മുടങ്ങുമെന്നാണ് സൂചന. അപകടം നടന്ന വിവരമറിഞ്ഞ് തൃത്താലയിലുണ്ടായിരുന്ന മന്ത്രി എം.ബി. രാജേഷ് സ്ഥലം സന്ദർശിച്ചു. തഹസിൽദാരും ജല അതോറിറ്റി എൻജിനിയർ മുഹമ്മദ് ഷരീഫും റവന്യൂ, പൊതുമരാമത്ത് വകുപ്പിലേയും ജല അതോറിറ്റിയിലേയും ഉയർന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വൻ അപകടമാണ് സംഭവിച്ചതെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് ആളുകൾക്ക് അപകടം സംഭവിക്കാതിരുന്നെതെന്നും പട്ടാമ്പി തഹസിൽദാർ ടി പി കിഷോർ പറഞ്ഞു.

 

click me!