
കൊല്ലം: കെഎസ്ആർടിസി ബസിൽ ശാരീരികാസ്വാസ്ഥ്യമുണ്ടായ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി. ചികിത്സ കിട്ടാതെ അറുപത്തിരണ്ടുകാരന് ദാരുണാന്ത്യം. പിറവന്തൂർ ചെമ്പനരുവി കടമ്പുപാറ ചതുപ്പിൽ വീട്ടിൽ നാരായണൻ ആണ് ചികിത്സ കിട്ടാതെ മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.രാവിലെ പുനലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സതേടിയ ശേഷം ഉച്ചയ്ക്ക് 1.30ന് പുനലൂരിൽ നിന്ന് അച്ചൻകോവിലിലേക്കുള്ള ബസിൽ മടങ്ങുകയായിരുന്നു.
ബസ് മഹാദേവർമണ്ണിലെത്തിയപ്പോൾ നാരായണന് അസ്വസ്ഥത അനുഭവപ്പെട്ടു. കയിലിരുന്ന ഗുളിക കഴിച്ചെങ്കിലും കുറച്ചു ദൂരം കൂടി പിന്നിട്ടതോടെ കടുത്ത ശ്വാസംമുട്ടലുണ്ടായി. കോട്ടക്കയം അമ്പലത്തിനുസമീപത്തെത്തിയപ്പോൾ ശരീരം തളർന്നു വീഴുന്ന അവസ്ഥയിലേക്കെത്തിയ നാരായണൻ ബസിൽ നിന്ന് ഇറങ്ങുകയായിരുന്നു. ബസിൽ നിന്നിറങ്ങി മണിക്കൂറുകളോളം റോഡരികിൽ കിടന്നിട്ടും ആരും ആശുപത്രിയിൽ എത്തിച്ചില്ല. ഒടുവിൽ ഇതുവഴി എത്തിയ വനംവകുപ്പിന്റെ വാഹനത്തിൽ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഓലപ്പാറ എത്തും മുമ്പ് മരണം സംഭവിക്കുകയായിരുന്നു .
ആദ്യമെത്തിയ വനം വകുപ്പ് വാഹനത്തിൽ സ്ഥലമില്ലെന്നു പറഞ്ഞ് കൊണ്ടുപോയില്ലെന്നും ആക്ഷേപമുണ്ട്. രോഗം കലശലായ രോഗിയെ ആശ്യപത്രിയിലെത്തിക്കുന്നതിന് പകരം വഴിയിലിറക്കി വിട്ട കെഎസ്ആർടിസി ബസ് ജീവനക്കാർക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam