
തൃശ്ശൂർ: കുന്നംകുളം നഗരസഭയിൽ സുഭിക്ഷ ഹോട്ടലിലെ ഊൺ വിലയുമായി ബന്ധപ്പെട്ട് ഭരണ പ്രതിപക്ഷ തർക്കം. ഹോട്ടലിലെ ഊണിൻ്റെ വില 20 രൂപയിൽ നിന്ന് 30 രൂപയാക്കി വർധിപ്പിക്കാനുള്ള നിർദേശം നഗരസഭ കൗൺസിൽ ഒറ്റക്കെട്ടായി തള്ളിയിരുന്നു. എന്നാൽ യോഗ തീരുമാനങ്ങൾ രേഖപ്പെടുത്തിയ മിനിറ്റ്സിൽ സർക്കാർ തീരുമാനം അംഗീകരിച്ച് വില വർധിപ്പിക്കാൻ തീരുമാനിച്ചുവെന്നാണ് രേഖപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ടാണ് തർക്കം.
ഓഗസ്റ്റ് എട്ടിന് ചേര്‍ന്ന കുന്നംകുളം നഗരസഭാ കൗണ്‍സില്‍ യോഗം വിശദമായി ചര്‍ച്ച ചെയ്‌താണ് സർക്കാരിൻ്റെ നിർദേശം തള്ളിയത്. സർക്കാർ തീരുമാനം മൂലം സുഭിക്ഷ ഹോട്ടലിന് ഒരു ഊണിന് പത്ത് രൂപ നിരക്കിൽ വരുന്ന നഷ്ടം നഗരസഭയുടെ തനത് ഫണ്ടില്‍ നിന്ന് നല്‍കി പരിഹരിക്കാനാണ് തീരുമാനിച്ചത്. നഗരസഭ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.എം. സുരേഷിൻ്റെ ഈ നിർദേശം പ്രതിപക്ഷത്തു നിന്ന് കൗണ്‍സിലര്‍ ലെബീബ് ഹസന്‍ പിന്താങ്ങിയിരുന്നു. എന്നാല്‍ കൗണ്‍സില്‍ യോഗത്തിന്റെ തീരുമാനങ്ങള്‍ മിനിറ്റ്സായി രേഖപ്പെടുത്തിയപ്പോള്‍ 20 രൂപയില്‍നിന്ന് ഉച്ചഭക്ഷണത്തിന് 30 രൂപയാക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ചതായും സര്‍ക്കാര്‍ ഉത്തരവ് കൗണ്‍സില്‍ വായിച്ച് റെക്കാര്‍ഡ് ആക്കിയതുമായാണ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത്.
യോഗ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി രേഖപ്പെടുത്തുന്നത് ജനാധിപത്യ വിരുദ്ധ നിലപാടാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ ലെബീബ് ഹസന്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തില്‍ സുഭിക്ഷാ ഹോട്ടലിലെ ഭക്ഷണത്തിന് വിലവര്‍ധനവ് വരുത്തിയിട്ടില്ലന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഭാവിയില്‍ വര്‍ധനവ് നടപ്പിലാക്കുന്നതിനു വേണ്ടി കൗണ്‍സില്‍ തീരുമാനത്തിന് വിരുദ്ധമായി മിനിറ്റ്‌സ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ലെബീബ് ഹസന്‍ കുറ്റപ്പെടുത്തി.