
തിരുവനന്തപുരം: ഒരാഴ്ച്ചയിലേറെയായി കുടിവെള്ളം മുട്ടി തിരുവനന്തപുരം കുന്നത്തുകാൽ പഞ്ചായത്ത്. കേരള വാട്ടർ അതോറിറ്റിയെ മാത്രം ആശ്രയിക്കുന്ന നിരവധി കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലായി. എക്സിക്യൂട്ടീവ് എഞ്ചിനീയർ മുതൽ ജലവിഭമന്ത്രിയുടെ ഓഫീസിൽ വരെ വിളിക്കുമ്പോൾ പ്രശ്ന പരിഹാരത്തിന് പകരം പരിഹാസമാണ് ലഭിക്കുന്നതെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
കുന്നത്തുകാൽ പഞ്ചായത്തിലെ കുടിവെള്ള ടാപ്പുകൾ തുറന്നാൽ കുതിച്ചുവരുന്നത് വെറും വായു മാത്രമാണ്. പഞ്ചായത്തിലെ ജനങ്ങൾ മുഴുവനും ഒരാഴ്ചയായി നേരിടുന്നത് ഇതേ പ്രശ്നമാണ്. പഴമലയാറിലെ പമ്പിങ് സ്റ്റേഷനിലെ മോട്ടോർ തകരാറിലായതാണ് കുടിവെള്ള വിതരണം തടസ്സപ്പെടാൻ കാരണമെന്ന് ജല വിഭവ വകുപ്പിലെ ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു. മോട്ടോർ ശരിയാക്കിയെന്ന് പലവട്ടം അവകാശപ്പെടുമ്പോഴും വെള്ളം മാത്രം എത്തുന്നില്ല.
നാല് കോടിയോളം രൂപ ഖജനാവിൽ നിന്ന് ചെലവിട്ടാണ് പഞ്ചായത്തിൽ ആധുനിക കുടിവളള സംഭരണി നിർമ്മിച്ചത്. ഇതിന്റെ വിതരണ ശൃംഖലയ്ക്കായി പിന്നെയും കോടിക്കണക്കിന് രൂപ ചെലവാക്കി. ജലജീവൻ പദ്ധതിയിലടക്കം ഉൾപ്പെടുത്തി ഇപ്പോഴും കൂടുതൽ വീടുകളിലേക്ക് കുടിവെള്ള പൈപ്പ് ലൈനുകൾ എത്തിക്കുന്നുണ്ട്. വിപുലമായ അടിസ്ഥാന സൗകര്യം ഉണ്ടായിട്ടും കുടിവെള്ളം മാത്രം വീട്ടിലെത്തുന്നില്ല. ക്രിസ്മസ് അവധികഴിഞ്ഞ് സ്കൂൾ തുറക്കും മുൻപെങ്കിലും കുടിവെള്ളം കിട്ടാൻ സർക്കാരിന്റെ കനിവ് തേടുകയാണ് ഈ നാട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam