ചിറക് വിടര്‍ത്തി വിമാന യാത്ര നടത്തി കുടുംബശ്രീ പ്രവര്‍ത്തകര്‍

By Web TeamFirst Published Feb 6, 2019, 11:37 PM IST
Highlights

 കുടുംബശ്രീയില്‍ നിന്ന് ആകാശയാത്ര നടത്തി അന്‍പത്തിയൊന്ന് സിഡിഎസ്, എഡിഎസ് റിസോഴ്സ് പേഴ്സണ്‍സ്. 

ആലപ്പുഴ: കുടുംബശ്രീയില്‍ നിന്ന് ആകാശയാത്ര നടത്തി അന്‍പത്തിയൊന്ന് സിഡിഎസ്, എഡിഎസ് റിസോഴ്സ് പേഴ്സണ്‍സ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായുള്ള മോഹമാണ് ഇവര്‍ സഫലീകരിച്ചിരിക്കുന്നത്. സ്ത്രീയും സഞ്ചാര സ്വാതന്ത്ര്യവുമെന്ന മൂന്നാം കൈപ്പുസ്തകമാണ് ഇവരുടെ പറക്കല്‍ മോഹത്തിന് ജീവന്‍ വെപ്പിച്ചത്.

ഏറ്റവും അവസാനമായി ഇറങ്ങിയതും ഇപ്പോള്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നതുമായ സ്ത്രീ പദവി സമത്വവും നീതിയും എന്ന നാലാം കൈപ്പുസ്തകം ഇവരുടെ മോഹത്തിന് കൂടുതല്‍ ശക്തിയേകിയെന്നും പ്രവര്‍ത്തകര്‍ പറയുന്നു. നാലാം കൈപ്പുസ്തകത്തിലെ ഞാന്‍ ആര്, എനിക്കെന്തുണ്ട്, എന്‍റെ ആവശ്യങ്ങള്‍ തുടങ്ങിയ പാഠഭാഗങ്ങളാണ്  ഇവരെ കൂടുതല്‍ സ്വാധീനിച്ചത്. ഉച്ചക്ക് ഒന്നരയ്ക്കുള്ള എയര്‍ ഏഷ്യയുടെ വിമാനത്തിലാണ് ഇവര്‍ ബാoഗ്ലൂരിലേക്ക് യാത്ര തിരിച്ചത്.

രണ്ട് ദിവസം ഇവര്‍ ബാംഗ്ലൂരില്‍ തങ്ങും.  ആര്‍ പിമാരായി പ്രവര്‍ത്തിച്ച് തുടങ്ങിയ ചെറിയ സമ്പാദ്യത്തില്‍ നിന്നുമാണ് ഇവര്‍ ഇതിനായുള്ള ചിലവ് കണ്ടെത്തിയിരിക്കുന്നത്. ഒരു പകല്‍ ആകാശവും ഒരു രാത്രി ആകാശവും വിമാനത്തിലിരുന്ന് കാണാന്‍ പോകുന്നതിന്‍റെ സന്തോഷം യാത്രക്ക് മുന്‍പ് അവര്‍ തന്നെ പങ്കുവെച്ചു. കുടുംബ തിരക്കുകളില്‍ നിന്നും അലിഖിത നിബന്ധകളില്‍ നിന്നും താല്‍ക്കാലികമായി പുറത്ത് വന്നതിന്‍റെ സന്തോഷം യാത്രക്കെത്തിയവരുടെ മുഖത്ത് പ്രകടമായിരുന്നു.

ആകാശത്തിന്‍റെയും ഭൂമിയുടെയും പകുതി അവകാശികള്‍ ആയവര്‍ എട്ടാം തീയതി തിരികെ നാട്ടിലേക്ക് പറന്നിറങ്ങുന്നത് എന്‍ എച്ച് എഫ് ക്ലാസുകളിലേക്കാണ്. അതും മോഹങ്ങളുടെ ചിറക് വിരിക്കാനായി അയല്‍ക്കൂട്ട സ്ത്രീകളെ പഠിപ്പിക്കാന്‍. ഫ്‌ളൈറ്റ് ടിക്കറ്റ് മുതല്‍ താമസ സൗകര്യം വരെയുള്ള കാര്യങ്ങള്‍ സ്ത്രീകള്‍ തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. അതോടൊപ്പം തന്നെ വഴി ചിലവുകളെല്ലാം തന്നെ അവര്‍ കൂട്ടിവെച്ച് തങ്ങളുടെ സമ്പാദ്യത്തില്‍ നിന്നാണ് സജീകരിച്ചിക്കുന്നത്.  

click me!