Latest Videos

കുട്ടനാടിന്‍റെ മുത്തശ്ശി ഏലിയാമ്മ ഓര്‍മ്മയായി, അന്ത്യം 115മത്തെ വയസില്‍

By Web TeamFirst Published Jun 30, 2022, 5:56 PM IST
Highlights

കല്‍ക്കണ്ടം, ഹോര്‍ലിക്‌സ്‌, ഗ്ലൂക്കോസ്‌ എന്നിവ ഇഷ്‌ടമാണെന്നറിയുന്ന സന്ദര്‍ശകര്‍ അതുമായാണ്‌ ഏലിയാമ്മ മുത്തശ്ശിയെ കാണാനിയി വന്നിരുന്നത്‌. പോപ്പിന്‍സ്‌ മിഠായി കുട്ടികള്‍ക്കൊപ്പം കഴിക്കുന്നതും ഏലിയാമ്മച്ചിയുടെ ഹരമായിരുന്നു.

ആലപ്പുഴ: കുട്ടനാടിന്‍റെ മുത്തശ്ശി ഏലിയാമ്മച്ചി ഓര്‍മ്മയായി. ഓടി നടക്കാനാകുന്ന കാലംവരെ ഓടിനടന്നു. ആരോഗ്യത്തിന്‍റെ പേരില്‍ സ്വാദിഷ്‌ടമായതൊന്നും വേണ്ടെന്നു വച്ചതുമില്ല. 115 മത്തെ വയസില്‍ മരണത്തിന്‌ കീഴടങ്ങുംവരെ ജീവിത ശൈലീരോഗങ്ങളെയടക്കം അകറ്റിനിര്‍ത്തിയ ഏലിയാമ്മച്ചി പുതുതലമുറകള്‍ക്ക്‌ മാതൃകയാകുന്ന ജീവിതമാണ്‌ നയിച്ചിരുന്നത്‌. പ്രായം 110 പിന്നിട്ടതോടെയാണ്‌ കാവാലം വടക്ക്‌ കേളമംഗലത്ത്‌ വീട്ടില്‍ ഏലിയാമ്മ തോമസ്‌ നാടിന്റെയാകെ മുത്തശ്ശിയായി അറിയപ്പെട്ടത്‌. 

1924 ലെ മഹാ പ്രളയകാലത്ത്‌ ഏലിയാമ്മയ്‌ക്ക്‌ 16 വയാസായിരുന്നു. അന്ന്‌ വീട്ടിലെ സാധനസാമഗ്രികള്‍ ഉയര്‍ത്തിവച്ചത്‌ വീടിന്റെ തട്ടിന്‍പുറത്തായിരുന്നു താമസം. മൂന്നാഴ്‌ചയോളം പ്രളയജലം ഭീഷണി ഉയര്‍ത്തിയതായി ഏലിയാമ്മ പറയുമായിരുന്നു. 2018 ലെ മഹാപ്രളയത്തില്‍ കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടിലേക്ക്‌ മാറിയിരുന്നു. രണ്ട്‌ മഹാപ്രളയങ്ങള്‍ അടക്കം ഏലിയാമ്മ ജീവിതത്തില്‍ നേരിട്ട അനുഭവങ്ങള്‍ അനവധി. 

കാവാലം കടൂത്ര തോമസിന്റെ ഭാര്യയായ ഏലിയാമ്മയ്‌ക്ക്‌ പ്രായമേറിയിട്ടും ഓര്‍മയ്‌ക്കോ കേള്‍വിക്കാ കുറവുണ്ടായിരുന്നില്ല. സംസാരിക്കുന്നതിനും ബുദ്ധിമുട്ടില്ലായിരുന്നു. കാവാലം ഇരുപതില്‍ വീട്ടില്‍ ചെറിയാനാശാന്റേയും അന്നമ്മയുടേയും രണ്ടാമത്തെ മകളായി കൊല്ലവര്‍ഷം 1083 ലായിരുന്നു ജനനം. സഹോദരങ്ങള്‍ ആരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. രണ്ടാം ക്ലാസുവരെ മാത്രമേ സ്‌കൂളില്‍ പഠിച്ചിട്ടുള്ളൂ. 

പന്ത്രണ്ടാം വയസിലായിരുന്നു ഏലിയാമ്മയുടെ വിവാഹം. ഏഴുമക്കള്‍ ഉണ്ടായിരുന്ന ഇവരുടെ കുടുംബത്തില്‍ മക്കളും കൊച്ചുമക്കളുമായി പത്തിലേറെ അംഗങ്ങളുണ്ട്‌. ഭര്‍ത്താവ്‌ തോമസ്‌ മരിച്ചശേഷം നാലാമത്തെ മകന്‍ ജോസുകുട്ടിക്കൊപ്പമായിരുന്നു താമസം. തന്റെ 75-ാമത്തെ വയസിലും അമ്മയ്‌ക്കൊപ്പം ജീവിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്നു കര്‍ഷകനായ ജോസുകുട്ടി. മത്സ്യമാംസാഹാരവും മധുരവുമായിരുന്നു ഏലിയാമ്മയ്‌ക്ക്‌ ഏറെയിഷ്‌ടം. 

കല്‍ക്കണ്ടം, ഹോര്‍ലിക്‌സ്‌, ഗ്ലൂക്കോസ്‌ എന്നിവ ഇഷ്‌ടമാണെന്നറിയുന്ന സന്ദര്‍ശകര്‍ അതുമായാണ്‌ വന്നിരുന്നത്‌. പോപ്പിന്‍സ്‌ മിഠായി കുട്ടികള്‍ക്കൊപ്പം കഴിക്കുന്നതും ഹരമായിരുന്നു. ചാരവും ചാണകവുമിട്ട്‌ നാടന്‍ വിത്തിനങ്ങളായ കൊച്ചുവിത്ത്‌, കരിവെണ്ണല്‍, കുളിപ്പാല എന്നിവ ഉപയോഗിച്ചുള്ള പഴയ കുട്ടനാടന്‍ കൃഷി ചെയ്‌തിട്ടുണ്ട്‌ ഏലിയാമ്മ. പ്രായമേറിയിട്ടും സ്വന്തം കാര്യങ്ങള്‍ തനിച്ചുചെയ്യാനും ഏലിയാമ്മ താല്‍പര്യം കാട്ടിയിരുന്നു. ഏ​റ്റ​വും മു​തി​ർ​ന്ന പൗ​ര​യെ​ന്ന നി​ല​യി​ൽ ഏ​ലി​യാ​മ്മ​യെ വി​വി​ധ മ​ത -രാഷ്ട്രീയ സംഘടനകള്‍ ആദരിച്ചിട്ടുണ്ട്.
 

click me!