ശരീരത്തിലെ മുറിവുകൾക്ക് പരമാവധി നാലു ദിവസത്തെ പഴക്കം മാത്രമാണുള്ളതെന്നും വൈദ്യ പരിശോധനാഫലത്തിൽ വ്യക്തമായിട്ടുണ്ട്

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് കാര്യമായ പൊള്ളൽ ഏറ്റിട്ടില്ലെന്ന് വൈദ്യ പരിശോധനാഫലം. രണ്ട് കൈകളിൽ മാത്രമാണ് നേരിയ പൊള്ളൽ ഉള്ളത്. പൊള്ളൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നാണ് വൈദ്യ പരിശോധനാഫലം പറയുന്നത്. ശരീരം നിറയെ ഉരഞ്ഞ പാടുകളുണ്ട്. മുഖത്തിന്‍റെ ഇടത് ഭാഗത്ത് ഉരുഞ്ഞുണ്ടായ പരിക്ക് കാരണം കണ്ണിൽ വീക്കമുണ്ട്. എന്നാൽ കാഴ്ചയ്ക്ക് തകരാറില്ല. ഇടതുകൈയിലെ ചെറുവിരലിന് ചെറിയ മുറിവുണ്ട്. ശരീരത്തിലെ മുറിവുകൾക്ക് പരമാവധി നാലു ദിവസത്തെ പഴക്കം മാത്രമാണുള്ളതെന്നും വൈദ്യ പരിശോധനാഫലത്തിൽ വ്യക്തമായിട്ടുണ്ട്. മുറിവുകൾ എല്ലാം ട്രെയിനിൽ നിന്ന് ചാടിയപ്പോൾ ഉണ്ടായതാവാം എന്നാണ് ഫോറൻസിക് പരിശോധന നടത്തിയ വിദഗ്ധരുടെ നിഗമനം.

രാഹുൽ ഗാന്ധിക്ക് 'പണി' വയനാട്ടിലും! എംപി ഓഫീസിലെ ടെലഫോൺ - ഇന്‍റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചു; പിന്നാലെ പ്രതികരണം

അതേസമയം ഷാറൂഖ് സെയ്ഫിയെ റിമാൻഡ് ചെയ്യിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. ഇന്നലെ കോഴിക്കോട്ടെത്തിച്ച പ്രതിക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ സെല്ലിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പ്രതിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നതിനു ശേഷമായിരിക്കും ആകും ഡിസ്ചാര്‍ജ്ജ് തീരുമാനിക്കുക കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് എസ് വി മനേഷ് മെഡിക്കല്‍ കോളേജിലെത്തും. റിമാന്‍ഡില്‍ തീരുമാനം ആയ ശേഷമായിരിക്കും അന്വേഷണസംഘം കസ്റ്റഡി അപേക്ഷ സമർപ്പിക്കുക.

അതിനിടെ ഷാറൂഖിന്‍റെ ദില്ലിയിലെ ബന്ധുക്കളെയും കേരള പൊലീസ് സംഘം ചോദ്യം ചെയ്തിരുന്നു. കേരളത്തിലേക്ക് ഒറ്റയ്ക്കാണോ സംഘമായിട്ടാണോ യാത്ര നടത്തിയത് എന്നത് സ്ഥിരീകരിക്കാനായിട്ടില്ല. കാണാതായ ദിവസം മകൻ ബൈക്കിൽ കയറി പോയി എന്ന അമ്മയുടെ മൊഴി പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. പൊതുവേ ശാന്തൻ എങ്കിലും ചില സാഹചര്യങ്ങളിൽ ആക്രമ സ്വഭാവം കാണിച്ചിരുന്നതായാണ് വിവരം.