
ഹോട്ടല്‍ കുത്തിത്തുറന്ന് പണം മോഷ്ടിച്ച കുപ്രസിദ്ധ കള്ളന്‍ കൊച്ചിയില്‍ പിടിയിലായി. ആന്ധ്ര സ്വദേശി ഡേവിഡാണ് പിടിയിലായത്. മറ്റൊരു കേസില്‍ ജയിലില്‍ നിന്ന് ഇറങ്ങി ദിവസങ്ങള്‍ കഴിയും മുന്‍പാണ് ഇയാള്‍ മോഷണക്കേസില്‍ വീണ്ടും അകത്താവുന്നത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയില്‍ മാത്രം മോഷണം നടത്തിയിരുന്ന മരിയാര്‍പൂതമെന്ന മോഷ്ടാവുമായി നിരവധി സമാനതകള്‍ ഉള്ള മോഷ്ടാവാണ് ഡേവിഡും. മരിയാര്‍ പൂതം എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം മേഷണം നടത്തുമ്പോള്‍ കൊച്ചി നഗരത്തില്‍ മാത്രമാണ് ഡേവിഡ് മോഷണം നടത്താറ്.
ഡേവിഡ് മോഷ്ടിച്ച സാധനങ്ങള്‍ കൊച്ചി നഗരത്തിന് പുറത്തേക്ക് പോകാറില്ലെന്നാണ് പൊലീസും പ്രതികരിക്കുന്നത്. ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ ഉടന്‍ അടുത്ത മോഷണം നടത്തുക. മോഷ്ടിച്ച പണം രണ്ട് ദിവസത്തിനുള്ളില്‍ ചെലവിടുക. അറസ്റ്റിലാവുക, വീണ്ടും ജയിലിലേക്ക് മടങ്ങുക. ഇതാണ് ഡേവിഡിന്‍റെ ശൈലി. കാശ് തീര്‍ന്ന് കഴിഞ്ഞാല്‍ പൊലീസിന് പിടികൂടാനുള്ള എളുപ്പം പരിഗണിച്ചാവണം സൌത്ത് പാലത്തിന് കീഴിലാണ് ഡേവിഡിന്‍റെ താമസം. പിടിയിലായാല്‍ ചെറുത്തുനില്‍പ്പൊന്നുമില്ല, മോഷ്ടിച്ചത് എന്താണെന്നും എവിടെ നിന്നാണെന്നും കൃത്യമായി പൊലീസിനോട് പറയും. പൊലീസ് അറസ്റ്റ് ചെയ്യാനായി മോഷണം നടത്തുന്ന സ്ഥാപനത്തിന് ഏറ്റവുമടുത്ത സിസിടിവികളില്‍ മുഖം വ്യക്തമാക്കി. ചിരിച്ച് തെളിവ് കൊടുത്താണ് മോഷണ ശേഷം ഡേവിഡ് മടങ്ങാറ്.
നവംബര്‍ 11ന് രവിപുരം കുരിശുപള്ളിക്ക് സമീപത്തെ ഹോട്ടല്‍ കുത്തിത്തുറന്ന് മോഷണം നടത്തിയതിനാണ് നിലവില്‍ ഇയാള്‍ പിടിയിലായിട്ടുള്ളത്. സ്ക്രൂ ഡ്രൈവര്‍ കൊണ്ടായിരുന്നു പൂട്ട് തകര്‍ത്ത്. കൊച്ചി സെന്‍ട്രല്‍, സൌത്ത് സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് ഇയാള്‍ക്കെതിരെയുള്ളത്. ഡിജിറ്റല്‍ ഉപകരണങ്ങളോട് താല്‍പര്യമുള്ള ഇയാള്‍ മൊബൈലും ടാബും അടക്കമുള്ളവ കണ്ടാല്‍ മോഷ്ടിക്കാതെ വിടാറില്ല. മരിയാര്‍പൂതം നോർത്ത് സ്റ്റേഷൻ പരിധിയിൽ തന്നെ മോഷണം നടത്തുമെന്ന പ്രഖ്യാപനം നടത്തിയ ശേഷമാണ് മോഷണം നടത്തിയതെങ്കില്‍ ഡേവിഡിന് അത്തരം വീര വാദങ്ങളോട് താല്‍പര്യമൊന്നുമില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam