
എറണാകുളം: സോഷ്യൽ മീഡിയ ട്രോളുകളിലൂടെ കേരളമാകെ തരംഗമായൊരു സ്ഥാനാര്‍ത്ഥിപേര്, അതായിരുന്നു 'മായാവി". ശരിക്കും അത് മായ വി ആയിരുന്നെങ്കിൽ ചേര്‍ത്ത് വായിക്കാനായിരുന്നു സോഷ്യൽ മീഡിയക്ക് പ്രിയം. കൂത്താട്ടുകുളം നഗരസഭയിലെ 26-ാം വാര്‍ഡ് എടയാര്‍ വെസ്റ്റില്‍ എൽഡിഎഫ് സ്ഥാനാർഥിയായിരുന്നു മായാ വി. ട്രോളും പ്രശസ്തിയും ഒന്നും പക്ഷെ വോട്ടിങ്ങിൽ പ്രതിഫലിച്ചില്ല. യുഡിഎഫ് സ്ഥാനാർഥി പിസി ഭാസ്കരനോട് 149 വോട്ടിനാണ് മായ വി തോറ്റത്. ടെലിവിഷൻ ഷോകളിലൂടെ പരിചിതയാണ് മായ. വാസന്തി എന്ന അമ്മയുടെ പേരിന്‍റെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേർത്തതോടെയാണു ‘മായാ വി’ ആയത്.
ബാലരമയിലെ മായാവിയോട് ചേര്‍ത്ത് കൂട്ടുകാരാണ് മായയെ അങ്ങിനെ വിളിച്ചു തുടങ്ങിയത്. സ്ഥാനാര്‍ത്ഥി ആയതോടെ ആ പേരിനൊരു ഗുമ്മ് വന്നു എന്ന് പറയാം. മായാവി സിനിമയിലെ രംഗങ്ങളും ഡയലോഗുകളും ചിത്രങ്ങളും ഒപ്പം ബാലരമയിലെ മായാവിയുമെല്ലാം ട്രോൾ മെറ്റീരിയലുകളായി. 'ട്രോളുകളെ ചിരിച്ചുകൊണ്ട് ഇരുകൈയും നീട്ടി സ്വീകരിക്കുന്നു... കൊന്നിട്ടു പോടാ ' എന്നായിരുന്നു ട്രോളന്മാർക്കുള്ള മറുപടിയായി മായാ വിയുടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ്.
ട്രോളുകളിലും പ്രചാരണങ്ങളും മുന്നിൽ നിന്നെങ്കിലും വോട്ടിൽ അതൊന്നും പ്രതിഫലിച്ചില്ല. തോൽവിക്ക് ശേഷം രണ്ട് കുറിപ്പുകളാണ് മായ പങ്കുവച്ചത്. 'ഇതിനേക്കാളും വലിയ കാറ്റും കോളും വന്ന് പേടിച്ചിട്ടില്ല ചേച്ചി കുട്ടി, താൽക്കാലികം മാത്രം ശരിയായ നിലപാടിന് അംഗീകാരമില്ലാത്ത കെട്ട കാലമാണ്. വികസനവും, ക്ഷേമ പ്രവർത്തനങ്ങൾ ഒന്നും വലിയ ചർച്ചയാവുന്നില്ല.ഇതൊക്കെ നമ്മൾക്കൊരു സ്റ്റാനഡപ്പ് കോമഡി, അത്രെ ഉള്ളൂ വിജയത്തിന്റെ ഏടുകൾ ആണ് ഈ പരാജയം'- എന്നായിരുന്നു ആദ്യ കുറിപ്പ്. മായാവി മുറ്റമടിച്ചോണ്ട് ഇരിന്നപ്പോഴോ തുണി അലക്കിയപ്പോഴോ തോറ്റതല്ല, പൊരുതി തോറ്റതാ... അഭിമാനം എന്നായിരുന്നു മറ്റൊരു കുറിപ്പ്. പക്ഷെ വോട്ട് കണക്കിൽ പകുതിയോളം വോട്ടിനാണ് മായ വിയുടെ തോൽവി. യുഡിഎഫിന്റെ കോൺഗ്രസ് സ്ഥാനാര്‍ത്ഥി പിസി ഭാസ്കരൻ 295 വോട്ട് നേടിയപ്പോൾ, മായ 146 വോട്ടുകളാണ് നേടിയത്. ബിജെപിയുടെ ജയൻ കെ 34 വോട്ടുകളും നേടി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam