തിരുവനന്തപുരം കൗൺസിലർ സി പാർവ്വതിക്ക് ട്രെയിൻ യാത്രക്കിടെയുണ്ടായ ദുരനുഭവത്തെ തുടർന്ന് റെയിൽവേക്കെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു. 'ചെന്നൈ മെയിൽ' എന്ന ട്രെയിനിൽ മെയിൽ ടിക്കറ്റെടുത്ത് യാത്ര ചെയ്തതിന് സൂപ്പർഫാസ്റ്റ് ഫൈൻ ഈടാക്കിയതാണ് സംഭവം.
തിരുവനന്തപുരം: ട്രെയിനുകളുടെ പേരും കാറ്റഗറിയും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാട്ടി റെയിൽവേക്കെതിരെ രൂക്ഷവിമർശനവുമായി തിരുവനന്തപുരം കോർപ്പറേഷനിലെ ഗൗരീശപട്ടം വാർഡ് കൗൺസിലർ സി പാർവ്വതി. വർക്കലയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ ഉണ്ടായ ദുരനുഭവമാണ് കൗൺസിലർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. 'ചെന്നൈ മെയിൽ' എന്ന് പേരുള്ള ട്രെയിനിൽ മെയിൽ/എക്സ്പ്രസ് ടിക്കറ്റുമായി യാത്ര ചെയ്തതിന് സൂപ്പർഫാസ്റ്റിലാണ് യാത്ര ചെയ്തതെന്ന് കാട്ടി ഫൈൻ ഈടാക്കിയ റെയിൽവേ നടപടിക്കെതിരെ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് താനെന്ന് പാർവ്വതി വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് സി പാർവ്വതി പറയുന്നത്:
ഇന്ന് രാവിലെ 10.10-ന് വർക്കലയിൽ നിന്ന് തിരുവനന്തപുരം സെൻട്രലിലേക്ക് പോകാനായി 'റെയിൽ വൺ' ആപ്പ് വഴി പാർവ്വതി ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. 'തിരുവനന്തപുരം സെൻട്രൽ മെയിൽ' (TVC MAS CHENNAI MAIL) എന്ന ട്രെയിനിന് മെയിൽ/എക്സ്പ്രസ് നിരക്കായ 30 രൂപയാണ് ആപ്പിൽ കാണിച്ചിരുന്നത്. എന്നാൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയപ്പോൾ ടിക്കറ്റ് പരിശോധിച്ച ഉദ്യോഗസ്ഥൻ ഇത് സൂപ്പർഫാസ്റ്റ് ട്രെയിനാണെന്നും ടിക്കറ്റ് മാറി എടുത്തതിന് 265 രൂപ പിഴയൊടുക്കണമെന്നും ആവശ്യപ്പെടുകയായിരുന്നു.
"ട്രെയിനിന്‍റെ പേരിൽ തന്നെ 'മെയിൽ' എന്നുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ, അത് വെറും പേര് മാത്രമാണെന്നും യഥാർത്ഥത്തിൽ ഇതൊരു സൂപ്പർഫാസ്റ്റ് ട്രെയിനാണെന്നുമായിരുന്നു ഉദ്യോഗസ്ഥന്‍റെ മറുപടി. ട്രെയിനിന്‍റെ ചരിത്രവും ഇനവും അന്വേഷിച്ച് വേണം യാത്രക്കാരൻ വണ്ടിയിൽ കയറാൻ എന്ന യുക്തിരഹിതമായ മറുപടിയാണ് ലഭിച്ചത്," പാർവ്വതി കുറിപ്പിൽ പറഞ്ഞു.
റെയിൽവേയുടെ 'പറ്റിക്കൽ' രീതി
ജോലിക്കും പഠനത്തിനുമായി തിരക്കിട്ട് പോകുന്ന സാധാരണക്കാരായ യാത്രക്കാരെ റെയിൽവേ മനഃപൂർവ്വം ചതിക്കുകയാണെന്ന് കൗൺസിലർ ആരോപിക്കുന്നു. ടിക്കറ്റ് എടുക്കാനുള്ള മാന്യത കാണിക്കുന്ന യാത്രക്കാരെ ഇല്ലാത്ത നിയമങ്ങൾ പറഞ്ഞ് പിഴയീടാക്കുന്നത് പരിതാപകരമാണ്. ഇത്തരം സാങ്കേതികമായ മറവുകൾ ഉപയോഗിച്ച് പണം തട്ടുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും അവർ ആവശ്യപ്പെട്ടു.
നിയമനടപടിയുമായി മുന്നോട്ട്
ഈ വിഷയത്തിൽ റെയിൽവേ തിരുവനന്തപുരം ഡിവിഷണൽ മാനേജർക്ക് പരാതി നൽകിയതായും റെയിൽവേ കോടതിയിൽ കേസ് ഫയൽ ചെയ്യുമെന്നും സി. പാർവ്വതി അറിയിച്ചു. ട്രെയിനിന്‍റെ പേര് മാറ്റുകയോ അല്ലെങ്കിൽ ആപ്പുകളിൽ അതിന്‍റെ കാറ്റഗറി കൃത്യമായി രേഖപ്പെടുത്തുകയോ ചെയ്യണമെന്നാണ് പ്രധാന ആവശ്യം. 30 രൂപ ടിക്കറ്റിന് 265 രൂപ പിഴ നൽകാൻ ശേഷിയുള്ളവരല്ല സാധാരണ യാത്രക്കാരെന്നും അവർ കൂട്ടിച്ചേർത്തു.


