ദുരന്ത നിവാരണത്തിന് കോഴിക്കോട്ടെ സ്‌കൂളുകളില്‍ കര്‍മ്മ സേന രൂപീകരിക്കും: കളക്‌ടർ

Published : Aug 14, 2019, 05:13 PM ISTUpdated : Aug 14, 2019, 05:26 PM IST
ദുരന്ത നിവാരണത്തിന് കോഴിക്കോട്ടെ സ്‌കൂളുകളില്‍ കര്‍മ്മ സേന രൂപീകരിക്കും: കളക്‌ടർ

Synopsis

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കുകേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തം കൂടിയാണെന്നും കലക്ടര്‍

കോഴിക്കോട്: പ്രളയ അതിജീവനത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ഹയര്‍ സെക്കന്ററി സ്‌കൂളുകളിലും ദുരന്തനിവാരണ കര്‍മ്മ സേന രൂപീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സാംബശിവറാവു പറഞ്ഞു. 'പ്രളയ അതിജീവനം' അധ്യാപക ശില്‍പശാല നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

"ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളിലും അവബോധം ഉണ്ടാകണം. അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതും പ്രധാനമാണ്. ജില്ലയില്‍ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധിയാളുകള്‍ മാനസികമായും സാമ്പത്തികമായും പ്രയാസമനുഭവിക്കുന്നുണ്ട്. ഇവരെ കണ്ടെത്തി സാന്ത്വനം നല്‍കാന്‍ നമുക്ക് കഴിയണം," കളക്ടർ പറഞ്ഞു.

"ജില്ലയിലെ എല്ലാ സ്‌കൂളുകളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമാണ്. അപകടാവസ്ഥയിലുള്ള സ്‌കൂള്‍ നില്‍ക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷ ഉറപ്പാക്കാനുള്ള നടപടി സ്വീകരിക്കും." മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കുകേണ്ടത് ഓരോരുത്തരുടെയും ഉത്തരവാദിത്തം കൂടിയാണെന്നും കലക്ടര്‍ പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍മാര്‍, കരിയര്‍ ഗൈഡന്‍സ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, എന്‍ എസ് എസ്, സൗഹൃദ കോര്‍ഡിനേറ്റര്‍മാരെയും ഏകോപിപ്പിച്ച് കൊണ്ട് പ്രളയ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുക എന്ന് ലക്ഷ്യമിട്ടാണ് ശില്‍പശാല സംഘടിപ്പിച്ചത്. ഡെപ്യൂട്ടി കലക്ടര്‍ ചെയര്‍മാനായുള്ള ഒരു മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഫയര്‍ ആന്റ് റസ്‌ക്യു, നിംഹാന്‍സ് എന്നിവയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് കോഴിക്കോട് ഇത്തരമൊരു സംവിധാനം നിലവില്‍ വരുന്നത്. 

ഹയര്‍ സെക്കന്‍ഡറി ആര്‍ഡിഡി കെ ഗോകുലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പ്രളയാനന്തര ജലജന്യരോഗ വ്യാപനത്തെക്കുറിച്ചും പ്രതിരോധത്തെക്കുറിച്ചും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി. ജയശ്രീയും  മാനസികാരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് നിംഹാന്‍സ് ഡയറക്ടര്‍ ഡോ. കൃഷ്ണകുമാറും അഗ്നിശമന രക്ഷാസേനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കോഴിക്കോട് സ്റ്റേഷന്‍ ഓഫീസര്‍ പി. അജിത്ത് കുമാറും ക്ലാസെടുത്തു. ഡപ്യൂട്ടി കളക്ടര്‍ സി ബിജു, അഡി. ഡിഎംഒ ഡോ. ആശാദേവി, നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഡോ. എ നവീന്‍, എന്‍എസ്എസ് ജില്ലാ ജോ. കോ-ഓര്‍ഡിനേറ്റര്‍ ഫൈസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ദുരന്തമുഖത്ത പെട്ടവരെ  രക്ഷിക്കുന്ന വിധത്തെക്കുറിച്ച് അഗ്നിശമന രക്ഷാസേന ഡെമോണ്‍സ്ട്രേഷനും നടത്തി. ഹയര്‍ സെക്കന്ററി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് വി ശ്രീജന്‍ സ്വാഗതവും കെ ബാബു നന്ദിയും പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അര്‍ധരാത്രി മഞ്ചേരി കോഴിക്കോട് റോഡില്‍ രണ്ട് യുവാക്കൾ; സംശയം തോന്നി പരിശോധിച്ചപ്പോൾ കിട്ടിയത് എംഡിഎംഎ
വീട്ടുകാരുമായി പിണങ്ങി 14 വർഷമായി ഓച്ചിറയിൽ, മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന 59കാരനായ തൊഴിലാളി മരിച്ചു