
കല്‍പ്പറ്റ: ഫണ്ട് അനുവദിച്ചെന്ന ബോര്‍ഡ് സ്ഥാപിച്ച് വര്‍ഷങ്ങളായെങ്കിലും വയനാട്ടിലെ ഒരു റോഡിന്റെ പ്രവൃത്തി മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ആരംഭിച്ചില്ല. 2018-ലെ മഹാപ്രളയകാലത്ത് തകര്‍ന്നുപോയതാണ് പനമരം-കീഞ്ഞുകടവ് റോഡ്. തൊട്ടടുത്ത പ്രളയം കൂടിയായതോടെ പലയിടത്തും ഇപ്പോള്‍ ടാറ് പോലുമില്ലെന്ന അവസ്ഥയാണ്. പനമരം വലിയ പുഴക്ക് സമീപത്തെ അഞ്ച് കിലോമീറ്ററോളം വരുന്ന പാതയില്‍ പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. മഴക്കാലങ്ങളില്‍ വലിയ വെള്ളക്കെട്ടിന് കാരണമാകുന്നതിനാല്‍ കാറ് പോലെയുള്ള ചെറിയ വാഹനങ്ങള്‍ ഇതുവഴി കൊണ്ടുപോകാന്‍ കഴിയില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
അതേസമയം റോഡിന് ഫണ്ട് വെച്ചിട്ടുണ്ടെങ്കിലും പ്രവൃത്തി എപ്പോള്‍ തുടങ്ങുമെന്ന കാര്യം നാട്ടുകാര്‍ക്ക് അറിയില്ല. കുഴികള്‍ നിറഞ്ഞും ടാറിങ് പൊളിഞ്ഞും പാടെ തകര്‍ന്നിട്ടും അധികൃതര്‍ അവഗണന കാണിക്കുന്നതായി ആക്ഷേപവും ശക്തമാവുകയാണ്. പനമരം ടൗണിനോട് ചേര്‍ന്നുകിടക്കുന്ന കീഞ്ഞുകടവില്‍നിന്ന് മാതോത്ത് പൊയില്‍, പാലുകുന്ന് വഴി അഞ്ചുകുന്നിലേക്ക് എത്താം. എന്നാല്‍ മിക്കയിടത്തും പത്ത് മീറ്ററിലേറെ വിസ്താരത്തില്‍ വലിയ കുഴികളാണ്. വര്‍ഷങ്ങളായി ഇതുവഴിയുള്ള നടുവൊടിക്കുന്ന യാത്ര സഹിക്കുകയാണ് തങ്ങളെന്ന് ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.റോഡിന് ഇരുവശങ്ങളിലുമായി അഞ്ഞൂറിലേറെ കുടുംബങ്ങള്‍ താമസിക്കുന്നു. റോഡിലൂടെ അടിയന്തര ആശുപത്രി ആവശ്യങ്ങള്‍ക്കുപോലും ഇപ്പോള്‍ ടാക്സി വാഹനങ്ങള്‍ വിളിച്ചാല്‍ വരാന്‍ മടിക്കുകയാണെന്ന് നാട്ടുകാര്‍ പറയുന്നു.
മാതോത്ത് പൊയില്‍ തൂക്കുപാലം കാണാനായി എത്തുന്ന സഞ്ചാരികളും ദുരിതത്തിലാണ്. പനമരം - കീഞ്ഞുകടവ് - മാതോത്ത് പൊയില്‍ - പാലുകുന്ന് റോഡിന്റെ പുനരുദ്ധാരണത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനീഷ്യറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒ.ആര്‍. കേളു എം.എല്‍.എ. നാലുകോടി ഒന്‍പത് ലക്ഷത്തി മുപ്പത്തേഴായിരം രൂപ വകയിരുത്തിയിട്ട് വര്‍ഷങ്ങളായി. ഇതു സംബന്ധിച്ച ബോര്‍ഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ പ്രവൃത്തികള്‍ തുടങ്ങാത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കുകയാണ്. 2018-ലും 19 ലും പ്രളയത്തില്‍ ജില്ലയില്‍ തന്നെ ഏറ്റവും വലിയ വെള്ളക്കെട്ടുണ്ടായ പ്രദേശങ്ങളില്‍ ഒന്നാണ് കീഞ്ഞുകടവും പരിസരങ്ങളും.
പനമരം വലിയ പുഴകരകവിഞ്ഞ് ഒഴുകിയതോടെ കീഞ്ഞുകടവ്, മാതോത്ത് പൊയില്‍ പ്രദേശങ്ങള്‍ വെള്ളത്താല്‍ ഒറ്റപ്പെട്ടിരുന്നു. വീടിനുള്ളില്‍ വെള്ളം കയറിയും ചില വീടുകള്‍ തകര്‍ന്നും കന്നുകാലികളും വീട്ടുപകരണങ്ങളും മറ്റും ഒഴുകിപ്പോയും വന്‍ നാശനഷ്ടങ്ങളും ഇവിടങ്ങളില്‍ ഉണ്ടായി. പ്രദേശം സന്ദര്‍ശിച്ച അധികൃതര്‍ റോഡുകള്‍ അടക്കമുള്ള പ്രവൃത്തി ഉടന്‍ തീര്‍ക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പഴയപടി തുടരുകയാണിവിടം. അതേ സമയം റോഡ് പ്രവൃത്തി ഈ മാസം തന്നെ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് അധികാരികളെന്നാണ് നാട്ടുകാരില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam