
തിരുവനന്തപുരം: തീർഥാടകർക്കും യാത്രക്കാർക്കും ആശ്വാസമായി തിരുവനന്തപുരം–വേളാങ്കണ്ണി റൂട്ടിൽ പുതിയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് സർവീസ് ആരംഭിക്കുന്നു. വെട്ടുകാട് പള്ളി വഴിയുള്ള സർവീസ് വെള്ളിയാഴ്ച മുതൽ (ഓഗസ്റ്റ് 14 ) ആരംഭിക്കും. കഴിഞ്ഞ മാസം തുടങ്ങിയ തിരുവനന്തപുരം - വേളാങ്കണ്ണി സൂപ്പർ ഫാസ്റ്റ് സർവീസിന് മികച്ച പ്രതികരണം ലഭിച്ചതോടെയാണ് വെട്ടുകാട് വഴി സൂപ്പർ ഡീലക്സ് എത്തുന്നത്.
വിഴിഞ്ഞം, പൂവാർ, കളിയിക്കാവിള, നാഗർകോവിൽ, തിരുനെൽവേലി, മധുര, ട്രിച്ചി, തഞ്ചാവൂർ വഴിയാണ് ബസ് വേളാങ്കണ്ണിയിലെത്തുക. വെള്ളിയാഴ്ച വൈകിട്ട് ആറിന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്ന ബസ് 6.30ന് വെട്ടുകാട് പള്ളി, 6.50ന് വിഴിഞ്ഞം, 7.15ന് പൂവാർ, 7.35ന് കളിയിക്കാവിള, 8.30ന് നാഗർകോവിൽ, രാത്രി 10.20ന് തിരുനെൽവേലി എന്നിവിടങ്ങളിലെത്തും. പുലർച്ചെ ഒന്നിന് മധുര, 3.10ന് ട്രിച്ചി, 4.20ന് തഞ്ചാവൂർ എന്നിവിടങ്ങളിലെത്തിയ ശേഷം രാവിലെ 6.30ന് വേളാങ്കണ്ണിയിലെത്തും.
തിരികെ ശനിയാഴ്ച വൈകിട്ട് ആറിന് വേളാങ്കണ്ണിയിൽനിന്ന് പുറപ്പെടുന്ന സർവീസ് രാത്രി 8.10ന് തഞ്ചാവൂർ, 9.40ന് ട്രിച്ചി, 11.50ന് മധുര, പുലർച്ചെ 2.30ന് തിരുനെൽവേലി, 3.50ന് നാഗർകോവിൽ, 4.45ന് കളിയിക്കാവിള, 5.05ന് പൂവാർ, 5.30ന് വിഴിഞ്ഞം, 5.50ന് വെട്ടുകാട് പള്ളി എന്നിവിടങ്ങളിലെത്തും. രാവിലെ 6.15ന് തിരുവനന്തപുരത്ത് സർവീസ് അവസാനിക്കും. യാത്രക്കാർക്ക് ‘Ente KSRTC Neo-OPRS’ മൊബൈൽ ആപ്പ് വഴിയോ കെ.എസ്.ആർ.ടി.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
സ്വകാര്യ സർവീസുകൾ 2499 രൂപ വരെ വിവിധ തരം ബസുകൾക്ക് ഈടാക്കുമ്പോൾ സൂപ്പർ ഫാസ്റ്റിന് വെറും 538 രൂപമാത്രമാണ് കെഎസ്ആർടിസി നിരക്ക്. പുതിയ ഡീലക്സിന് ഇത് 835 ആണ്. വെള്ളി, ശനി ദിവസങ്ങളിൽ വൈകുന്നേരം നാലരയോടെ തിരുവനന്തപുരത്ത് നിന്നും ആരംഭിക്കുന്ന സൂപ്പർ ഫാസ്റ്റ് സർവീസിന് നെയ്യാറ്റിൻകര ഡിപ്പോയ്ക്കാണ് പ്രവർത്തന ചുമതല. ശനി, ഞായർ ദിവസങ്ങളിൽ വൈകിട്ട് മൂന്നിന് തിരികെയും സർവീസ് നടത്തും. തിരുവനന്തപുരം, പാപ്പനംകോട്, നെയ്യാറ്റിൻകര, പാറശാല, കളിയിക്കാവിള, നാഗർകോവിൽ, വഴിയാണ് ഈ ബസ് കടന്നു പോകുന്നത്. വെട്ടുകാട് വഴിയുള്ള സർവീസ് വെള്ളിയാഴ്ചകളിലാണ് കെ എസ് ആർ ടി സി ആലോചിക്കുന്നത്.ആദ്യ സർവീസിൻ്റെ പ്രതികരണം കണക്കാക്കി കൂടുതൽ സർവീസ് നടത്താനാണ് തീരുമാനം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam