തിരുവനന്തപുരത്ത് ധനകാര്യസ്ഥാപനത്തിൽ വെച്ച് അഞ്ചു വയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ 78 കാരൻ അറസ്റ്റിൽ. ബാങ്കിലെയും സമീപത്തെയും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വട്ടിയൂർക്കാവ് സ്വദേശിയായ പ്രതി പിടിയിലായത്.
തിരുവനന്തപുരം: തലസ്ഥാനത്തെ ഒരു ധനകാര്യസ്ഥാപനത്തിൽ അഞ്ചു വയസുകാരിയോട് ലൈംഗികാതിക്രമം കാട്ടിയ 78 കാരൻ പൊലീസ് പിടിയിൽ. വട്ടിയൂർക്കാവ് കാഞ്ഞിരംപാറ സ്വദേശി വിജയൻ(78) ആണ് അറസ്റ്റിലായത്. പേയാട് ഭാഗത്തെ ധനകാര്യസ്ഥാപനത്തിൽ അമ്മയോടൊപ്പം എത്തിയ അഞ്ചു വയസുകാരിയോടാണ് 78 കാരനായ പ്രതി ലൈംഗികാതിക്രമം കാട്ടിയത്.
സംഭവത്തിന് ശേഷം കടന്നുകളഞ്ഞ പ്രതിയെക്കുറിച്ച് പൊലീസിന് യാതൊരുവിധ മുൻവിവരങ്ങളും ലഭ്യമായിരുന്നില്ല. തുടർന്ന് പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് ബാങ്കിലെയും സമീപ പ്രദേശങ്ങളിലെയും 150-ഓളം സിസിടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും പിടികൂടിയതും.
തിരുവനന്തപുരം റൂറൽ എസ്പി പ്രശാന്തൻ കാണിയുടെ നിർദേശപ്രകാരം കാട്ടാക്കട ഡിവൈഎസ്പി ബിനുവിന്റെ നേത്യത്വത്തിലാണ് അന്വേഷണം നടന്നത്. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ മലയിൻകീഴ് സി.ഐ. ഉമേഷ്, വിളപ്പിൽശാല എസ്എച്ച്ഒ അനീഷ് കുമാർ, എസ്ഐ ബൈജു, സിപിഒമാരായ പ്രവീൺ, സജിത്ത്, അനീഷ് എന്നിവരടങ്ങുന്ന സംഘം പിടികൂടുകയായിരുന്നു.
















