മൂന്നാറിൽ സര്‍ക്കാര്‍ ഭൂമി കയ്യേറി കെഎസ്ഇബി; കോടതിയെ സമീപിക്കാൻ നാട്ടുകാർ

By Web TeamFirst Published Jun 26, 2020, 8:11 PM IST
Highlights

എന്‍ഒസിയില്ലാത്തെ കെഎസ്ഇബിയും സര്‍ക്കാര്‍ ഭൂമി കയ്യേറി വേലികെട്ടിത്തിരിക്കുന്നു. 20 ഏക്കര്‍ ഭൂമിയാണ് പളളിവാസല്‍ വിപുലീകരണ പദ്ധതിയുടെ മറവില്‍ കയ്യേറുന്നത്

ഇടുക്കി:  എന്‍ഒസിയില്ലാത്തെ കെഎസ്ഇബിയും സര്‍ക്കാര്‍ ഭൂമി കയ്യേറി വേലികെട്ടിത്തിരിക്കുന്നു. 20 ഏക്കര്‍ ഭൂമിയാണ് പളളിവാസല്‍ വിപുലീകരണ പദ്ധതിയുടെ മറവില്‍ കയ്യേറുന്നത്.  മൂന്നാറില്‍ ശുചമുറി കെട്ടുന്നതിനുപോലും ജില്ലാ കളക്ടറുടെ എന്‍ഒസി വാങ്ങണമെന്ന് വ്യവസ്ഥ നിലനില്‍ക്കുമ്പോഴാണ് പകല്‍ വെളിച്ചത്തില്‍ കയ്യേറ്റം നടത്തുന്നത്.

3-6-2019 ല്‍ ഹെഡ്‌വര്‍ക്‌സ് ടണല്‍ മൂന്നാര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ദേവികുളം സബ് കളക്ടര്‍ക്ക് ഭൂമിയില്‍ വേലികെട്ടുന്നതിന് എന്‍ ഒ സി നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. ഭൂമിയിലെ അനധിക്യത കൈയ്യേറ്റം തടയുന്നതിനും ഭൂമി സംരക്ഷിക്കുന്നതിനും വേലി നിര്‍മ്മിക്കേണ്ടത് അനിവാര്യമാണെന്ന് കാട്ടിയാണ് കത്ത് നല്‍കിയത്. 

എന്നാല്‍ നിലവില്‍ നിയമാനുസൃതമായ അനുമതി നല്‍കേണ്ടത് ജില്ലാ കളക്ടറാണെന്നും ഭൂമിയുടെ രേഖകള്‍ സഹിതം കളക്ടറെ സമീപിക്കണമെന്നും സബ് കളക്ടര്‍ മറുപടി നല്‍കി. എന്നാല്‍ കത്തിന്റെ മറവില്‍ റവന്യുഭൂമിയടക്കം കൈയ്യേറി കെഎസ്ഇബി അധിക്യതര്‍ വേലി നിര്‍മ്മിക്കുകയാണ്. ഓഫീസിന് സമീപത്തെ വന്‍മലയടക്കം വേലികെട്ടിതിരിക്കുന്നത് മൂന്നാറിന്റെ വികസനത്തിന് തിരിച്ചടിയാകുമെന്നാണ് ആരോപണം. 

സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും പരാതി ലഭിക്കാതെ നിയമനടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് സ്‌പെഷ്യൽ തഹസില്‍ദ്ദാരടക്കമുള്ളവർ. വേലിതന്നെ വിളവുതിന്നുമ്പോള്‍ അതൊന്നും കണ്ടില്ലെന്ന് നടിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.  

click me!