കെഎസ്ആർടിസിക്ക് 'ക്ലീനിംഗ് ഡേ'; പണിമുടക്കിന് വേറിട്ട മുഖം നല്‍കി ഭിന്നശേഷിക്കാരായ കുട്ടികൾ

By Web TeamFirst Published Jan 8, 2020, 5:59 PM IST
Highlights

ഇങ്ങനെ വല്ലപ്പോഴും കിട്ടുന്ന അവധി ദിവസത്തിൽ വിശ്രമിക്കാൻ വരുന്ന ആനവണ്ടികളെ കഴുകി വ്യത്തിയാക്കി സുന്ദര കുട്ടപ്പന്മാരാക്കുകയാണ് ഈ കുട്ടികൾ

കോഴിക്കോട്: പണിമുടക്ക് ദിവസം കോഴിക്കോട്ടെ, കെഎസ്ആർടിസി ബസ്സുകൾ വൃത്തിയാക്കി ഭിന്നശേഷിക്കാരായ കുട്ടികൾ. പന്ത്രണ്ടോളം കുട്ടികളാണ് പണിമുടക്കിനെ വേറിട്ട രീതിയിൽ വരവേറ്റത്. റോ‍ഡുകളിൽ ചറപറാ പോകുന്ന ആനവണ്ടികളെ ഒതുക്കത്തിൽ കിട്ടണമെങ്കിൽ പണിമുടക്ക് ദിവസം വരണം. ഇങ്ങനെ വല്ലപ്പോഴും കിട്ടുന്ന അവധി ദിവസത്തിൽ വിശ്രമിക്കാൻ വരുന്ന ആനവണ്ടികളെ കഴുകി വ്യത്തിയാക്കി സുന്ദര കുട്ടപ്പന്മാരാക്കുകയാണ് ഈ കുട്ടികൾ.

കേരളത്തിലെ എല്ലാ ജില്ലകളിലെയും ചെളിയുണ്ടായിരുന്നു ബസില്‍. വെളളവും ബക്കറ്റും ബ്രഷുമായി കുട്ടികള്‍ പതിനഞ്ച് മിനിറ്റ് ആഞ്ഞുപിടിച്ചപ്പോഴേക്കും ബസ്സിന്‍റെ യഥാർത്ഥ നിറം പുറത്തു വന്നു.  ഈ ബസ്സിൻ ഇത്രയും നിറമുണ്ടായിരുന്നോയെന്ന ആശ്ചര്യത്തിലായി പിന്നീട് ജീവനക്കാരും. 

ആദ്യ വണ്ടി കഴുകി കളം വിട്ടപ്പോഴെക്കും അടുത്ത വണ്ടി റെഡി. ഒട്ടും ആവേശം ചോരാതെ കുട്ടികള്‍ വീണ്ടും പണിതുടര്‍ന്നു. ഇവർക്ക് പൂർണ പിന്തുണയുമായി രക്ഷിതാക്കളുമെത്തിയിരുന്നു. പണിമുടക്ക് ദിവസം വീട്ടിലിരിക്കുന്നവരോട് ഇവർക്ക് പറയാനുളളത് പണിമുടക്കിനെ എങ്ങനെ ജനോപകാരപ്രദമാക്കാമെന്നതിനെക്കുറിച്ചാണ്. അനുകരിക്കപ്പെടെണ്ട മാതൃകയാണ് ഈ കുട്ടികളെന്നത് തീര്‍ച്ച.

വീ‍ഡിയോ

"

click me!