'നമ്മുടെ നെല്ല് നമ്മുടെ അന്നം'; കൊയ്ത്തുപാടം ഉത്സവമാക്കി കുട്ടികളുടെ പുതിയ പഠനം

By Web TeamFirst Published Sep 26, 2019, 6:59 PM IST
Highlights
  • ഓരോ സ്ക്കൂളിൽ നിന്നും മൂന്നു പേരെ വീതമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്
  • ഇവർക്ക് കൃഷി സംബന്ധിച്ച ക്ലാസ്സുകൾ നൽകും
  • ഒപ്പം പാടത്തിറക്കി പ്രാക്ടിക്കലും നൽകും

തൊടുപുഴ: വിദ്യാര്‍ത്ഥികളെ നെല്‍ക്കൃഷി പഠിപ്പിക്കാൻ കൃഷി വകുപ്പിൻറെ പുതിയ പദ്ധതി ആരംഭിച്ചു.  ഓരോ പഞ്ചാത്തിലും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളെ ഞാറു നടീൽ മുതൽ കൊയ്ത്തു വരെ പഠിപ്പിക്കാനാണ് കൃഷി വകുപ്പിന്‍റെ തീരുമാനം. വിദ്യാഭ്യാസ വകുപ്പിന്‍റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

സംസ്ഥാനത്ത് അന്യമായിക്കൊണ്ടിരിക്കുന്ന നെൽക്കൃഷി തിരികെ കൊണ്ടു വരാനുള്ള പരിശ്രമത്തിലാണ് കൃഷിവകുപ്പ്. നമ്മുടെ നെല്ല് നമ്മുടെ അന്നം എന്നാതാണ് മുദ്രാവാക്യം. ഓരോ സ്ക്കൂളിൽ നിന്നും മൂന്നു പേരെ വീതമാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇവർക്ക് കൃഷി സംബന്ധിച്ച ക്ലാസ്സുകൾ നൽകും. ഒപ്പം പാടത്തിറക്കി പ്രാക്ടിക്കലും നൽകും. ഇടുക്കിയിലെ എല്ലാ പഞ്ചായത്തുകളിലും വിദ്യാർത്ഥികൾ കൃഷിക്കാർക്കൊപ്പം പാടത്തിറങ്ങി ഞാറു നട്ടു.

ഞാറു വളരുന്നതിനനുസരിച്ച് വളമിടീലും കീടനാശിനി പ്രയോഗവും കളപറിക്കലുമെല്ലാം വിദ്യാർത്ഥികളെ പരിശീലിപ്പിക്കും. പരിപാടിയുടെ ഭാഗമായി പാൽത്തോണി, രക്തശാലി, വെളളരിയൻ, ജീരകശാല തുടങ്ങി 54 ഇനം നാടൻ നെല്‍വിത്തുകളുടെയും കൃഷി ഉപകരണങ്ങളുടെയും പ്രദർശനവും തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടത്തി. കേരളത്തില്‍ അപൂര്‍വ്വമായി കാണുന്ന കാട്ടുനെല്‍ച്ചെടിയും പ്രദര്‍ശനത്തിലുണ്ടായിരുന്നു.

click me!