കൊവിഡ് 19: സജീവ സാന്നിധ്യമായി കുടുംബശ്രീ, ഇതിനോടകം നിര്‍മ്മിച്ചത് 1,78,912 കോട്ടണ്‍ മാസ്‌ക്കുകള്‍

By Web TeamFirst Published Mar 31, 2020, 8:45 PM IST
Highlights

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിക്കാനും ഇവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. 

കോഴിക്കോട്: കൊവിഡ്-19 വ്യാപനം നേരിടുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കുടുംബശ്രീ മിഷന്റെ മേല്‍നോട്ടത്തില്‍ വിവിധ കുടുംബശ്രീ യൂണിറ്റുകള്‍ ഇതിനകം നിര്‍മ്മിച്ചത് 1,78,912 കോട്ടണ്‍ മാസ്‌ക്കുകള്‍. ഇതുകൂടാതെ 756 ലിറ്റര്‍ സാനിറ്റെസറും 1125 ലിറ്റര്‍ ഹാന്‍ഡ് വാഷും കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ ഉത്പാദിപ്പിച്ചിട്ടുണ്ട്. 

വൈറസ് ബാധയെ കുറിച്ചുള്ള 2 ലക്ഷം നോട്ടീസുകള്‍ വിതരണം ചെയ്തു. സര്‍ക്കാര്‍ ഓഫീസുകള്‍, കോര്‍പറേഷന്‍ ഓഫീസ്, സര്‍ക്കിള്‍ ഓഫീസുകള്‍, ട്രഷറി, താലൂക്ക് ഓഫീസ്, കെഎസ്ആര്‍ടിസി,  തുടങ്ങിയ ഇടങ്ങളിലാണ് ഇത് വിതരണം ചെയ്തത്. 
 
വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് സഹായം എത്തിക്കാനും ഇവര്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും കുടുംബശ്രീ പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അവയെ നേരിടാനുള്ള മാര്‍ഗങ്ങള്‍, മുതിര്‍ന്നവരെ പരിചരിക്കുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ആളുകളില്‍ എത്തിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന 84 കമ്മ്യൂണിറ്റി കിച്ചണുകളില്‍  81 എണ്ണവും കൈകാര്യം ചെയ്യുന്നത് കുടുംബശ്രീയാണ്.

click me!