
കോഴിക്കോട്: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ യൂട്യൂബറെ പൊലീസ് ബസ് തടഞ്ഞ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ചേവായൂര്‍ പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിലാണ് കക്കോടി മോരിക്കര സ്വദേശിയും യൂട്യൂബറുമായ ഫായിസ് മൊറൂലി(35)നെ പൊലീസ് സംഘം വിദഗ്ധമായി അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നടപടി.
മൂന്ന് മാസം മുന്‍പാണ് ഇയാള്‍ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതിന് ശേഷം ഒളിവില്‍ പോയ ഫായിസിനായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെ ഇയാള്‍ പതിമൂന്നിലേറെ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചതായാണ് ലഭിക്കുന്ന സൂചന. മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് പ്രതി ഇത്രയും നാള്‍ താമസിച്ചത്.
ഫായിസ് ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ മനസ്സിലാക്കിയ അന്വേഷണ സംഘം ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ കോഴിക്കോട് എത്തിയതായി സ്ഥിരീകരിച്ചു. എന്നാല്‍ പോലീസിന്റെ സാനിധ്യം മനസ്സിലാക്കിയ ഫായിസ് കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ നിന്ന് കഴിഞ്ഞ ദിവസം രാത്രി എറണാകുളത്തേക്കുള്ള ബസ്സില്‍ കയറുകയായിരുന്നു. പ്രതിയെ പിന്തുടര്‍ന്ന പൊലീസ് മലപ്പുറം വളാഞ്ചേരിയില്‍ വച്ച് ബസ് തടഞ്ഞ് ഫായിസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചേവായൂര്‍ ഇന്‍സ്‌പെക്ടര്‍ സജീവിന്‍റെ നേതൃത്വത്തില്‍ എഎസ്‌ഐ ബിന്ദു, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാകേഷ്, വിജ്‌നേഷ്, റോഷ്‌നി എന്നിവരുള്‍പ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നില്‍ ഹാജരാക്കിയ ഫായിസിനെ റിമാന്റ് ചെയ്തു.
Read More : ഭൂമി തർക്കം പരിഹരിക്കാനെത്തിയ വനിതാ എസ്ഐക്ക് നേരെ അമ്പെയ്തു, തലയോട്ടി തുളച്ച് കയറി; ഗുരുതര പരിക്കേറ്റു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam