
തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ കെ എസ് ഇ ബി ലൈൻമാന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ലൈംഗിക അതിക്രമ കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന ആറ്റിങ്ങൽ ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി, ജില്ലാ ജഡ്ജി ടി പി പ്രഭാഷ് ലാൽ ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. മുട്ടുക്കോണം സ്വദേശി അജീഷ് കുമാറിനെ ആണ് കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്.
2016 ഏപ്രിൽ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് സമീപം വൈദ്യുതി കണക്ഷൻ ശരിയാക്കാനെത്തിയ ലൈൻമാൻ കുട്ടിയുടെ വീട്ടിൽ ആരുമില്ലെന്ന് മനസ്സിലാക്കുകയും അതിക്രമിച്ച് കയറി പെൺകുട്ടിയോട് ലൈംഗിക അതിക്രമം കാണിക്കുകയും ചെയ്തെന്നതാണ് പ്രോസിക്യൂഷൻ കേസ്. സഹപ്രവർത്തകനും പ്രതിയെ നേരിൽ കണ്ടെന്ന് മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നൽകിയ സമീപവാസികളും ഉൾപ്പെടെ പ്രധാന സാക്ഷികൾ കോടതിയിൽ കൂറുമാറിയിരുന്നു.
കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം തടയുന്ന നിയമത്തിലെ വകുപ്പുകൾ പ്രകാരം പ്രതിക്ക് മൂന്നു വർഷം കഠിനതടവും, 20,000 രൂപ പിഴ ശിക്ഷയും, വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്ന കുറ്റത്തിന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ വകുപ്പുകൾ പ്രകാരം മൂന്നു മാസം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. 20,000 രൂപ പിഴത്തുക കെട്ടിവെക്കുന്നപക്ഷം അത് നഷ്ടപരിഹാരമെന്ന നിലക്ക് അതിജീവിതക്ക് നൽകണമെന്നും പിഴത്തുക കെട്ടിവെക്കാൻ വീഴ്ച വരുത്തുന്ന സാഹചര്യത്തിൽ പ്രതി ആറുമാസം കഠിനതടവ് കൂടുതലായി അനുഭവിക്കണമെന്നും വിധിയിലുണ്ട്. ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നും വിചാരണത്തടവുകാലം ശിക്ഷായിളവിന് അർഹതയുണ്ടെന്നും വിധിയിൽ പറയുന്നു.
പള്ളിക്കൽ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന കിരണാണ് അന്വേഷണം നടത്തിയത്. കേസിൽ പ്രോസിക്യൂഷൻ 12 സാക്ഷികളെ വിസ്തരിക്കുകയും 18 രേഖകൾ തെളിവായി നൽകുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എം മുഹസിൻ ഹാജരായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam