
കോഴിക്കോട്: അനധികൃതമായി വൈദ്യുതി ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് സ്വകാര്യ വ്യക്തി നല്‍കിയ വിവരാവകാശ അപേക്ഷയില്‍ ഉചിതമായ മറുപടി നല്‍കാത്തതിനെ തുടര്‍ന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംസ്ഥാന വിവരാവകാശ കമ്മീഷനാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കെ.എസ്.ഇ.ബി വെസ്റ്റ്ഹില്‍ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കാണ് ഇതുസംബന്ധിച്ച നോട്ടീസ് അയച്ചിരിക്കുന്നത്.
ഈസ്റ്റ്ഹില്ലിലെ സര്‍ക്കാര്‍ ഭൂമി കൈയ്യേറി പൂജ നടത്താന്‍ അടുത്തവീട്ടില്‍ നിന്ന് അനധികൃതമായി വൈദ്യുതി ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടി വെസ്റ്റ്ഹില്‍ സ്വദേശി ആര്‍. അജയകുമാര്‍ ഉദ്യോഗസ്ഥന് വിവരാവകാശ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കൃത്യമായ മറുപടി ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ സംസ്ഥാന വിവരാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നുവെന്ന് പരാതിക്കാരന്‍ പറഞ്ഞു. ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് കേസ് നടന്നുകൊണ്ടിരിക്കേയാണ് പൂജ നടന്നതെന്നും പരാതിക്കാരന്‍ പറയുന്നു.
അപേക്ഷയും അതിന് നല്‍കിയ മറുപടികളും 15 ദിവസത്തിനകം കമ്മീഷന് മുന്‍പാകെ സമര്‍പിക്കണമെന്നും എസ്.പി.ഐ.ഒ, അപ്പീല്‍ അധികാരികള്‍ എന്നിവരെ ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ രേഖപ്പെടുത്തണമെന്നും നോട്ടീസില്‍ പരാമര്‍ശിച്ചിട്ടുണ്ട്. വീഴ്ച വരുത്തിയാല്‍ കമ്മീഷന്‍ മുന്‍പാകെ ഹാജരാകണം എന്നും നിര്‍ദേശിച്ചിതായി പരാതിക്കാരന്‍ പറഞ്ഞു.