
കൊച്ചി: കൂത്താട്ടുകുളത്തെ തട്ടിക്കൊണ്ടുപോകൽ വിവാദത്തിൽ കൗൺസിലർ കലാ രാജു പാർട്ടി നേതൃത്വത്തിന് നൽകിയ പരാതിയുടെ വിശദാംശങ്ങൾ പുറത്ത്. ഏരിയ കമ്മിറ്റി അംഗം സണ്ണി കുര്യാക്കോസ് കബളിപ്പിച്ചുവെന്നാണ് കലാ രാജു പാർട്ടിക്ക് നൽകിയ പരാതിയിൽ പ്രധാനമായും പറയുന്നത്. കടബാധ്യത തീർത്തുതരാനെന്ന പേരിൽ നിർബന്ധപൂർവം സ്ഥലം വിൽപന നടത്തി. ഇതുവഴി ഏരിയകമ്മറ്റി അംഗമായ സണ്ണി വൻ സാമ്പത്തിക ലാഭം ഉണ്ടാക്കി എന്നും പരാതിയിൽ പറയുന്നുണ്ട്. പരാതിയുടെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുവിട്ടത്.
കലാ രാജു സി പി എം ജില്ലാനേതൃത്വത്തിന് പരാതി നൽകിയത് 2024 സെപ്തംബറിലാണ്. 2024 ഒക്ടോബറിൽ സംസ്ഥാന നേതൃത്വത്തിനും ഇവർ പരാതി നൽകിയിട്ടുണ്ട്. തന്നെ സഹായിക്കാൻ പാർട്ടിയല്ലാതെ മറ്റാരും ഇല്ലെന്നും പരാതിയിൽ കലാ രാജു വ്യക്തമാക്കിയിരുന്നു. എന്നാൽ പരാതികളിൽ നടപടികളൊന്നും ഉണ്ടാകാത്തതോടെയാണ് കലാരാജു പാർട്ടിയുമായി അകലാൻ തുടങ്ങിയത്.
അതിനിടെ പാർട്ടി പ്രവർത്തകർ കത്തി കാട്ടി ഭീഷണിപ്പെടുത്തിയെന്നതടക്കമുള്ള കലാരാജുവിന്‍റെ ആരോപണങ്ങൾക്ക് മറുപടിയുമായി സി പി എം ഏരിയ കമ്മിറ്റി ഇന്ന് രംഗത്തെത്തിയിട്ടുണ്ട്. കാത്തികാട്ടി ഭീഷണിപ്പെടുത്തിയെങ്കിൽ എന്തുകൊണ്ട് അന്നുതന്നെ പൊലീസിനോട് അക്കാര്യം പറഞ്ഞില്ലെന്ന ചോദ്യാണ് സി പി എം ഉന്നയിക്കുന്നത്. കലാ രാജു പറയുന്ന കാര്യങ്ങൾ പരസ്പര വിരുദ്ധമെന്നും കൂത്താട്ടുകുളം ഏരിയ കമ്മിറ്റി കുറ്റപ്പെടുത്തി. സംഭവ ദിവസം കലാ രാജു പൂർണ്ണ ആരോഗ്യവതിയായിരുന്നുവെന്നും ഇപ്പോൾ അനാരോഗ്യത്തിൽ പ്രത്യക്ഷപ്പെടുന്നത് ദുരൂഹമെന്നും സി പി എം നേതൃത്വം വിമർശിച്ചു. ഒരു പരിചയവും ഇല്ലാത്ത കലാ രാജുവിനെ മൂവാറ്റുപുഴ എം എൽ എ ആശുപത്രിയിൽ നിന്ന് സ്വന്തം കാറിൽ തട്ടിക്കൊണ്ട് പോയെന്നും ഇന്ദിരാഗാന്ധി ആശുപത്രിയിൽ കലാ രാജുവിനെ ശുശ്രൂഷിക്കുന്നത് കുഴൽനാടന്റെ ക്രിമിനലുകളാണെന്നും സി പി എം വിമർശിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam