പാസില്ലാതെ കോയമ്പത്തൂരില്‍ നിന്നും കോഴിക്കോടെത്തി; രണ്ട് വിദ്യാര്‍ഥിനികള്‍ക്കെതിരേ കേസ്

By Web TeamFirst Published Apr 18, 2020, 10:24 PM IST
Highlights

കോയമ്പത്തൂരില്‍ സ്വകാര്യകോളേജില്‍ പഠിക്കുന്ന അഴിയൂര്‍, കക്കോടി സ്വദേശിനികള്‍ക്കെതിരേയാണ് പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്.

കോഴിക്കോട്: കോയമ്പത്തൂരില്‍ നിന്ന് അനധികൃതമായി കോഴിക്കോട് ജില്ലയിലേക്ക് കടന്ന രണ്ട് വിദ്യാര്‍ഥിനികള്‍ക്കെതിരേ കേസെടുത്തു. കോയമ്പത്തൂരില്‍ സ്വകാര്യകോളേജില്‍ പഠിക്കുന്ന അഴിയൂര്‍, കക്കോടി സ്വദേശിനികള്‍ക്കെതിരേയാണ് പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചത്. ഇവരെ കോവിഡ് കെയര്‍ സെന്ററുകളിലേക്ക് മാറ്റി 28 ദിവസത്തെ കോറന്റൈനിലാക്കി.

പാസ് ഇല്ലാതെ യാത്ര തുടങ്ങിയ ഇവര്‍ പാലക്കാട് അതിര്‍ത്തിയില്‍ നിന്ന്  ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിരുന്നു. കൃത്യമായ മാനണ്ഡങ്ങളില്ലാത്തതിനാല്‍ ജില്ലയിലേക്ക് പ്രവേശിക്കുന്നതിന് അനുമതി നിഷേധിക്കുകയും തിരിച്ച് കോയമ്പത്തൂരിലേക്ക് തന്നെ മടങ്ങാന്‍ കലക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തു. 

ഇത് കൂടാതെ കോയമ്പത്തൂര്‍ കലക്ടറുമായി സംസാരിച്ച് അവര്‍ക്ക് തിരിച്ചു പോകാനും കോളെജില്‍ താമസിക്കാനും സൗകര്യം ഉറപ്പാക്കുകയും ചെയ്തിരുന്നു. ഇത് വകവയ്ക്കാതെയാണ് അനധികൃതമായി വിദ്യാര്‍ഥിനികള്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കുകയായിരുന്നു.

സംസ്ഥാനത്തിന് പുറത്ത് നിന്നും ജില്ലയിലേക്ക് പ്രവേശിക്കുന്നതിനും ജില്ലയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നതിനും വ്യക്തമായ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതില്‍ മൂന്ന് വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാത്രമേ യാത്രാനുമതി നല്‍കുകയുള്ളു. പാസില്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
 

click me!