കോഴിക്കോടിന്‍റെ 'സ്പന്ദനം' അന്തര്‍ദ്ദേശീയ ആയുഷ് കോണ്‍ക്‌ളേവിലേക്ക്

By Web TeamFirst Published Feb 11, 2019, 7:24 PM IST
Highlights

കുട്ടികളിലെ വളര്‍ച്ചാവൈകല്യം, മാനസികവളര്‍ച്ചയിലെ ബുദ്ധിമുട്ടുകള്‍, പഠന പെരുമാറ്റവൈകല്യം, സംസാര വൈകല്യം, ഓട്ടിസം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്

കോഴിക്കോട്: ജില്ലാ പഞ്ചായത്ത് പുറക്കാട്ടിരിയില്‍ എ സി ഷണ്‍മുഖദാസ് മെമ്മോറിയല്‍ ആയുര്‍വേദിക് ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് കെയര്‍ സെന്റര്‍ കേന്ദ്രമായി നടപ്പിലാക്കിവരുന്ന സ്പന്ദനം പദ്ധതി ഈ വര്‍ഷത്തെ അന്തര്‍ദ്ദേശീയ ആയുഷ് കോണ്‍ക്‌ളേവിലേക്ക് തെരഞ്ഞെടുത്തു. 2013 ലാണ് ജില്ലാ പഞ്ചായത്ത് ഭാരതീയ ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ പദ്ധതിക്ക് രൂപം കൊടുത്തത്. 

കുട്ടികളിലെ വളര്‍ച്ചാവൈകല്യം, മാനസികവളര്‍ച്ചയിലെ ബുദ്ധിമുട്ടുകള്‍, പഠന പെരുമാറ്റവൈകല്യം, സംസാര വൈകല്യം, ഓട്ടിസം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ ലഭ്യമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ആയുര്‍വേദ ചികിത്സയും സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷണല്‍ തെറാപ്പി, ഫിസിയോ തെറാപ്പി, യോഗ, ലേണിംഗ് അസ്സസ്സ്‌മെന്റ് ആന്‍ഡ് റെമഡിയല്‍ ട്രെയിനിംഗ് എന്നീ സംവിധാനങ്ങളും സമഗ്രമായി സമന്വയിപ്പിച്ചാണ് ചികിത്സ നല്‍കുന്നത്. എണ്‍പതിനായിരത്തോളം കുട്ടികളാണ് ഇതുവരെ പദ്ധതിയുടെ ഗുണഭോക്താക്കളായിട്ടുള്ളത്.

പുറക്കാട്ടിരി ആശുപത്രിക്കു പുറമെ ജില്ലയില്‍ വടകര, കുന്നുമ്മല്‍, പയ്യോളി, മുക്കം തലയാട്, കടലുണ്ടി, നൊച്ചാട് എന്നീ സ്ഥലങ്ങളിലെ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രികളിലും ആഴ്ച തോറും സ്പന്ദനം പദ്ധതിയുടെ സേവനം ലഭ്യമാണ്. രോഗാവസ്ഥ അനുസരിച്ച് കുട്ടികള്‍ക്കു പുറക്കാട്ടിരി ആശുപത്രിയില്‍ കിടത്തി ചികിത്സയും നല്‍കിവരുന്നു. കൂടാതെ മാസംതോറും പ്രധാന കേന്ദ്രത്തിലും മറ്റ് ഉപകേന്ദ്രങ്ങളിലും കുട്ടികളിലെ പഠന-പെരുമാറ്റ വൈകല്യങ്ങളെക്കുറിച്ചും മറ്റ് ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും ഡോക്ടര്‍മാരും അനുബന്ധ തെറാപ്പി ചികിത്സകരും രക്ഷിതാക്കള്‍ക്കു ക്‌ളാസ്സുകള്‍ നല്‍കിവരുന്നുണ്ട്.

കുട്ടികള്‍ക്ക് ഗ്രൂപ്പ് തെറാപ്പികളും എല്ലാ ആഴ്ചകളിലും പുറക്കാട്ടിരി ആശുപത്രിയില്‍ ലഭ്യമാണ്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഒരു വര്‍ഷം 70 ലക്ഷം രൂപയാണ് പദ്ധതിക്കുവേണ്ടി വിനിയോഗിച്ചുകൊണ്ടിരിക്കുന്നത്. 2019ലെ സംസ്ഥാന ബജറ്റില്‍ പുറക്കാട്ടിരിയിലെ എ.സി.ഷണ്‍മുഖദാസ് ചൈല്‍ഡ് ആന്‍ഡ് അഡോളസെന്റ് കെയര്‍ സെന്ററിന് രണ്ട് കോടി രൂപ അനുവദിച്ചതും സ്പന്ദനം പദ്ധതിയുടെ പ്രധാന നാഴികക്കല്ലാണ്.

സ്പന്ദനം പദ്ധതിയുടെ നടത്തിപ്പില്‍ ജില്ലാ പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള മികച്ച രീതിയിലുള്ള ഇടപെടല്‍ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും വലിയ പ്രചോദനമാണ്. കേരള സര്‍ക്കാറിന്റെ മികച്ച ആയുര്‍വേദ ഭിഷഗ്വരനുള്ള ചരക അവാര്‍ഡ് ജേതാവായ, ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസറായി വിരമിച്ച ഡോ:എന്‍.ശ്രീകുമാര്‍ നമ്പൂതിരിയാണ് സ്പന്ദനം പദ്ധതിക്കു രൂപം നല്‍കിയതും നേതൃത്വം നല്‍കിവരുന്നതും. കേരള സ്റ്റേറ്റ് സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ നേതൃത്വത്തില്‍ വിദഗ്ദ്ധസംഘം ആശുപത്രി സന്ദര്‍ശിച്ച് ആശുപത്രിയുടെയും സ്പന്ദനം പ്രോജക്ടിന്റെയും നടത്തിപ്പിനെക്കുറിച്ച് സമഗ്രമായി അപഗ്രഥിച്ച് പദ്ധതിയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചിരുന്നു.

2016 നവംബര്‍ 29നു നടന്ന പുതിയ പഞ്ചകര്‍മ്മ ബ്‌ളോക്കിന്റെ ഉദ്ഘാടനവേളയില്‍ ആരോഗ്യവകുപ്പു മന്ത്രി ശൈലജ ടീച്ചര്‍ ഘട്ടംഘട്ടമായി സ്ഥാപനത്തെ കുട്ടികളുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠന ഗവേഷണകേന്ദ്രമായി ഉയര്‍ത്തുമെന്നു അറിയിച്ചിരുന്നു. സ്റ്റേറ്റ് പ്‌ളാനിംഗ് ബോര്‍ഡ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു വിദഗ്ദ്ധ സംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ മികച്ച രീതിയില്‍ മുന്നേറുന്ന ആശുപത്രിയെ ഗവേഷണാടിസ്ഥാനത്തില്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന നിലയില്‍ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തണമെന്നു പരാമര്‍ശിച്ചിട്ടുണ്ട്. കൂടാതെ കുട്ടികള്‍ക്ക് ഏറെ ഗുണകരമായ സ്പന്ദനം പദ്ധതി സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും നടപ്പിലാക്കണമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്. 

click me!