അശാസ്ത്രീയ നിര്‍മ്മാണം; ഗ്യാപ്പ് റോഡില്‍ തുടര്‍ച്ചയായി മണ്ണിടിയുന്നു, സഞ്ചാരികള്‍ ഭീതിയില്‍

By Jansen MalikapuramFirst Published Oct 9, 2019, 11:49 AM IST
Highlights

റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി തുടര്‍ച്ചയായി  നടത്തിയ അശാസ്ത്രീയ വിസ്ഫോടനങ്ങൾ പരിസ്ഥിതി ആഘാതത്തിന് കാരണമായി. ഇതോടെ വലിയ പാറക്കെട്ടുകളടക്കം പൊളിഞ്ഞ് വീണിരുന്നു.

ഇടുക്കി: ഇടുക്കി ഗ്യാപ്പ് റോഡിൽ അടിക്കടിയുണ്ടാകുന്ന മണ്ണിടിച്ചിൽ വിനോദസഞ്ചാരികളെ ഭീതിയിലാഴ്ത്തുന്നു. മഹാപ്രളയത്തിൽ പോലും സുരക്ഷിതമായി വാഹനങ്ങൾ കടന്നുപോയിരുന്ന റോഡിൽ ഇപ്പോൾ ചെറിയൊരു മഴപെയ്താൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. തട്ടുതട്ടുകളായി നിൽക്കുന്ന പാറകല്ലുകളും പറ്റിപ്പിടിച്ചിരിക്കുന്ന മണ്ണും ചെറിയൊരു മഴ പെയ്താൽ പോലും റോഡിലേക്ക് പതിക്കുകയാണ്.

കൊച്ചി- ധനുഷ്കോടി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങളാണ് അപകടങ്ങൾക്ക് വഴിയൊരുക്കുന്നത്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി തുടര്‍ച്ചയായി  നടത്തിയ അശാസ്ത്രീയ വിസ്ഫോടനങ്ങൾ പരിസ്ഥിതി ആഘാതത്തിന് കാരണമായി. വൻപാറകൾ സ്ഫോടനങ്ങളിൽ അടർന്നുവീണു. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് ആദ്യവാരത്തോടെ പെയ്ത കനത്ത മഴയിൽ ഗ്യാപ്പ് റോഡിൽ ചെറിയതോതിൽ മണ്ണിടിഞ്ഞു. ബൈക്ക് യാത്രക്കാർ അത്ഭുതകരമായാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.  ഒരാഴ്ചക്കിടെ തുടർന്ന് മണ്ണിടിച്ചയുണ്ടായെങ്കിലും വാഹന ഗതാഗതം തടസ്സപ്പെട്ടില്ല. എന്നാൽ കാലവർഷം ശക്തിപ്രാപിച്ചതോടെ മേഖലയിൽ വൻ മണ്ണിടിച്ചയുണ്ടായതോടെ ഗതാഗതം രണ്ടുമാസത്തോളം തടസ്സപ്പെട്ടു.

വൻ പാറക്കല്ലുകളും മണ്ണും റോഡിൽ പതിച്ചതോടെ റോഡ് പൂർണ്ണമായി തകർന്നു. ദേശീയപാത അധികൃതരുടെ അശാസ്ത്രീയ നിർമ്മാണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് ദേവികുളം സബ് കളക്ടറായിരുന്ന രേണുരാജ് സർക്കാരിന് റിപ്പോർട്ട് നൽകി. നിർമ്മാണത്തിൽ അപാകത വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ നിർമ്മാണങ്ങൾ തുടർന്നു. കഴിഞ്ഞ  ദിവസം അധികൃതർ റോഡിലൂടെയുള്ള ഗതാഗതം താൽക്കാലികമായി പുനസ്ഥാപിക്കുകയും ചെയ്തു. എന്നാൽ  ചൊവ്വാഴ്ച പെയ്ത കനത്ത മഴയിൽ പാതയിൽ വീണ്ടും മണ്ണിടിച്ചൽ ഉണ്ടാകുകയായിരുന്നു. സന്ദർശകരുടെയടക്കം വാഹനങ്ങൾ കടന്നുപോയിരുന്ന പാതയിലുണ്ടായ മണ്ണിടിച്ചലിൽ ജീവനക്കാർക്ക് ജീവഹാനിയും സംഭവിച്ചു. ഉച്ചയോടെ ആരംഭിച്ച മണ്ണിടിച്ചൽ വൈകുന്നേരവും തുടര്‍ന്നതോടെ വാഹന ഗതാഗതവും പൂർണ്ണമായി നിലച്ചു.

click me!