
കോഴിക്കോട് : ഓണാഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകളും ബോധവത്കരണ പ്രവര്‍ത്തനങ്ങളും ശക്തമാക്കി. ജൂലൈ 27 മുതല്‍ ആഗസ്റ്റ് 21 വരെ കോഴിക്കോട് ജില്ലയില്‍ 862 പരിശോധനകള്‍ നടത്തി. 220 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയതായും 22 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയതായും ഭക്ഷ്യസുരക്ഷാ അസി. കമീഷണര്‍ അറിയിച്ചു. 491 സാമ്പിളുകള്‍ ശേഖരിച്ചു. ഏഴ് കേസുകളില്‍ നിയമ നടപടികള്‍ക്കായി റിപ്പോര്‍ട്ട് ചെയ്തു. ഓണക്കാലത്ത് ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനവും വിതരണവും വിപണനവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഭക്ഷ്യ വ്യാപാരികളും സംരംഭകരും ഉപഭോക്താക്കളും സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതര്‍ അറിയിച്ചു.
ഭക്ഷ്യ വ്യാപാരികളും സംരംഭകരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:
ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം.
ഭക്ഷണം തയാറാക്കുന്ന സ്ഥലവും പരിസരവും പാത്രങ്ങളും ഉപകരണങ്ങളും വൃത്തിയായി സൂക്ഷിക്കുക.
ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ വ്യക്തിശുചിത്വം കര്‍ശനമായി പാലിക്കുകയും വൃത്തിയുള്ള വസ്ത്രങ്ങളും ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ഉപയോഗിക്കുകയും വേണം.
പാകം ചെയ്ത ഭക്ഷണവും അസംസ്‌കൃത ഭക്ഷ്യവസ്തുക്കളും പ്രത്യേകം സൂക്ഷിക്കണം. ഭക്ഷണം ശരിയായ താപനിലയില്‍ സൂക്ഷിക്കുകയും ദീര്‍ഘനേരം അന്തരീക്ഷ ഊഷ്മാവില്‍ വെച്ചശേഷം ഉപയോഗിക്കുന്നത് ഒഴിവാക്കുകയും വേണം.
കാലാവധി കഴിഞ്ഞതോ ഗുണനിലവാരത്തില്‍ സംശയമുള്ളതോ ആയ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കരുത്.
ഭക്ഷ്യവസ്തുക്കളില്‍ അനുവദനീയമല്ലാത്ത നിറങ്ങള്‍, രാസവസ്തുക്കള്‍ എന്നിവ ചേര്‍ക്കരുത്.
കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുകയും ഐസ് ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമായ ഉറവിടങ്ങളില്‍ നിന്നുള്ളതാണെന്ന് ഉറപ്പാക്കുകയും വേണം.
താല്‍ക്കാലിക ഭക്ഷ്യ സ്റ്റാളുകള്‍ നടത്തുന്നവര്‍ ടെമ്പററി ഫുഡ് സേഫ്റ്റി രജിസ്‌ട്രേഷന്‍ എടുക്കണം. ഇതിനായി FoSCoS പോര്‍ട്ടല്‍ വഴി രജിസ്‌ട്രേഷന്‍ എടുക്കാം.
ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്ത് വില്‍ക്കുന്നവര്‍ ഭക്ഷണം സൂക്ഷിക്കാന്‍ ഫുഡ്-ഗ്രേഡ് പ്ലാസ്റ്റിക് കണ്ടെയ്നറുകളും അലൂമിനിയം പാത്രങ്ങളും മാത്രമേ ഉപയോഗിക്കാവൂ. ഭക്ഷണം പൊതിയാന്‍ ന്യൂസ് പേപ്പര്‍, പ്രിന്റ് ചെയ്ത പേപ്പര്‍ തുടങ്ങിയവ ഉപയോഗിക്കരുത്. പാകം ചെയ്ത ഭക്ഷണം പാക്ക് ചെയ്യുമ്പോള്‍ ഭക്ഷണത്തിന്റെ ചൂട്, ഈര്‍പ്പം എന്നിവ പരിഗണിച്ച് അനുയോജ്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം.
വൃത്തിയും ശുചിത്വവും പാലിക്കുന്ന സ്ഥാപനങ്ങളില്‍നിന്ന് മാത്രം ഭക്ഷണം വാങ്ങുക.
സ്ഥാപനത്തിന്റെ ഭക്ഷ്യസുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ പരിശോധിക്കുക.
പാക്കറ്റ് ഭക്ഷണങ്ങളുടെ നിര്‍മാണ തീയതി, കാലാവധി, ലേബല്‍ വിവരങ്ങള്‍ പരിശോധിച്ച ശേഷം മാത്രം വാങ്ങുക. നിറം, മണം, രുചി എന്നിവയില്‍ അസ്വാഭാവികത തോന്നുന്ന ഭക്ഷണം കഴിക്കരുത്.
പാകം ചെയ്ത ഭക്ഷണം ദീര്‍ഘനേരം പുറത്തുവെച്ച ശേഷം കഴിക്കരുത്. മാംസം, മത്സ്യം, പാല്‍ ഉല്‍പന്നങ്ങള്‍, ക്രീം അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയുടെ സൂക്ഷിപ്പ് പ്രത്യേകം ശ്രദ്ധിക്കണം.
ഭക്ഷണം വാങ്ങിയ ശേഷം ശരിയായ രീതിയില്‍ സൂക്ഷിക്കുകയും കഴിയുന്നത്ര വേഗത്തില്‍ ഉപയോഗിക്കുകയും വേണം.
ഭക്ഷ്യവസ്തുക്കള്‍ക്ക് അനുയോജ്യമല്ലാത്ത പ്ലാസ്റ്റിക് വസ്തുക്കളില്‍ പാക്ക് ചെയ്ത് നല്‍കുന്ന സ്ഥാപനങ്ങളെക്കുറിച്ച് അധികൃതരെ അറിയിക്കണം.
ഭക്ഷ്യസുരക്ഷാ സംബന്ധമായ പരാതികളും സംശയങ്ങളും ടോള്‍ഫ്രീ നമ്പറായ 1800-425-1125 ല്‍ അറിയിക്കാം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam