
കോഴിക്കോട്: 2018-19 വർഷത്തിലെ സർക്കാർ ആശുപത്രികൾക്കുള്ള കായകല്പ പുരസ്കാരത്തിൽ സംസ്ഥാനതലത്തിൽ ഗവ. ജനറൽ ആശുപത്രി വിഭാഗത്തിൽ കോഴിക്കോട് ബീച്ച് ആശുപത്രിയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ആശുപത്രിയിലും പരിസരത്തുമുള്ള ശുചിത്വം, അണുബാധ നിയന്ത്രണം രോഗികൾക്കുള്ള സൗകര്യം ഉറപ്പ് വരുത്തൽ, ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും പെരുമാറ്റം എന്നിവയാണ് കായകല്പ അവാർഡ് ലഭിക്കുന്നതിനുള്ള അംഗീകാരം.
ഈ മാനദണ്ഡങ്ങൾ കൈവരിക്കുന്നതിനായി ചിട്ടയായ പ്രവർത്തങ്ങളാണ് ആശുപത്രിയിൽ നടന്നുവന്നത്. ദേശീയ ആരോഗ്യ ദൗത്യം അനുവദിച്ച ഫണ്ട് വിനിയോഗിച്ചാണ് ആശുപത്രിയിൽ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. എല്ലാ വിഭാഗം ജീവനക്കാർക്കും നിരന്തരം പരിശീലനങ്ങൾ നൽകിയിരുന്നു. രോഗികളുടെ സംതൃപ്തി ഇതിൽ ഒരു ഘടകമായിരുന്നു. കൂടാതെ ആശുപത്രി പരിസരത്തുള്ള കടകളിലും ശുചിത്വ ബോധവത്കരണ പരിപാടികൾ നടത്തിയിരുന്നു. ജില്ലാ തലത്തിലുള്ള പരിശോധനകൾക്കു ശേഷം സംസ്ഥാന ക്വളിറ്റി അഷുറൻസ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പരിശോധനയിലാണ് ബീച്ചാശുപത്രിയെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്.
2019 ഒക്ടോബർ 11ന് ദില്ലിയില്‍ നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ പുരസ്‌കാരം നൽകി. കേരളത്തിൽ ജില്ലാ ജനറൽ ആശുപത്രികൾക്കുള്ള കായകല്പ പുരസ്‌കാരം നേടിയ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ പാലക്കാട് കോട്ടത്തറ ട്രൈബൽ സ്പെഷ്യൽ ആശുപത്രി എന്നിവയുടെ പ്രതിനിധികൾ പുരസ്‌കാരം സ്വീകരിച്ചു. കോഴിക്കോട് നിന്നും ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഉമ്മർ ഫാറുക്ക്, എൻഎച്ച്എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ നവീൻ എ, ക്വളിറ്റി അഷുറൻസ് ഓഫീസർ ടി ആർ സൗമ്യ എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.ചടങ്ങിൽ എൻ എച് എം സംസ്ഥാന ക്വളിറ്റി അഷുറൻസ് ഓഫീസർ ഡോ. അംജിത് കുട്ടി. എച്ച് ആർ മാനേജർ സുരേഷ് കെ എന്നിവർ പങ്കെടുത്തു. ഇരുപത് ലക്ഷം രൂപയാണ് സമ്മാനത്തുക.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam