
കോട്ടയം: കൂട്ടിക്കൽ ഉരുൾ പൊട്ടലിൽ ഒലിച്ചു പോയ ഏന്തയാർ ഈസ്റ്റ് പാലം എത്രയും വേഗം പുനർനിർമ്മിക്കണമെന്ന ആവശ്യവുമായി ജനകീയ സമരം. എല്ലാം നഷ്ട്ടപ്പെട്ട ജനങ്ങളിൽ നിന്ന് പിരിവെടുത്ത് പാലം നിർമ്മിക്കാതെ സർക്കാർ ഇടപെടലിനായി കൂട്ടിക്കൽ പഞ്ചായത്ത് സമ്മർദ്ദം ചെലുത്തണമെന്ന് പൗരസമിതി ആവശ്യപ്പെട്ടു.
കോട്ടയം -ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ഏന്തയാര്‍ ഈസ്റ്റ് പാലം മലവെള്ളപ്പാച്ചിൽ കൊണ്ടുപോയിട്ട് ഒരുമാസമായി. നാട്ടുകാർക്ക് ഇപ്പോൾ നടന്നുപോകാൻ തടിപ്പാലമാണ് ആശ്രയം. അതിലൂടെയുള്ള യാത്ര ഏറെ ദുഷ്കരവുമാണ്. വാഹന യാത്രക്കാർക്ക് മറുകര കടക്കാൻ കിലോമീറ്ററുകൾ ചുറ്റേണ്ട അവസ്ഥയുമാണ്.
മുക്കളം ഈസ്റ്റ്, കനകപുരം, വെംബ്ലി, വടക്കേമല, ഉറുന്പിക്കര തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. ഇതിനിടെ പുതിയ പാലം നിർമ്മിക്കാൻ പണപ്പിരിവ് നടത്താൻ നീക്കമുണ്ടായി. എല്ലാം നഷ്ടപ്പെട്ടവരിൽ നിന്ന് പിരിവ് നടത്താൻ അനുവദിക്കില്ലെന്നാണ് പൗരസമിതിയുടെ പ്രഖ്യാപനം.
ജനപ്രതിനിധികൾ നിർജീവമാണെന്നും പൗരസമിതി ആരോപിക്കുന്നു. കൂട്ടിക്കൽ ഗ്രാമ പഞ്ചായത്ത് എത്രയും പെട്ടെന്ന് പ്രമേയം പാസ്സാക്കി സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. തകർന്ന പാലത്തിന് സമീപമായിരുന്നു പൗരസമിതിയുടെ ജനകീയ സമരം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam