കുട്ടമ്പേരൂർ സുഭാഷ് വധക്കേസ്: ആറുപ്രതികൾക്കും ജീവപര്യന്തം

By Web TeamFirst Published Feb 27, 2021, 8:56 PM IST
Highlights

ഏഴ് പ്രതികൾ ഉണ്ടായിരുന്ന കേസിൽ പ്രതിയായിരുന്ന കുട്ടമ്പേരൂർ മൂന്നുപുരയ്ക്കൽ താഴ്ചയിൽ മുകേഷ്(34) വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു...

മാവേലിക്കര: മാന്നാറിൽ ഗുണ്ടാലിസ്റ്റിലുണ്ടായിരുന്ന കുട്ടമ്പേരൂർ കരിയിൽ കിഴക്കതിൽ സുഭാഷി(35)നെ വെട്ടിക്കൊലപ്പെടുത്തുകയും സഹോദരൻ സുരേഷി(42)നെ വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ ആറുപ്രതികൾക്കും ജീവപര്യന്തം തടവും പിഴയും വിധിച്ചു മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ഉത്തരവായി. മാന്നാർ കുട്ടമ്പേരൂർ ചൂരയ്ക്കാട്ടിൽ ബോബസ്(39), സഹോദരൻ ബോബി എന്നുവിളിക്കുന്ന ശ്യാം കുമാർ(36), കുട്ടമ്പേരൂർ ചൂരക്കാട്ട് ജോയി(68), പള്ളിയമ്പിൽ ജയകൃഷ്ണൻ(38), ചൂരക്കാട്ടിൽ ആഷിക് (34), വെട്ടിയാർ മലാന്തറയിൽ ഗിരീഷ്(40) എന്നിവരെ ജീവപര്യന്തം തടവിനും 106500 രൂപ വീതം പിഴയ്ക്കും ശിക്ഷ വിധിക്കുകയായിരുന്നു. 

ഏഴ് പ്രതികൾ ഉണ്ടായിരുന്ന കേസിൽ പ്രതിയായിരുന്ന കുട്ടമ്പേരൂർ മൂന്നുപുരയ്ക്കൽ താഴ്ചയിൽ മുകേഷ്(34) വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. ആറ് പ്രതികൾക്കും ജീവപര്യന്തം തടവു കൂടാതെ വധശ്രമം ഉൾപ്പടെ വിവിധ വകുപ്പുകളിലായി 23 വർഷവും ഏഴുമാസവും തടവു ശിക്ഷയും വിധിച്ചു. എന്നാൽ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പിഴത്തുക പ്രതികൾ ഒടുക്കുന്ന പക്ഷം പിഴത്തുകയിൽ നിന്ന് 40000 രൂപ കേസിലെ ഏഴാം സാക്ഷി വൈശാഖിന്റെ ബൈക്ക് തീവെച്ച് നശിപ്പിച്ചതിൽ അയാൾക്ക് നൽകാനും ബാക്കി തുകയുടെ 75 ശതമാനം സുഭാഷിന്റെ ഭാര്യക്കും 25 ശതമാനം സുരേഷിനും നൽകാനാണ് ഉത്തരവ്. പ്രതികൾ കേസിന്റെ ആദ്യ നാളുകളിൽ അനുഭവിച്ച ജയിൽശിക്ഷ നിലവിലെ ശിക്ഷയിൽ നിന്ന് കുറവ് ചെയ്തിട്ടുണ്ട്. 

2011 നവംബർ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം. മാരകായുധങ്ങളുമായി എത്തിയ സംഘം സുഭാഷിനെയും സുരേഷിനെയും വീട്ടിലുള്ളവരുടെ മുന്നിലിട്ടു വെട്ടുകയായിരുന്നു. ഇവരുടെ അമ്മ സരസമ്മ, സുഭാഷിന്റെ ഭാര്യ മഞ്ജു, മകൾ അരുന്ധതി എന്നിവർക്കും വെട്ടേറ്റു. മകൻ ആദിത്യന്റെ കൈ തല്ലിയൊടിക്കുകയും ചെയ്തിരുന്നു. സുഭാഷ് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് മരണപ്പെട്ടത്. പ്രോസിക്യൂഷൻ കേസിൽ 19 സാക്ഷികളെ വിസ്തരിച്ചു. 27 രേഖകളും ഏഴ് തൊണ്ടിമുതലുകളും ഹാജരാക്കിയിരുന്നു. 

click me!