ഇനി കോഴിക്കോട്ടെ നക്ഷത്ര ഹോട്ടലുകളില്‍ മുണ്ടുടുത്ത് പോകാം; വിജ്ഞാപനവുമായി കോര്‍പ്പറേഷന്‍

By Web TeamFirst Published Dec 31, 2019, 2:33 PM IST
Highlights

ഭക്ഷണ ശാലകളിലെ തോന്നുംപടിയുളള വിലനിലവാരം, സ്റ്റാര്‍ ഹോട്ടലുകളില്‍ മുണ്ടിനോടുളള അയിത്തം തുടങ്ങിയ പരാതികളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് കോഴിക്കോട് കോര്‍പറേഷന്‍ പ്രത്യേക വിജ്ഞാപനം പുറത്തിറക്കിയത്. 

കോഴിക്കോട്: ഭക്ഷണശാലകളിലെ ഗുണനിലവാരവും ശുചീകരണവും ഉറപ്പാക്കാനായി കോഴിക്കോട് കോര്‍പറേഷന്‍ വിജ്ഞാപനം പുറത്തിറക്കി. ഗുണമേന്‍മ കുറഞ്ഞതോ നിലവാരമില്ലാത്തതോ ആയ ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകളെ നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുത്തും. 19 ഇരിപ്പിടങ്ങളില്‍ കൂടുതലുളള ഹോട്ടലുകളില്‍ ശൗചാലയം ഉറപ്പാക്കണം. മുണ്ട് ഉള്‍പ്പെടെ തദ്ദേശീയ സംസ്കാരത്തിന്‍റെ ഭാഗമായ വസ്ത്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്നും വിജ്ഞാപനം വ്യക്തമാക്കുന്നു.

ഭക്ഷണ ശാലകളിലെ തോന്നുംപടിയുളള വിലനിലവാരം, സ്റ്റാര്‍ ഹോട്ടലുകളില്‍ മുണ്ടിനോടുളള അയിത്തം തുടങ്ങിയ പരാതികളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് കോഴിക്കോട് കോര്‍പറേഷന്‍ പ്രത്യേക വിജ്ഞാപനം പുറത്തിറക്കിയത്. കോഴിക്കോട് നഗരപരിധിയിലെ ഹോട്ടലുകളെ കര്‍ശനമായ പെരുമാറ്റച്ചട്ടത്തിനു കീഴില്‍ കൊണ്ടുവരുന്നതാണ് 1994ലെ കേരള മുന്‍സിപ്പാലിറ്റി ആക്ട് 334 എ, 447, 567 എന്നീ വകുപ്പുകള്‍ പ്രകാരം പുറത്തിറക്കിയ വിജ്ഞാപനം. 

വിജ്ഞാപനത്തിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെയാണ്.

ഭക്ഷണപദാര്‍ത്ഥങ്ങളുടെ ഗുണനിലവാരം, സൗകര്യം, എന്നിവ പരിഗണിച്ച് ഭക്ഷ്യവസ്തുക്കളുടെ വില നിശ്ചയിക്കാം. എന്നാല്‍ കൊടുക്കുന്ന സേവനങ്ങളെക്കാള്‍ കൂടിയ വില ഈടാക്കാന്‍ അനുവദിക്കില്ല.പ്രത്യേക വിഭാഗത്തില്‍ വരുന്ന ഹോട്ടലുകള്‍ക്ക് ഉയര്‍ന്ന നിരക്കീടാക്കാം, എന്നാല്‍ ഈ ഹോട്ടലുകള്‍ക്കും മാര്‍ക്കറ്റ് നിരക്കിനേക്കാള്‍ 100 ശതമാനത്തിലധികം ഈടാക്കണമെങ്കില്‍ പ്രത്യേക അനുമതി വേണം. 19 ഇരിപ്പിടത്തില്‍ കൂടുതലുളള ഭക്ഷണശാലകളില്‍ ശൗചാലയം നിര്‍ബന്ധമാണ്. 30 മുതല്‍ 40 വരെ ഇരിപ്പിടങ്ങളുളള ഭക്ഷണശാലകള്‍ക്ക് രണ്ട് ശൗചാലയങ്ങളും 40 മുതല്‍ 60 വരെ ഇരിപ്പിടങ്ങളുളള ഭക്ഷണശാലകള്‍ക്ക്3 ശൗചാലയങ്ങളും ഉറപ്പാക്കണം. അടുത്തിടെ കോഴിക്കോട്ടെ ഒരു നക്ഷത്ര ഹോട്ടലില്‍ മുണ്ടിന് വിലക്കേര്‍പ്പെടുത്തിയതു മുന്‍നിര്‍ത്തിയാണ് വസ്ത്ര ധാരണ രീതി സംബന്ധിച്ച നിര്‍ദ്ദേശം. ഉപഭോക്താക്കളുടെ വസ്ത്രധാരണ ക്രമങ്ങള്‍ നിജപ്പെടുത്താമെങ്കിലും അത് തദ്ദേശീയ സംസ്കാരത്തെയും കീഴ്വഴക്കങ്ങളെയും ലംഘിച്ചാകരുതെന്നും വിജ്ഞാപനം വിശദമാക്കുന്നു.

നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഭക്ഷണ ശാലകളെ നെഗറ്റീവ് പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇന്നലെ ചേര്‍ന്ന കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗമാണ് വിജ്ഞാപനം പാസാക്കിയത്. കോര്‍പറേഷന്‍ തീരുമാനത്തെക്കുറിച്ച് ഹോട്ടല്‍ ഉടമകള്‍ പ്രതികരിച്ചിട്ടില്ല.

click me!