
തൃശൂർ: ഗൃഹനാഥനെ കടിച്ച തെരുവ് നായക്ക് പേവിഷബാധയുണ്ടായിരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ കുന്നംകുളത്ത് നഗരസഭയുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കൾക്ക് വാക്സിനേഷൻ ആരംഭിച്ചു. വെള്ളിയാഴ്ച മുതലാണ് വെറ്റനറി ഡോക്ടറുടെ സഹായത്തോടെ വാക്സിനേഷൻ നടപടികൾ ആരംഭിച്ചത്. നെറ്റ് ഉപയോഗിച്ച് നായ്ക്കളെ പിടികൂടിയാണ് കുത്തിവെപ്പ് നടത്തുന്നത്. താലൂക്കാശുപത്രി, കാണിപ്പയ്യൂർ, നഗരസഭ ലൈബ്രറി പരിസരം, കുറുക്കൻപാറ, ഗ്രീൻ പാർക്ക്, പട്ടാമ്പി റോഡ് എന്നിവടങ്ങളിലാണ് ഇന്നലെ തെരുവ് നായ്ക്കളെ പിടികൂടി വാക്സിനേഷൻ ആരംഭിച്ചിട്ടുള്ളത്.
ഇന്ന് മാർക്കറ്റ്, നഗരത്തിലെ മറ്റ് വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ വാക്സിനേഷൻ നടത്തും. ഞായറാഴ്ച വരെ വാക്സിനേഷൻ തുടരും. ഡോ. റിനു ജോണിന്റെ നേതൃത്വത്തിൽ രണ്ട് ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, നാല് തെരുവുനായ പിടുത്തക്കാർ എന്നിവരടങ്ങുന്ന സംഘമാണ് വാക്സിനേഷൻ പ്രവർത്തനങ്ങൾ നടത്തുന്നത്. നഗരത്തിലും പരിസര പ്രദേശങ്ങളിലും ഒരു ഇടവേളക്കുശേഷം തെരുവ് നായ് ശല്യം രൂക്ഷമായിരിക്കുകയാണ്. കാണിപ്പയ്യൂരിൽ വീടിന്റെ വരാന്തയിൽ ഇരുക്കുമ്പോഴാണ് മുൻ കൗൺസിലറുടെ ഭർത്താവിനെ ഓടി വന്ന തെരുവ് നായ കടിച്ചത്. ഈ നായക്കാണ് പിന്നീട് പേവിഷ ബാധ കണ്ടെത്തിയത്.
നഗരത്തിലെ സ്കൂളുകളിലും പരിസരങ്ങളിലും തെരുവ് നായ ശല്യം വർദ്ധിച്ചിട്ടുണ്ട്. ഭക്ഷണ അവശിഷ്ടങ്ങൾ പുറത്തേക്ക് വലിച്ചെറിയുന്നത് കഴിക്കാനായി തെരുവ് നായ്ക്കൾ കൂട്ടമായാണ് എത്തുന്നത്. സ്കൂൾ വരാന്തകളിലും ഒഴിഞ്ഞുകിടക്കുന്ന പഴയ കെട്ടിടങ്ങളിലുമാണ് തെരുവ് നായ്ക്കളുടെ വിശ്രമകേന്ദ്രങ്ങൾ. ചില ഘട്ടങ്ങളിൽ ഇത്തരം തെരുവ് നായ കൂട്ടങ്ങൾ സ്കൂൾ കുട്ടികളെയും വഴിയാത്രക്കാരെയും ആക്രമിക്കുന്നുമുണ്ട്. രാത്രി കാലങ്ങളിൽ പുറത്തിറങ്ങുന്ന കുറുനരികൾ തെരുവ് നായ്ക്കളെ ആക്രമിക്കാറുണ്ടന്ന് നാട്ടുകാർ പറഞ്ഞു. കുറുനരിയുടെ കടിയേറ്റാണ് തെരുവ് നായക്ക് പേവിഷബാധയുണ്ടാകുന്നതെന്നും ചില സൂചനകളുണ്ട്.
സ്കൂളുകളും പരിസരവും അപകടകരമായ രീതിയിൽ തെരുവ് നായ്ക്കളുടെ കേന്ദ്രമായി മാറിയിരിക്കുന്ന സാഹചര്യത്തിൽ ഈ വിഷയം ചർച്ച ചെയ്യുന്നതിനും മുൻകരുതലുകൾ എടുക്കുന്നതിനും വേണ്ടി അടിയന്തിരമായി സ്കൂൾ അധികൃതരുടെയും പിടിഎ ഭാരവാഹികളുടെയും യോഗം വിളിച്ചു ചേർക്കണമെന്ന് നഗരസഭ കൗൺസിലർ ലെബീബ് ഹസ്സൻ ആവശ്യപ്പെട്ടു .ഇതു സംബന്ധിച്ച് നഗരസഭ ചെയർപേഴ്സന് കൗൺസിലർ കത്ത് നൽകി.