
തിരുവനന്തപുരം: അധികൃതർ തിരിഞ്ഞുനോക്കാതായതോടെ നാശത്തിന്റെ വക്കിൽ വിഴിഞ്ഞം കെഎസ്ആർടിസി ഡിപ്പോ. ഡ്രൈവർമാരുടെ ലഭ്യത കുറവും സ്പെയർ പാർട്സുകൾ ലഭിക്കാത്തതും പ്രധാന സർവീസുകൾ വെട്ടികുറച്ചതും കാരണം ഡിപ്പോക്ക് പ്രതിദിനം നഷ്ടം അരലക്ഷം രൂപയാണ്. തീരദേശ മേഖലയിലെ പ്രധാന കെഎസ്ആർടിസി ഡിപ്പോകളിൽ ഒന്നാണ് വിഴിഞ്ഞം. 65 ബസുകളും 62 ഷെഡ്യൂളുകളുമാണ് വിഴിഞ്ഞം ഡിപ്പോയ്ക്ക് അനുവദിച്ചിരിക്കുന്നത്.
എന്നാൽ ഡെയ്‌ലി വെയ്ജസ് ഡ്രൈവർമാരെ പിരിച്ചുവിട്ടതോടെ ദിനംപ്രതി ഡിപ്പോയിലെ അഞ്ച് സർവീസുകൾ നടത്താൻ കഴിയാത്ത അവസ്ഥയാണ്. 40 ഡ്രൈവർമാർ കൂടി ഉണ്ടെങ്കിൽ മാത്രമേ ഡിപ്പോയിലെ പ്രവർത്തനം കാര്യക്ഷമമാക്കാൻ കഴിയൂ എന്ന് ഉദ്യോഗസ്ഥർ പറയുന്നു. മൂവാറ്റുപുഴ- പെരുമ്പാവൂർ ഡിപ്പോകളിൽ അധികമുള്ള ഡ്രൈവർമാരെ വിഴിഞ്ഞത്തേക്ക് മാറ്റിയിട്ടുണ്ടെങ്കിലും അവരാരും ജോലിയിൽ പ്രവേശിച്ചില്ല എന്നും പരാതികളുണ്ട്.
62 ഷെഡ്യൂളുകൾ ഉള്ളിടത് നിലവിൽ 45 ഷെഡ്യൂൾ മാത്രമാണ് സജ്ജമായിട്ടുള്ളത്. ഇതിനാൽ തീരദേശമേഖലയിൽ യാത്രാക്ലേശം രൂക്ഷമായിരിക്കുകയാണ്. ഇതിലൂടെ 65,000 രൂപയാണ് ഡിപ്പോയ്ക്ക് പ്രതിദിനം നഷ്ടമാകുന്നത്. ഡിപ്പോയിലെ 65 ബസുകളിൽ 15 എണ്ണവും കട്ടപ്പുറത്താണ്. മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്യാൻ ആവശ്യത്തിന് മെക്കാനിക്കുമാർ ഡിപ്പോയിൽ ഉണ്ടെങ്കിലും ബസുകളുടെ സ്പെയർ പാർട്സുകൾ ലഭ്യമാക്കാൻ സെൻട്രൽ ഡിപ്പോയിൽ നിന്ന് നടപടികൾ സ്വീകരിക്കാത്തത് കാരണം അറ്റകുറ്റപണികൾ ഒന്നും തന്നെ ഇവിടെ നടക്കുന്നില്ല.
വർക്ഷോപ്പിൽ കയറുന്ന ഒരു ബസ്സിൽ നിന്ന് അടുത്ത ബസിലേക്ക് സ്പെയർ പാർട്സുകൾ ഇളക്കി വെച്ചാണ് അത്യാവശ്യം അറ്റകുറ്റപണികൾ ഇപ്പോൾ നടക്കുന്നത്. പ്രതിദിനം എട്ടു ലക്ഷം രൂപയുടെ വരുമാനമുണ്ടായിരുന്ന വിഴിഞ്ഞം ഡിപ്പോയ്ക്ക് ഇപ്പോൾ ലഭിക്കുന്ന ശരാശരി വരുമാനം ആറുലക്ഷം രൂപയാണ്. 1972ൽ വിഴിഞ്ഞം ഡിപ്പോ സ്ഥാപിച്ച സമയം മുതൽ നടന്നുവന്നിരുന്ന വിഴിഞ്ഞം- ചക്കുളത്തുക്കാവ്- എടത്വ സർവീസും മറ്റു അഞ്ച് വിഴിഞ്ഞം എറണാകുളം ഫാസ്റ്റ് പാസഞ്ചർ സർവീസുകളും നിര്‍ത്തലാക്കി.
ജനുറം പദ്ധതി പ്രകാരം വിഴിഞ്ഞം ഡിപ്പോയിൽ നൽകിയിരിക്കുന്ന ലോ ഫ്ലോർ ബസുകളിൽ അഞ്ചെണ്ണവും സ്പെയർ പാർട്സ് ലഭിക്കാത്തതിനാൽ കട്ടപ്പുറത്താണ്. ബസുകളുടെ അവസ്ഥ പോലെ തന്നെ ശോചനിയമാണ് വിഴിഞ്ഞം ഡിപ്പോയുടെയും അവസ്ഥ. ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടം ജീർണിച്ചു ഇടിഞ്ഞുവീഴാറായ അവസ്ഥയാണ്. യാത്രക്കാർക്കും ജീവനക്കാർക്കും ഉപയോഗിക്കാനായി ഡിപ്പോയിൽ ശൗചാലയം ഇല്ല.
മാസങ്ങളായി ഡിപ്പോയിലെ കുടിവെള്ള വിതരണം നിലച്ച അവസ്ഥയാണ്. ഡിപ്പോയ്ക്കുള്ളിലെ റോഡ് തകർന്ന് കുണ്ടും കുഴിയും നിറഞ്ഞ് ബസുകൾക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്. ശോചനീയാവസ്ഥ കെഎസ്ആർടിസി സിവിൽ എൻജിനിയറിങ് വിഭാഗത്തിന് രേഖാമൂലം ഡിപ്പോ അധികൃതർ അറിയിച്ചെങ്കിലും നാളിതുവരെ നടപടിയുണ്ടായില്ല എന്ന് ആക്ഷേപമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam