
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ യുവതി തട്ടിയെടുത്തതിന് (new born baby) പിന്നില്‍ കാമുകനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍. നീതുവിനെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച ഇബ്രാഹിം ബാദുഷ എന്നയാളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനായിരുന്നു നീക്കമെന്നാണ് പൊലീസ് പറയുന്നത്. വിവാഹ വാഗ്ദാനം നല്‍കി നീതുവില്‍ നിന്നും 30 ലക്ഷം രൂപയും സ്വര്‍ണവും ബാദുഷ തട്ടിയെടുത്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇത് തിരികെ വാങ്ങുക കൂടിയായിരുന്നു നീതുവിന്റെ ലക്ഷ്യം.
ഇബ്രാഹീം ബാദുഷയുടെ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു നീതു. ഇതിനിടെ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു ഇതുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയത്. ഈ സമയത്ത് നീതു ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളേജില്‍ നിന്നും തട്ടിയെടുത്ത കുഞ്ഞിനെ ബാദുഷയുടെ കുഞ്ഞെന്ന് വരുത്തി തീര്‍ത്ത് ബ്ലാക് മെയില്‍ ചെയ്യാനായിരുന്നു നീക്കം.
സംഭവത്തില്‍ ഇബ്രാഹീം ബാദുഷയും പൊലീസ് കസ്റ്റഡിയിലുണ്ട്. കുട്ടിയെ മോഷ്ടിക്കാന്‍ മെഡിക്കല്‍ കോളേജിന് സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് ആസൂത്രണം നടത്തി. പല തവണ നീതു ഗൈനക്കോളജി വിഭാഗത്തിലെത്തിയതായും വിവരമുണ്ട്. കോട്ടയത്തെ സംഭവത്തിന് പിന്നില്‍ കുട്ടിക്കടത്ത് റാക്കറ്റല്ലെന്ന് പൊലീസ്. വ്യക്തിപരമായ കാര്യങ്ങള്‍ക്ക് വേണ്ടിയാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു.
സുരക്ഷാ വീഴ്ച നാലംഗ സമിതി അന്വേഷിക്കും
നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ആശുപത്രിക്ക് ഉണ്ടായ സുരക്ഷാ വീഴ്ച ആശുപത്രി അധികതർ അന്വേഷിക്കും. ഇതിനായി നാലംഗ സമിതിയെ നിയോഗിച്ചു. ആർ എം ഒ, നഴ്‌സിംഗ് ഓഫിസർ, സുരക്ഷാ തലവൻ, ഫോറൻസിക് വിദഗ്ധൻ എന്നിവർ ആണ് സമിതി അംഗങ്ങൾ. ഇവർ തയാറാക്കുന്ന റിപ്പോർട്ട് സർക്കാരിന് കൈമാറും. നിലവിലെ സുരക്ഷാ രീതി പുനഃപരിശോധിക്കാനാണ് തീരുമാനം. ആളുകളെ നിയന്ത്രിക്കുന്ന കാര്യത്തിലും നടപടി ഉണ്ടാകും.
ഇന്നലെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവമുണ്ടായത്. നഴ്സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സക്ക് എന്ന പേരിൽ കുഞ്ഞിനെ അമ്മയിൽ നിന്നും വാങ്ങിക്കൊണ്ട് പോകുകയായിരുന്നു. കുഞ്ഞിനൊപ്പം അമ്മയെ വിളിക്കാത്തത്തിൽ സംശയം തോന്നിയ രക്ഷിതാക്കൾ അൽപ്പ സമയത്തിനുള്ളിൽ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ കുഞ്ഞിനെ വാങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam