
മാന്നാർ: കുത്തിയോട്ടപ്പാട്ടുകളുടെ രചനയിൽ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോഡ്സിൽ (Indian Book of Records)ഡോ. എൽ ശ്രീരഞ്ജിനി. പരുമല ശ്രീവലിയ പനയന്നാർകാവ് ദേവീക്ഷേത്ര ചരിതവും, ദേവീമാഹാത്മ്യവും ഉൾപ്പെടുത്തി കുത്തിയോട്ടപ്പാട്ടുകളുടെ സമാഹാരം 'ദേവീപ്രഭാവം' രചിച്ചു കൊണ്ട് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് മാന്നാർ കുരട്ടിശ്ശേരി "വരദ"യിൽ ഡോ. എൽ ശ്രീരഞ്ജിനി.
കുത്തിയോട്ടപ്പാട്ടുകളെഴുതിയ ആദ്യവനിത എന്ന നിലയിലാണ് റെക്കോർഡിൽ ഇടം നേടിയത്. ശ്രീരഞ്ജിനി രചിച്ച ചെട്ടികുളങ്ങര ദേവീചരിതം കുത്തിയോട്ടപ്പാട്ടുകൾ പ്രസിദ്ധീകരണത്തിനു തയ്യാറാവുകയാണ്. മാന്നാർ കുരട്ടിക്കാടു ശ്രീമൂകാംബിക കലാക്ഷേത്രം ഡയറക്ടറും, കലാസമിതി സെക്രട്ടറിയുമായ ശ്രീരഞ്ജിനി പ്രസിദ്ധ സാമൂഹ്യ പ്രവർത്തകനും, കുത്തിയോട്ട രചയിതാവുമായിരുന്ന പരുമല പടിഞ്ഞാറ്റേടത്തു തോപ്പിൽ കെ അപ്പുക്കുട്ടനാദിശ്ശരുടെ ചെറുമകളാണ്.
കർണ്ണാടക സംഗീതത്തിൽ ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. നിർമ്മാണത്തിലിരിക്കുന്ന രണ്ടു ചലച്ചിത്രങ്ങൾക്കായി ഗാനങ്ങൾ രചിച്ചു. ഗുരു ചെങ്ങന്നൂർ സംഗീത അവാർഡ്, കാവാലം നാരായണപ്പണിക്കർ സ്മാരക സംഗീത-സാഹിത്യ പുരസ്കാരം, എം എൽ എ പ്രതിഭാപുരസ്കാരം, ക്രിയാറ്റിഫ് നോവൽ അവാർഡ്, പരസ്പരം മാസികയുടെ പി കെ ഗോപാലൻ സ്മാരക വൈദികസാഹിത്യ അവാർഡ്, വിവിധ സംഘടനകളുടെ ഉപഹാരങ്ങൾ എന്നിവയും ലഭിച്ചിട്ടുണ്ട്. പമ്പ, താരാട്ട് (കവിതാ സമാഹാരങ്ങൾ ), അമൃത വർഷിണി, ഒരേ പാതയിലെ സഞ്ചാരികൾ (ലഘു നോവലുകൾ ) അമൃത കല്ലോലിനി എന്നിവയാണ് ഡോ. എൽ ശ്രീരഞ്ജിനിയുടെ രചനകൾ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam