Latest Videos

കോഴിക്കോട് നഗരത്തിൽ ഇനി പ്രകാശം നിറയും; തെരുവുവിളക്ക് സ്ഥാപിക്കാന്‍ പുതിയ പദ്ധതി

By Web TeamFirst Published Jun 30, 2019, 9:23 AM IST
Highlights

ഒരു ലൈറ്റ് പോയാല്‍ 48 മണിക്കൂറിനകം പുനസ്ഥാപിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. ഇല്ലെങ്കില്‍ കമ്പനി പിഴ നല്‍കേണ്ടി വരും. വിളക്ക് കത്താതായാൽ സെന്‍ട്രല്‍ മോണിറ്ററിംഗ് സിസ്റ്റം വഴി നഗരസഭയ്ക്കും കമ്പനിയ്ക്കും അറിയാൻ സാധിക്കും.

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ തെരുവുവിളക്കുകള്‍ മാറ്റി എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കാന്‍ പദ്ധതി. പുതിയ ലൈറ്റുകള്‍ സ്ഥാപിക്കാനും പരിപാലനത്തിനും പ്രതിമാസം 58 ലക്ഷം രൂപയോളമാണ് ചെലവ്. കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്മെന്‍റ് കോര്‍പറേഷനാണ് പദ്ധതി നടപ്പാക്കുക.

കോഴിക്കോട് നഗരത്തില്‍ 36,000ത്തോളം തെരുവുവിളക്കുകളുണ്ടെങ്കിലും ഇവയില്‍ പാതിയും കത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. ലൈറ്റുകള്‍ കേടായാല്‍ പുനസ്ഥാപിക്കാനും വലിയ താമസം വരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് തെരുവുവിളക്കുകളുടെ ചുമതലയത്രയും പത്തു വര്‍ഷത്തേക്ക് കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്മെന്‍റ് കോര്‍പറേഷന് നഗരസഭ കൈമാറുന്നത്. 

കമ്പനി നഗരത്തിലെ മുഴുവന്‍ ലൈറ്റുകളും പുനസ്ഥാപിക്കും. ഒരു ലൈറ്റ് പോയാല്‍ 48 മണിക്കൂറിനകം പുനസ്ഥാപിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. ഇല്ലെങ്കില്‍ കമ്പനി പിഴ നല്‍കേണ്ടി വരും. വിളക്ക് കത്താതായാൽ സെന്‍ട്രല്‍ മോണിറ്ററിംഗ് സിസ്റ്റം വഴി നഗരസഭയ്ക്കും കമ്പനിയ്ക്കും അറിയാൻ സാധിക്കും. പദ്ധതി നടപ്പാക്കാനായി ആറു കമ്പനികൾ താല്‍പര്യ പത്രം നല്‍കിയിരുന്നെങ്കിലും ഇ സ്മാര്‍ട്ട് എനര്‍ജി സൊല്യൂഷന്‍സ്, കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്മെന്‍റ് കോര്‍പറേഷന്‍ എന്നീ കമ്പനികളാണ് സാങ്കേതിക യോഗ്യത നേടിയത്. 

ഇതില്‍ ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്മെന്‍റ് കോര്‍പറേഷന് കരാര്‍ നല്‍കാന്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ അനുമതി ലഭിച്ച ശേഷമാകും കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുക. നിലവില്‍ 56 ലക്ഷത്തോളം രൂപയാണ് തെരുവുവിളക്കുകള്‍ മാറ്റുന്നതിനും മെയിന്‍റനന്‍സിനും വൈദ്യുതിക്കുമായി നഗരസഭ പ്രതിമാസം ചെലവിടുന്നത്. പുതിയ പദ്ധതിയനുസരിച്ച് രണ്ട് ലക്ഷത്തോളം ചെലവ് വര്‍ദ്ധിക്കുമെങ്കിലും ദീര്‍ഘകാലത്തേക്ക് ഈ കരാര്‍ ലാഭകരമെന്നാണ് നഗരസഭയുടെ വാദം.

click me!