കോഴിക്കോടിന് അഭിമാന നിമിഷം; മുംബൈ ട്രൂ ഇന്ത്യൻ നവപ്രതിഭ പുരസ്‌കാരം നിളാനാഥിന്

By Web TeamFirst Published Jan 8, 2020, 6:35 PM IST
Highlights

ഇന്ത്യയിൽ 12 സംസ്ഥാനങ്ങളിലായി അറുപതോളം പ്രമുഖ വേദികളിൽ നിള നാഥ് ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവ അവതരിപ്പിച്ചിട്ടുണ്ട്.

കോഴിക്കോട്: വളർന്നുവരുന്ന നൃത്ത പ്രതിഭയെ പ്രോത്സാഹിപ്പിക്കാൻ മുംബൈ ട്രൂ ഇന്ത്യൻ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് സൊസൈറ്റി ഏർപ്പെടുത്തിയ നവപ്രതിഭ പുരസ്‌കാരം കക്കോടി സ്വദേശിനിയായ നർത്തകി നിളാനാഥിന്. ചേളന്നൂർ എ.കെ.കെ.ആർ ഗേൾസ് ഹയർ സെക്കൻറി സ്കൂളിൽ ഏഴാംതരം വിദ്യാർഥിനിയായ നിള ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യക്കകത്തും പുറത്തുമായി നിരവധി വേദികളിൽ നൃത്തമവതരിപ്പിച്ചിട്ടുണ്ട്. 

ഇന്ത്യയിൽ 12 സംസ്ഥാനങ്ങളിലായി അറുപതോളം പ്രമുഖ വേദികളിൽ നിള നാഥ് ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവ അവതരിപ്പിച്ചു. സദനം ശശിധരനിൽ നിന്ന് മൂന്നാം വയസ്സിൽ നൃത്തച്ചുവടുകൾ സ്വായത്തമാക്കിയ നിളകലാമണ്ഡലം സത്യവ്രതന്റെയും ശിഷ്യയാണ്. കുച്ചിപ്പുടിയിൽ ദേശീയ പുരസ്കാര ജേതാവായ സജേഷ് താമരശ്ശേരിയുടെയും ഭരതനാട്യത്തിൽ ഡോ. ഹർഷൻ സെബാസ്റ്റ്യൻ ആൻറണിയുടെയും മോഹിനിയാട്ടത്തിൽ പല്ലവി കൃഷ്ണെൻറയും കീഴിൽ നൃത്തം പരിശീലിക്കുകയാണ്.

ഛത്തിസ്ഗഢിൽ നടന്ന ദേശീയ നൃത്തോത്സവത്തിൽ ചൈൽഡ്‌ ആർട്ടിസ്റ്റ് അവാർഡും കോയമ്പത്തൂരിൽ നടന്ന ഓജസ് ഡാൻസ് ഫെസ്റ്റിൽ ബാല ഓജസി അവാർഡും ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് അസോസിയേഷൻ ദുബൈയിൽ നടത്തിയ ഡാൻസ് ഫെസ്റ്റിൽ നൃത്ത പ്രതിഭ അവാർഡും ബംഗളൂരുവിൽ നടന്ന നാഗതാരകം ഫെസ്റ്റൽ കലാകേളി അവാർഡും ലഭിച്ചു. 2019 ൽ ഒഡിഷയിൽ നടന്ന കലിംഗവാൻ നൃത്തോത്സവത്തിൽ കലാഭദ്ര അവാർഡും തെലങ്കാനയിൽ നടന്ന മത്സരത്തിൽ നാട്യമയൂരി അവാർഡും ഡെറാഡൂണിൽ നടന്ന മത്സരത്തിൽ കലാനിഷ്ഠ സമ്മാനവും ബനാറസ് യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഉജ്വൽ കലാസാധക് പുരസ്കാരവും ലഭിച്ചു.

മാധ്യമ പ്രവർത്തൻ എ. ബിജുനാഥിന്റെയും പരേതയായ ഷീബയുടെയും മകളാണ്. അനേഷ്ബദരീനാഥാണ് സഹോദരൻ. ഫെബ്രുവരി രണ്ടിന് ഞായറാഴ്ച്ച വൈകീട്ട് 5.30ന് ഡോംബിവില്ലി ഈസ്റ്റിലെ സർവേഷ് ഹാളിൽ സംഘടിപ്പിക്കുന്ന സമാദരം 2020 സാംസ്‌കാരിക പരിപാടിയിൽ അവാർഡ് സമ്മാനിക്കും.
 

click me!