
മലപ്പുറം: പിടികിട്ടാപ്പുള്ളിയായ വാഹന മോഷ്ടാവ് അവസാനം പിടിയിലായി. തിരുവനന്തപുരം നെടുമങ്ങാട് തോന്നക്കൽ അരികത്ത് വീട് സലാഹുദ്ധീൻ എന്ന സലാഹ്( 55)ആണ് പിടിയിലായത്. പതിമൂന്ന് കൊല്ലമായി ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ വഴിക്കടവ് പൊലീസാണ് പിടികൂടിയത്. ഇൻഷുറൻസ് കമ്പനികളിൽ നിന്ന് ടോട്ടൽ ലോസായ കാറുകൾ വാങ്ങി, അതേ നമ്പറിലേക്ക് മോഷ്ടിച്ച കാറുകളുടെ നമ്പർ മാറ്റി മാർക്കറ്റ് വിലക്ക് വിൽപ്പന നടത്തുകയാണ് ഇയാളുടെ മോഷണ രീതി.
15 വർഷം മുമ്പ് പൂക്കോട്ടുംപാടത്ത് രണ്ടാം വിവാഹം കഴിച്ച് താമസിച്ചിരുന്ന പ്രതി മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നായി ഇരുപതോളം കാറുകളാണ് ഇത്തരത്തിൽ മോഷ്ടിച്ച് കടത്തിയിരുന്നത്. ബംഗ്ലൂളുരിവിലെ കുപ്രസിദ്ധ വാഹന മോഷ്ടാവ് കരീം ബായിയും സംഘവുമാണ് വാഹനങ്ങൾ മോഷ്ടിച്ച് സലാഹിന് എത്തിച്ച് കൊടുത്തിരുന്നത്.
മഞ്ചേരി തുറക്കലിലെ തൃശ്ശൂർ സ്വദേശിയുടെ വർക്ക് ഷോപ്പിലാണ് തരം മാറ്റൽ ജോലി ചെയ്തിരുന്നത്. കണ്ണൂരിലെ ഒരു പൊലീസ് ഓഫീസർ കാറപകടത്തിൽ മരണപ്പെട്ട കേസിലെ മാരുതി 800 കാർ ടോട്ടൽ ലോസിൽ എടുത്ത സലാഹ് വഴിക്കടവിൽ നിന്ന് മോഷ്ടിച്ച റിട്ടയേഡ് എസ് ഐയുടെ മാരുതി 800 കാറിൽ നമ്പർ മാറ്റി വിൽപ്പന നടത്തയിരുന്നു.
കൂടാതെ താമരശ്ശേരി സി ഐ ആയിരുന്ന തിരുവനന്തപുരം സ്വദേശിയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ച ടാറ്റാ ഇൻഡിക്ക കാർ നമ്പർ മാറ്റി നിലമ്പൂരിൽ ഉപയോഗിച്ച് വരുന്നതിനിടയിലാണ് പൊലീസ് പിടിയിലായിരുന്നു. കോഴിക്കോട് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങി വ്യാജ പാസ്പോർട്ട് തരപ്പെടുത്തി ഗൾഫിലേക്ക് കടന്ന പ്രതി ഗൾഫിൽ നിന്ന് തിരികെ നാട്ടിൽ വന്ന ഒളിവിൽ പോവുകയായിരുന്നു. നിലമ്പൂർ കോടതിയിൽ കേസിന് ഹാജരാകാത്തതിനാൽ സലാഹുദിനെ കോടതി പിടികിട്ടാപ്പുളിയായി പ്രഖ്യപിച്ചിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam