ആവിക്കൽതോട്, കോതി മാലിന്യ പ്ലാന്റ് പദ്ധതി: നിർമ്മാണത്തിന് കൂടുതൽ സമയം ചോദിക്കുമെന്ന് മേയർ

By Web TeamFirst Published Jan 30, 2023, 4:48 PM IST
Highlights

കേന്ദ്ര സര്‍ക്കാരിന്‍റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 140 കോടി രൂപ ചെലവില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കോതിയിലും ആവിക്കല്‍ത്തോട്ടിലും ശുചിമുറി മാലിന്യ പ്ലാന്‍റ് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്

കോഴിക്കോട്: ആവിക്കല്‍തോട് കോതി ശുചിമുറി മാലിന്യ പ്ലാന്‍റുകളുടെ നിര്‍മാണത്തിനായി ഉന്നതാധികാര സമിതിയോട് കൂടുതല്‍ സമയം ചോദിക്കുമെന്ന് കോഴിക്കോട് മേയര്‍ ബീന ഫിലിപ്പ്. പദ്ധതിക്കെതിരായ പ്രതിഷേധം തുടരുകയും പദ്ധതിക്ക് അനുവദിച്ച സമയം മാര്‍ച്ച് 31ന് അവസാനിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.

കേന്ദ്ര സര്‍ക്കാരിന്‍റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 140 കോടി രൂപ ചെലവില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കോതിയിലും ആവിക്കല്‍ത്തോട്ടിലും ശുചിമുറി മാലിന്യ പ്ലാന്‍റ് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടത്. എന്നാല്‍ പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധം മൂലം രണ്ടിടത്തും നിര്‍മാണം തുടങ്ങാനായിട്ടില്ല. പദ്ധതിക്ക് അനുവദിച്ച സമയം മാര്‍ച്ച് 31 ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് നിര്‍മാണം തുടങ്ങാനാവാത്ത സാഹചര്യം ഉന്നാധികാര സമിതിയെ അറിയിക്കാനും കൂടുതല്‍ സമയം ചോദിക്കാനുമുളള കോഴിക്കോട് കോര്‍പറേഷന്‍റെ തീരുമാനം.

സമയം എത്ര അനുവദിച്ചാലും പദ്ധതി തുടങ്ങാന്‍ അനുവദിക്കില്ലെന്ന് ആവര്‍ത്തിക്കുകയാണ് സമരസമിതി. പദ്ധതി ജനവാസ മേഖലയില്‍ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും മുസ്ലീം ലീഗുമടക്കം പാര്‍ട്ടികള്‍ സമര സമിതിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

click me!