
കൊച്ചി: കേരളവർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിലെ റീകൗണ്ടിങ് ഫലം റദ്ദാക്കി ഹൈക്കോടതി. ചെയർമാൻ സ്ഥാനാര്‍ത്ഥി എസ്എഫ്ഐയിലെ അനിരുദ്ധിനെ വിജയിയായി പ്രഖ്യാപിച്ചതാണ് ഹൈക്കോടതി റദ്ദാക്കിയത്. സംഭവത്തി പ്രതികരണവുമായി കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടൻ രംഗതത്തെത്തി. റീകൗണ്ടിങ് സുതാര്യമായി നടന്നാൽ ഇനി കെഎസ്യു ജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റി കൗണ്ടിങ് തിരിമറി കോടതി തിരച്ചറിഞ്ഞതുകൊണ്ടാണ് ഇത്തരമൊരു വിധിയെന്നും ശ്രീക്കുട്ടൻ പറഞ്ഞു.
ശ്രീക്കുട്ടന്റെ വാക്കുകൾ..
ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു മുക്കാൽ വിജയം ഞങ്ങൾ കൈവരിച്ചു എന്നുള്ളതാണ്. നമ്മള് നവംബര്‍ ഒന്നിന് തെരഞ്ഞെടുപ്പ് നടന്നതിന് ശേഷം രണ്ടാമത് നടത്തിയ റീ കൗണ്ടിങ് ഒട്ടും സുതാര്യമായിരുന്നില്ല എന്ന് നേരത്തെ തന്നെ ഞങ്ങൾ വ്യക്തമാക്കിയതാണ്. റീ കൗണ്ടിങ് സമയത്ത് കാമ്പസിലുണ്ടായ കാര്യങ്ങളൊക്കെ കേരളത്തിലെ എല്ലാവര്‍ക്കും അറിയുന്നതാണ്. റീകൗണ്ടിങ് എത്രത്തോളം സുതരാര്യമല്ലായിരുന്നു എന്ന് കോടതിയെ ബോധ്യപ്പെടുത്താൻ സാധിച്ചു. അത് തന്നെയാണ് കെഎസ്യുവിന്റെ വിജയം. ഞങ്ങൾ അവതരിപ്പിച്ച കാര്യങ്ങളെല്ലാം കോടതി അംഗീകരിച്ചു. അങ്ങേയറ്റം സന്തോഷമുണ്ടാക്കുന്നതാണെന്നും കൗണ്ടിങ് സുതാര്യമായ കെഎസ്യു വിജയിക്കുമെന്നും ശ്രീക്കുട്ടൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ചെയർമാൻ സ്ഥാനത്തേക്കുള്ള വോട്ടുകൾ വീണ്ടും ചട്ടപ്രകാരം എണ്ണാനാണ് സിംഗിൾ ബഞ്ച് ഉത്തരവിട്ടിരിക്കുന്നത്. വോട്ടെണ്ണലിൽ അപാകതയുണ്ടെന്ന് കണ്ടെത്തിയാണ് നടപടി. കേരള വർമ കോളേജിൽ കെഎസ്‍യു സ്ഥാനാർത്ഥി ശ്രീക്കുട്ടനെ തോൽപ്പിക്കാൻ റീ കൗണ്ടിംഗിൽ അട്ടിമറി നടന്നെന്ന കെഎസ്‍യു ആരോപണമാണ് ഹൈക്കോടതി ഉത്തരവിലൂടെ ശരിവെക്കുന്നത്. വോട്ടെടുപ്പ് നടന്നതിലല്ല വോട്ടെണ്ണിയതിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി എസ്എഫ്ഐ സ്ഥാനാർത്ഥി അനിരുദ്ധിന്‍റെ വിജയം റദ്ദാക്കിയത്.
ചട്ടങ്ങൾ പാലിച്ച് റീ കൗണ്ടിംഗ് നടത്താൻ ജസ്റ്റിസ് ടി ആർ രവി റിട്ടേണിംഗ് ഓഫീസർക്ക് നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് നിയമാവലി പ്രകാരം ആസാധുവെന്ന് കണ്ടെത്തിയ വോട്ടുകൾ പ്രത്യേകം പെട്ടിയിൽ സൂക്ഷിക്കണമെന്ന ചട്ടം പാലിക്കപ്പെട്ടില്ല. ആദ്യ കൗണ്ടിംഗിൽ 1 വോട്ടിന് കെഎസ്‍യു സ്ഥാനാർത്ഥി ശ്രീക്കുട്ടനാണ് വിജയിയായതെന്ന് ടാബുലേഷൻ രേഖകൾ സഹിതം കോടതി ചൂണ്ടികാട്ടി. അപ്പോൾ 23 വോട്ടുകളാണ് അസാധുവെന്ന് കണ്ടെത്തിയത്.
റീ കൗണ്ടിംഗിൽ 4 വോട്ടുകൾകൂടി അധികമായി. നോട്ട വോട്ടുകൾ 19 ൽ നിന്ന് 18 ആയി കുറഞ്ഞു ഇതെല്ലാം എങ്ങനെ സംഭവിച്ചെന്ന് കോടതി ചോദിച്ചു. റീ കൗണ്ടിംഗ് സുതാര്യമായി നടത്തുമെന്ന് കോടതി ഉത്തരവ് പുറത്ത് വന്നതിന് പിറകെ കോളേജ് പ്രിൻസിപ്പൽ ഇൻചാർജ്ജ് പ്രതികരിച്ചു. അതേസമയം, റീ കൗണ്ടിംഗിൽ സുതാര്യത ഉറപ്പാക്കിയില്ലെങ്കിൽ വീണ്ടും നിയമപോരാട്ടത്തിനിറങ്ങുമെന്നാണ് ഹർജിക്കാരൻ പറയുന്നത്.