
ഇടുക്കി: കെഎസ്ഇബിയുടെ എതിർപ്പ് മൂലം പതിറ്റാണ്ടുകളായി തടസ്സപ്പെട്ടു കിടക്കുകയാണ് ഇടുക്കി ജില്ല പഞ്ചായത്തിന് കിട്ടേണ്ട ഭൂമിയുടെ കൈമാറ്റം. ജില്ല ആസ്ഥാന വികസനത്തിന് ഉപയോഗിക്കേണ്ട നൂറേക്കറോളം ഭൂമിയാണ് അനാവശ്യ തർക്കംമൂലം കാടുപിടിച്ചു കിടക്കുന്നത്. ഇടുക്കി ജില്ല ആസ്ഥാനത്തിൻറെ വികസനത്തിനായി 1980 ൽ 474 ഹെക്ടർ ഭൂമി ഇടുക്കി വികസന അതോറിട്ടിക്ക് കൈമാറാൻ സർക്കാർ ഉത്തരവിട്ടിരുന്നു. വനംവകുപ്പിൻറെ എതിർപ്പ് മൂലം കൈമാറ്റം നടന്നത് 96 ലാണ്. 2007 ൽ ഇടുക്കി വികസന അതോറിട്ടി പിരിച്ചു വിട്ട് സ്ഥലം ജില്ല പഞ്ചായത്തിന് കൈമാറി. കെഎസ്ഇബിക്ക് വനംവകുപ്പ് പാട്ടത്തിന് നൽകിയിരുന്ന നൂറ് ഏക്കറോളം സ്ഛലം ഉൾപ്പെടെയാണ് കൈമാറിയത്.
ഇതൊഴിച്ചുള്ള സ്ഥലം ജില്ല പഞ്ചായത്ത് വിവിധ വകുപ്പുകൾക്ക് കൈമാറി കെട്ടിടങ്ങളും പണിതു. എന്നാൽ കെഎസ്ഇബിയുടെ കൈവശമുള്ള സ്ഥലം കൈമാറാൻ ഇതുവരെ തയ്യാറായിട്ടില്ല. വനംവകുപ്പിന് പാട്ടം നൽകുന്ന സ്ഥലമായതിനാൽ വിട്ടുകൊടുക്കാനാവില്ലെന്നാണ് കെഎസ്ഇബി നിലപാട്. 2019 ൽ ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പന്ത്രണ്ട് ഹെക്ടർ ഒഴികെയുള്ളത് ജില്ല പഞ്ചായത്തിന് കൈമാറാൻ തീരുമാനമായി. ഇതിനായി കെഎസ്ഇബി പണിത കെട്ടിടങ്ങളുടെ നഷ്ട പരിഹാരമായി 29 ലക്ഷം രൂപയും അടച്ചു. തീരുമാനം ഹൈപവർ കമ്മറ്റിയുടെ അംഗീകാരത്തിനു സമർപ്പിച്ചപ്പോൾ കെഎസ്ഇബി വീണ്ടും തർക്കവുമായി എത്തിയതിനാൽ ആറു വർഷം കഴിഞ്ഞിട്ടും കൈമാറ്റം നടന്നിട്ടില്ല. പ്രശ്ന പരിഹാരത്തിനായി കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലും കെഎസ്ഇബി നിലപാട് മാറ്റിയില്ല.
തർക്കത്തിലുളള സ്ഥലത്തിൽ ഭൂരിഭാഗവും കാടു പിടിച്ചു കിടക്കുകയാണ്. കെട്ടിടങ്ങളെല്ലാം ഇടിഞ്ഞു വീഴാറായി. ചെറുതോണി ടൗണിനടുത്ത് സ്ഥിതി ചെയ്യുന്ന 75 ഏക്കറോളം വരുന്ന ഈ സ്ഥലം വിട്ടു കിട്ടിയാൽ ജില്ല പഞ്ചായത്തിന് വിവിധ വികസന പ്രവർത്തനങ്ങൾ ചെയ്യാനാകും. ഫയൽ മുഖ്യമന്ത്രിക്ക് കൈമാറാൻ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ ധാരണയായിട്ടുണ്ട്.