
പത്തനംതിട്ട: പത്തനംതിട്ട കുമ്പനാടിനെ നടുക്കി കെ എസ് ഇ ബി ജോലിക്കിടെ തൊഴിലാളി വൈദ്യുതി ലൈനിൽ കുടുങ്ങി. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയായ അൻവർ അലിയാണ് കെ എസ് ഇ ബിയുടെ ജോലിക്കിടെ വൈദ്യുതി ലൈനിൽ കുടുങ്ങിയത്. പശ്ചിമ ബംഗാൾ സ്വദേശിയായ അൻവർ അലി ജോലിക്കിടെ വൈദ്യുതാഘാതം ഏറ്റ് ലൈനിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഏറെ പരിശ്രമത്തിനു ശേഷമാണ് ഗുരുതരാവസ്ഥയിലായ അൻവർ അലിയെ പുറത്തെടുത്തത്. ഫയർഫോഴ്സ് എത്തും മുൻപേ നാട്ടുകാർ തന്നെ ഇയാളെ പുറത്തെടുത്തിരുന്നു. വൈദ്യുതി ലൈനിൽ കുടുങ്ങിയപ്പോൾ രക്തസമ്മർദ്ദം കൂടി അൻവർ അലിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി. പുറത്തെത്തിച്ച ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നാണ് വ്യക്തമാകുന്നത്.
അതിനിടെ പുറത്തുവന്ന മറ്റൊരു വാർത്ത മാവേലിക്കരയിൽ അമ്മയുടെ വീട്ടില്‍ വേനലവധിക്കാലം ചെലവഴിക്കാന്‍ എത്തിയ ആറ് വസുകാരന്‍ ഷോക്കേറ്റ് മരിച്ചു എന്നതാണ്. തിരുവല്ല പെരിങ്ങരയില്‍ ഹാബേല്‍ ഐസക്കിന്റെയും ശ്യാമയുടേയും മകന്‍ ഹമീന്‍ (6) ആണ് മരിച്ചത്. ശ്യാമയുടെ ചെട്ടികുളങ്ങരയിലെ വീട്ടില്‍ വച്ചായിരുന്നു അപകടം. വീടിന്‍റെ ഭിത്തിയുടെ അരികെ കുഴിയാനയെ പിടിച്ചു കളിക്കുകയായിരുന്നു ഹമീൻ. വഴിയാത്രക്കാരാണ് ഹമീന്‍ വീണുകിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുക്കാനായില്ല. എര്‍ത്ത് വയറില്‍ പിടിച്ചതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കെഎസ്ഇബി സെക്‌ഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. സോക്കറ്റിലെ ഷോർട്ട് സർക്യൂട്ട് മൂലം ലൈവ് വയറിൽ നിന്ന് എർത്തിലേക്ക് വൈദ്യുതി പ്രവഹിച്ചെന്ന് വൈദ്യുതി ബോർഡ് ചീഫ് സെക്യൂരിറ്റി ഓഫീസറുടെ റിപ്പോർട്ടിൽ പറയുന്നു. ഹാമിനും സഹോദരിയും ഒരാഴ്ച മുൻപാണ് അമ്മ വീട്ടിൽ അവധിക്കാലം ആഘോഷിക്കാനെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം