ഓണ്‍ലൈനില്‍ പണമടച്ചിട്ടും വൈദ്യുതി ബന്ധം വിച്ഛേദിച്ചു; കെഎസ്ഇബിയ്ക്കെതിരെ ബേക്കറി ഉടമ

By Web TeamFirst Published Sep 26, 2019, 8:52 PM IST
Highlights

കാക്കാഴം കക്കാട്ടു പാറലില്‍ നിസാറിന്റെ മകന്‍ ഉനൈസിന്റെ ഉടമസ്ഥതയില്‍ വളഞ്ഞ വഴി ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന സി.എം ബേക്കറിയുടെ വൈദ്യുതിബന്ധമാണ് അമ്പലപ്പുഴ കെ എസ് ഇ ബി അധികൃതര്‍ വിഛേദിച്ചത്. 

അമ്പലപ്പുഴ: ഓണ്‍ലൈനില്‍ പണമടച്ചിട്ടും ബേക്കറിയുടെ വൈദ്യുതി ബന്ധം കെ എസ് ഇ ബി വിച്ഛേദിച്ചു. കടയുടമക്ക് വന്‍ സാമ്പത്തിക നഷ്ടം. കാക്കാഴം കക്കാട്ടു പാറലില്‍ നിസാറിന്റെ മകന്‍ ഉനൈസിന്റെ ഉടമസ്ഥതയില്‍ വളഞ്ഞ വഴി ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന സി.എം ബേക്കറിയുടെ വൈദ്യുതിബന്ധമാണ് അമ്പലപ്പുഴ കെ എസ് ഇ ബി അധികൃതര്‍ വിഛേദിച്ചത്. ഈ മാസം 21 ആയിരുന്നു പണമടക്കാനുള്ള അവസാന തീയതി. 17000 ഓളം രൂപയായിരുന്നു വൈദ്യുതി ബില്‍. 

എന്നാല്‍ ഉനൈസിന്റെ ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലായതിനാല്‍ പണമടക്കാന്‍ കഴിഞ്ഞില്ല. ബുധനാഴ്ച വൈകിട്ട് കെ എസ് ഇ ബി ജീവനക്കാര്‍ വൈദ്യുതിബന്ധം വിച്ഛേദിക്കാനെത്തിയപ്പോള്‍ ഉനൈസ് പണമടക്കാന്‍ കെഎസ്ഇബി ഓഫീസിലെത്തി. പതിനായിരം രൂപ അപ്പോള്‍ അടക്കാമെന്നും ബാക്കി തുക വ്യാഴാഴ്ച രാവിലെ അടക്കാമെന്നും പറഞ്ഞു. വൈദ്യുതി ബന്ധം വിച്ഛേദിച്ചാല്‍ കടയിലെ സാധനങ്ങള്‍ ഉപയോഗശൂന്യമാകുമെന്നും കടയുടമ പറഞ്ഞെങ്കിലും ഇതംഗീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. 

തുടര്‍ന്ന് വൈകിട്ട് ആറോടെ മുഴുവന്‍ തുകയും ഇദ്ദേഹം ഓണ്‍ലൈനായി അടച്ചു. ഇതിനു ശേഷം 6.15 ഓടെ ജീവനക്കാര്‍ പോസ്റ്റില്‍ നിന്ന് കടയിലേക്കുള്ള വൈദ്യുതി ബന്ധം വിഛേദിക്കുകയായിരുന്നു.ഇതോടെ കടയിലുണ്ടായിരുന്ന പാല്‍, ഐസ് ക്രീം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഉപയോഗശൂന്യമായതോടെ പതിനയ്യായിരം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്ന് ഉനൈസ് പറഞ്ഞു. വൈകിട്ട് 6ന് ശേഷം വൈദ്യുതി ബന്ധം വിഛേദിക്കരുതെന്നും പണമടക്കാന്‍ ഇളവു നല്‍കണമെന്നുമാണ് ചട്ടം. 

പണം അടച്ച ശേഷവും വൈദ്യുതബന്ധം വിഛേദിച്ച  ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അമ്പലപ്പുഴ പോലീസിനു നല്‍കിയ പരാതിയില്‍ ഉനൈസ് ആവശ്യപ്പെട്ടു. പണമടക്കാന്‍ പല തവണ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നും പണമടക്കാതെ വന്നതോടെ ബുധനാഴ്ച പകല്‍ 11 ഓടെയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്ന് കെ എസ് ഇ ബി അധികൃതർ പറഞ്ഞു. ഇതിനുശേഷവും കടയുടമ മീറ്ററില്‍ നിന്ന് നേരിട്ട് വൈദ്യുതിയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോസ്റ്റില്‍ നിന്ന് വൈദ്യുതി ബന്ധം വിഛേദിച്ചത്. മോഷണത്തിന് തുല്യമായ കുറ്റമാണ് ഉടമ ചെയ്തത്. ബുധനാഴ്ച വൈകിട്ട് വരെ പണമടക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നുവെന്നും കെ എസ് ഇ ബി അധികൃതര്‍ പറഞ്ഞു.

click me!