
കോഴിക്കോട്: കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന 5.200 കിലോഗ്രാം ആമ്പർഗ്രീസുമായി (തിമംഗല ചർദ്ദി) ഒരാള്‍ പിടിയില്‍. തൃശൂർ പേരമംഗലം താഴത്തുവളപ്പിൽ അനൂപ് ടി പി (32 ) ആണ് പിടിയിലായത്. കൊടുവള്ളി സി.ഐ.ചന്ദ്രമോഹന്‍റെ നേതൃത്വത്തിൽ എസ് ഐമാരായ അനൂപ്, രശ്മി എന്നിവർ നടത്തിയ പരിശോധനയിലാണ് കാറിന്‍റെ ഡിക്കിയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന ആമ്പർഗ്രീസ് കണ്ടെത്തിയത്. നെല്ലാംകണ്ടി പാലത്തിന് സമീപം വെച്ച് ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. കൊടുവള്ളി മേഖലയില്‍ കൈമാറാനായി കൊണ്ട് വന്നതാണ് ആമ്പർഗ്രീസെന്നാണ് പൊലീസ് സംശയിക്കുന്നത്. ആമ്പർഗ്രീസും പ്രതിയായ അനൂപിനെയും താമരശ്ശേരി ഫോറസ്റ്റ് അധികൃതർക്ക് കൈമാറിയതായി കൊടുവള്ളി പൊലീസ് അറിയിച്ചു. ഫോറസ്റ്റ് തുടർ നടപടികൾ സ്വീകരിക്കും.സുഗന്ധ ദ്രവ്യങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ആമ്പർഗ്രീസിന് ഔദ്ധോഗികമായി വിൽപ്പന നടത്താൻ കഴിയില്ല. അതിനാല്‍ ഇതിന് ബ്ലാക്ക് മാർക്കറ്റിൽ വന്‍ വിലയും ഡിമാന്‍റുമാണ്.
എന്താണ് 'തിമിംഗില ഛർദ്ദി'?
തിമിംഗില ഛർദ്ദി (ആംബർഗ്രിസ്) അതിന്റെ മൂല്യം കാരണം 'ഫ്‌ളോട്ടിങ് ഗോൾഡ്' എന്നും വിപണിയിൽ അറിയപ്പെടുന്നുണ്ട്. ഒരു എണ്ണത്തിമിംഗിലം ദിവസേന ആയിരക്കണക്കിന് കണവകളെ ആഹാരിക്കാറുണ്ട്. അവയിൽ ചിലതുമാത്രം തിമിംഗിലത്തിന്റെ കുടലിൽ കിടന്ന് ഒരു പ്രത്യേക പ്രക്രിയക്ക് വിധേയമായി അംബർഗ്രിസ് ആയി മാറും. ഒടുവിൽ അതിനെ തിമിംഗലം പുറന്തള്ളുകയും ചെയ്യും. ഇത് സമുദ്രോപരിതലത്തിൽ പൊങ്ങിക്കിടന്ന് തിരകൾക്കൊപ്പം സഞ്ചരിച്ച് ചിലപ്പോൾ അപൂർവമായി തീരത്ത് ചെന്നടിയും. 1783 -ൽ ജർമ്മൻ ഗവേഷകനായ ഫ്രാൻസ് ഷ്വെയ്ൻഡിയാവർ ഇതിനെ വിളിച്ചത്, "പ്രകൃത്യാതീതമായി ഘനീഭവിച്ച തിമിംഗില ഛർദ്ദി'' എന്നാണ്. 'മസ്‌ക്ക്' പോലുള്ള സവിശേഷ സുഗന്ധ ദ്രവ്യങ്ങളുടെ നിർമാണത്തിലെ അവിഭാജ്യമായ ഒരു അസംസ്‌കൃത വസ്തുവാണ് ആംബർഗ്രിസ്. ദുബായ് പോലെ സുഗന്ധ ദ്രവ്യങ്ങൾക്ക് നല്ല മാർക്കറ്റുള്ള രാജ്യങ്ങളിൽ ഇതിന് വലിയ ഡിമാൻഡാണ്. സുഗന്ധ ലേപനങ്ങൾക്ക് പുറമെ ചില വിശേഷ മരുന്നുകൾക്കും ഇത് ഒഴിവാക്കാനാവാത്ത ഒരു ചേരുവയാണ്.