തിരുവനന്തപുരം- തെങ്കാശി ബസിൽ യുവതി, സ്റ്റാൻഡിലെത്തിയതോടെ പരിഭ്രമം, ചോദിച്ചപ്പോൾ വിതുമ്പി; രക്ഷകരായി കെഎസ്ആർടിസി ജീവനക്കാർ

Published : Jun 13, 2025, 07:50 PM IST
KSRTC Bus

Synopsis

പരീക്ഷാപ്പേടിയിൽ തിരുവനന്തപുരത്ത് നിന്നും തെങ്കാശിയിലേക്ക് നാടുവിട്ട കോളെജ് വിദ്യാർഥിനിയെ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും രക്ഷിച്ച് രക്ഷിതാക്കളെ ഏൽപ്പിച്ച കെഎസ്ആർടിസി ജീവനക്കാർക്ക് അഭിനന്ദന പ്രവാഹം.

തിരുവനന്തപുരം: പരീക്ഷാപ്പേടിയിൽ തിരുവനന്തപുരത്ത് നിന്നും തെങ്കാശിയിലേക്ക് നാടുവിട്ട കോളെജ് വിദ്യാർഥിനിയെ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും രക്ഷിച്ച് രക്ഷിതാക്കളെ ഏൽപ്പിച്ച കെഎസ്ആർടിസി ജീവനക്കാർക്ക് അഭിനന്ദന പ്രവാഹം. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലെ ജീവനക്കാരായ കണ്ടക്റ്റർ സജി മോസസ്, ഡ്രൈവർ എച്ച്. അനിൽകുമാർ എന്നിവരുടെ സമയോചിതമായ ഇടപെടലിലാണ് തമിഴ്നാട്ടിൽ എന്നെന്നേക്കുമായി അകപ്പെട്ടു പോകുമായിരുന്ന ഒരു വിദ്യാർഥിനിയെ തിരികെ ജീവിതത്തിലേക്കെത്തിക്കാനായത്. ബസ് യാത്രക്കാർ വിവരം സമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചതോടെ താരങ്ങളായി മാറിയ ജീവനക്കാർക്ക് സമൂഹ്യമാധ്യമങ്ങളിലൂടെയും ഫോൺകോൾ വഴിയും അഭിനന്ദന പ്രവാഹമാണ്. വർഷങ്ങളായി വിവിധ ബസുകളിൽ ഒരുമിച്ച് സർവീസ് നടത്തുന്ന സജിയ്ക്കും അനിൽകുമാറിനും ബുധനാഴ്ച തെങ്കാശി ബസിലായിരുന്നു ഡ്യൂട്ടി.

ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് പുറപ്പെടുന്ന തിരുവനന്തപുരം - തെങ്കാശി ട്രിപ്പിൽ കയറിയ യുവതി വൈകിട്ട് 5.30 ഓടെ തെങ്കാശിയിൽ എത്തി. തുടർന്നുള്ള ട്രിപ്പ് ഒരു മണിക്കൂറിന് ശേഷമാണെന്നതിനാൽ ജീവനക്കാർ വിശ്രമിക്കുന്നതിനിടെയാണ് ബസിലുണ്ടായിരുന്ന യുവതി സ്റ്റാൻഡിൽ അലഞ്ഞു നടക്കുന്നതായി കണ്ടത്. കുട്ടിയെ ശ്രദ്ധിച്ചപ്പോൾ വിതുമ്പുന്നത് പോലെ തോന്നിയ കണ്ടക്റ്റർ സജി വിവരം ഡ്രൈവറോടും പറഞ്ഞു. കുട്ടിക്ക് സമീപം പരിയചയക്കാരല്ലെന്ന് തോന്നിപ്പിക്കുന്ന ചിലരും എത്തിയതോടെ ഡ്രൈവറും കണ്ടക്‌ടറും ചേർന്ന് കുട്ടിയുടെ അടുത്തെത്തി വിവരങ്ങൾ അന്വേഷിച്ചു. എങ്ങോട്ട് പോകാനാണ് വന്നതെന്ന് ചോദിച്ചപ്പോൾ തെങ്കാശി കാണാൻ വന്നതെന്നായിരുന്നു യുവതിയുടെ മറുപടി.

എന്നാൽ രാത്രിയിൽ തെങ്കാശിയിൽ കാണാൻ എന്താണുള്ളതെന്ന സംശയത്തിൽ കുട്ടിയോട് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചതോടെ‍യാണ് നിറകണ്ണുകളോടെ അവൾ ജീവനക്കാരോട് മനസ് തുറന്നത്. കോളെജ് വിദ്യാർഥിനിയായിരുന്ന തനിക്ക് ഇന്ന് പരീക്ഷയായിരുന്നെന്നും ജയിക്കാൻ സാധ്യത കുറവാണെന്ന് തോന്നിയതിനാൽ പേടികൊണ്ട് വീടുവിട്ടിറങ്ങിയതാണെന്നും അവൾ പറഞ്ഞു. പരീക്ഷയ്ക്ക് പരാജയപ്പെടുമെന്നതിനാൽ എങ്ങോട്ടെങ്കിലും പോകാൻ തീരുമാനിച്ച് ഇറങ്ങിയതാണ്. തിരുവനന്തപുരത്ത് നിന്നും തെങ്കാശി ബസ് കണ്ടപ്പോൾ കയറിയെന്നും അവൾ പറഞ്ഞതോടെ ജീവനക്കാർ യുവതിയുടെ മറ്റു വിവരങ്ങൾ അന്വേഷിച്ചു. സ്ഥലം വിതുരയിൽ ആണെന്ന് പറഞ്ഞതോടെ മുമ്പ് വിതുര ഡിപ്പോയിൽ ജോലി ചെയ്തിരുന്നയാൾ കൂടിയയായ ഡ്രൈവർ അനിൽകുമാർ സമീപത്തെ മറ്റൊരു കെഎസ്ആർടിസി ജീവനക്കാരനെക്കുറിച്ച് അന്വേഷിച്ചു.

ഇതോടെ, കുട്ടിയുടെ വീട് മനസിലായി. തുടർന്ന് കുട്ടിയുടെ വീട്ടുകാരുടെ വിവരങ്ങൾ അന്വേഷിച്ച് മാതാപിതാക്കളെ വിവരം അറിയിക്കുകയായിരുന്നു. പൊലീസിനെ വിവരം അറിയിക്കുമെന്ന് വരെ പറഞ്ഞപ്പോഴാന്‍റ് വീട്ടുകാരെ അറിയിക്കാൻ പെൺകുട്ടി തയാറായതെന്ന് ജീവനക്കാർ പറയുന്നു. അതേസമയം, മകളെ കാണാതെ വിഷമിച്ചിരുന്ന മാതാപിതാക്കൾക്ക് തെങ്കാശിയിൽ നിന്നെത്തിയ ഫോൺ കോൾ വലിയ ആശ്വാസമായി. തിരികെയുള്ള ട്രിപ്പിൽ നന്ദിയോട് വന്ന് കുട്ടിയെ കൂട്ടാമെന്ന് അവർ അറിയിച്ചതോടെ ജീവനക്കാർ വിദ്യാർഥിനിയേയും കൂട്ടി യാത്ര ആരംഭിച്ചു.

പരീക്ഷയിലെ പരാജയമൊന്നും ഒരു പ്രശ്നമല്ലെന്നും എല്ലാം വീട്ടിൽ പറഞ്ഞ് മാതാപിതാക്കളെ മനസിലാക്കിയിട്ടുണ്ടെന്നും ഉറപ്പു നൽകിയ ശേഷമാണ് കുട്ടി ബസിൽ കയറാൻ തയാറായത്. ടിക്കറ്റെടുക്കാൻ പണം തികയാതെ ബുദ്ധിമുട്ടിയ അവളെ കണ്ടക്‌ടറുടെ ഇടപെടലിൽ സീറ്റ് ഉറപ്പാക്കി. കുട്ടിയെ ശ്രദ്ധിക്കുന്നതിനായി ബസിലെ ഏറ്റവും മുന്നിലെ സിംഗിൾ സീറ്റ് തന്നെ നൽകി ജീവനക്കാർ തിരുവനന്തപുരത്തേക്ക് തിരിച്ചു. ക്ഷീണിതയായ അവൾക്ക് കഴിക്കാൻ ഡ്രൈവറുടെ കൈവശമുണ്ടായ ആപ്പിളും ഈന്തപ്പഴവുമെല്ലാം നൽകി. മടക്കയാത്രയ്ക്കിടെ വഴിയോരത്ത് ഭക്ഷണം കഴിക്കാൻ നിർത്തി ആഹാരം കഴിക്കാൻ ജീവനക്കാർ വിളിച്ചെങ്കിലും വേണ്ടന്നായിരുന്നു കുട്ടിയുടെ മറുപടി.

രാത്രി 9.30 ഓടുകൂടി ബസ് നന്ദിയോട് എത്തി. ബസ് പുറപ്പെട്ട വിവരം അറിഞ്ഞതിന് പിന്നാലെ കുട്ടിയെ കൂടെ കൂട്ടാൻ അച്ഛനും, അമ്മയും ഓട്ടോയിൽ അവിടെ കാത്തുനിൽക്കുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാരും സഹകരിച്ചതോടെ കുട്ടിയെ സുരക്ഷിതമായി മാതാപിതാക്കളെ ഏൽപ്പിച്ച് അവളെ വഴക്കുപറയില്ലെന്ന് ഉറപ്പ് വാങ്ങിയാണ് ഡ്രൈവറും കണ്ടക്‌ടറും മടങ്ങിയത്. യാത്രക്കാർ പങ്കുവെച്ച വിവരം സമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെ പെൺകുട്ടിയുടെ ജീവൻ രക്ഷിച്ച ഇരുജീവനക്കാരെയും തേടി നിരവധി ഫോൺകോളുകളാണ് ഇതിനോടകം എത്തിയത്. വരും ദിവസങ്ങളിൽ ജീവനക്കാർക്ക് ആദരമൊരുക്കാനുള്ള പരിപാടികളും നടക്കുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇടുക്കിയില്‍ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം, മൂന്ന് പേർക്ക് പരിക്ക്
പ്രജനനകാലം; കടുവയുണ്ട്... ശബ്ദം ഉണ്ടാക്കണേ; മുന്നറിയിപ്പുമായി കേരളാ വനം വകുപ്പ്