
മാന്നാർ: ജലാശയങ്ങളിൽ കുട്ടവഞ്ചിക്കാർ മീൻ പിടിത്തത്തിനായി ചെന്നിത്തലയിൽ എത്തിയത് കൗതുക കാഴ്ചയായി. പഴയ പറയങ്കേരി, അച്ചൻകോവിൽ, പുത്തനാർ എന്നീ ആറുകളിൽ നിന്നും മീൻ പിടിക്കുന്ന ഇവർ കർണാടകയിലെ മൈസൂറിൽ നിന്നും എത്തിയവരാണ്. കുട്ടവഞ്ചി മാതൃകയിൽ ഫൈബറില്‍ നിർമ്മിച്ച വഞ്ചിയിൽ നാലോളം കുടുംബങ്ങളാണ് ചെന്നിത്തലയില്‍ എത്തിയിട്ടുള്ളത്. അതിരാവിലെ നൈലോൺ വലയുമായി ഇവർ വഞ്ചിയിൽ കയറി വെള്ളത്തിൽ നീളത്തില്‍ വലകൾ വിരിയ്ക്കും. തിരികെ വരും വഴി വല വലിച്ച് മീനുകളെ വഞ്ചിയിൽ കയറ്റും. ഭാര്യയും ഭർത്താവും മാറി മാറി വഞ്ചി തുഴയുകയും വലയുടെ പണിയും ചെയ്യും. മീനിന്‍റെ ജീവൻ നഷ്ടപ്പെടാതെ തന്നെ ഇവയെ കരയിൽ എത്തിച്ച് പുഴയുടെ സമീപത്തുള്ള റോഡുകളില്‍ വച്ച് തന്നെ അന്നന്ന് ലഭിച്ച മീൻ വിറ്റുതീർക്കും.