
തൃശൂർ: ഓണാഘോഷത്തിന്റെ ഭാഗമായി ഓണപ്പാട്ടിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കി കുന്നംകുളം ഗുഡ് ഷെപ്പേർഡ് സി.എം.ഐ. സ്കൂൾ. വിദ്യാർഥികളും രക്ഷിതാക്കളും ഒരുമിച്ച് അണിനിരന്ന് നടത്തിയ ഏറ്റവും വലിയ ഓണപ്പാട്ട് ആലാപനത്തിലൂടെയാണ് സ്കൂൾ ഈ അപൂർവ നേട്ടം കൈവരിച്ചത്.
Best of India Records ന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഗാ പരിപാടിയിൽ ആയിരത്തിഅഞ്ഞൂറിലധികം വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു. ഓണത്തിന്റെ പാരമ്പര്യവും വിളിച്ചോതുന്ന കേരളത്തനിമ തുളുമ്പുന്ന 11 ഓളം ഓണപ്പാട്ടുകൾ ഒരേ സ്വരത്തിൽ 20 മിനിട്ട് ആലപിച്ചാണ് റെക്കോർഡ് സ്വന്തമാക്കിയത്. കേരളീയ രീതിയിൽ വസ്ത്രം ധരിച്ച 500 രക്ഷിതാക്കളും1200 വിദ്യാർത്ഥികളുമാണ് ഓണപ്പാട്ടിൽ അണിനിരന്നത്.
ഓണത്തിന്റെ സന്തോഷവും ഐക്യവും സംഗീതത്തിലൂടെ പങ്കുവെച്ച പരിപാടി വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ആവേശകരമായ അനുഭവമായി. ഒരുമിച്ച് പാടി, ഒരുമിച്ച് ചരിത്രം സൃഷ്ടിച്ച ഈ നേട്ടം ഗുഡ് ഷെപ്പേർഡ് സി.എം.ഐ. സ്കൂളിന്റെ അഭിമാനമായി.
“ഒരു ശബ്ദം, ഒരു മനസ്സ്, ഒരു റെക്കോർഡ്” എന്ന സന്ദേശവുമായി നടത്തിയ പരിപാടിയിലൂടെ സ്കൂൾ സ്വന്തമാക്കിയ ലോക റെക്കോർഡ് ഓണാഘോഷത്തിന് പുതിയൊരു ചരിത്രമുദ്ര സമ്മാനിച്ചു. ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ അഭയ് കുമാർ കെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ മാനേജർ റവ. ഫാദർ സെൽജോ വെളിയന്നൂകാരൻ സി. എം. ഐ. അധ്യക്ഷത വഹിച്ചു. റെക്കോർഡ് ജേതാവായ വയലിനിസ്റ്റ് എം. എസ്. വിശ്വനാഥിന്റെ വയലിൻ കച്ചേരിയും ഉണ്ടായിരുന്നു. സ്കൂൾ പ്രിൻസിപ്പൽ റവ.ഫാദർ ഡോ.ജോസ് താണിക്കൽ സി.എം.ഐ. സന്ദേശം നൽകി. വൈസ് പ്രിൻസിപ്പൽ ശ്രീമതി ഷാനു ജോഫി സന്നിഹിതയായിരുന്നു. PTWA പ്രസിഡന്റ് ശ്രീ ജോജിത്ത് ടി രാജൻ, വൈസ് പ്രസിഡന്റ് ടിഷ ബിജു, KG PTWA പ്രസിഡന്റ് ധന്യ പ്രവീൺ എന്നിവർ സന്നിഹിതരായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam