പത്ത് മാസത്തിനുള്ളില്‍ ലോക്കാട് ഗ്യാപ്പില്‍ വലിയ തോതില്‍ മണ്ണിടിയുന്നത് നാലാം തവണ

By Web TeamFirst Published Jun 19, 2020, 12:34 PM IST
Highlights

കഴിഞ്ഞ ദിവസം രാത്രി 8 മണിയോടുകൂടിയാണ് ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചില്‍ ഉണ്ടായതോടെ ഈ വഴി ബൈസണ്‍വാലി, മുത്തുക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള  ഗതാഗതത്തിന് ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

ഇടുക്കി: പത്ത് മാസത്തിനുള്ളില്‍ നാലാം തവണ വലിയ തോതില്‍ മണ്ണിടിച്ചിലുണ്ടായി ഇടുക്കിയിലെ ലോക്കാട് ഗ്യാപ്പ്. വലിയ പാറക്കെട്ടുകളും മണ്ണും വന്ന് വീണതോടെ ഈ വഴിയുള്ള ഗതാഗതം വീണ്ടും പുനരാരംഭിക്കുന്നതിന് ഏറെക്കാലം വേണ്ടി വരുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം രാത്രി 8 മണിയോടുകൂടിയാണ് ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടായത്. മണ്ണിടിച്ചില്‍ ഉണ്ടായതോടെ ഈ വഴി ബൈസണ്‍വാലി, മുത്തുക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള  ഗതാഗതത്തിന് ജില്ലാ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

വിലക്ക് ലംഘിച്ച് യാത്ര ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുവാനും ദേവികുളം പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴക്കാലത്ത് ദുരന്ത സാധ്യത കണക്കിലെടുത്ത് ഈ മാസം 5 ന് ഈ വഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നതാണ് വലിയ ദുരന്തമൊഴിവാക്കിയത്. റോഡിനു മുകളില്‍ ഇരുനൂറു അടിയ്ക്കു മുകളില്‍ നിന്നുമാണ് പാറക്കെട്ടുകളും മണ്ണും താഴേയ്ക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലിന്റെ ആഘാതത്തില്‍ പാറക്കെട്ടുകളും മണ്ണും അരകിലോമീറ്റലധികമുള്ള പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. ആറ് ഏക്കറിലായി വ്യാപിച്ചു കിടന്നിരുന്ന ഏലകൃഷി നശിച്ചു. മണ്ണും പാറയും വീണ് കൃഷി സ്ഥലങ്ങള്‍ മൂടിയ നിലയിലാണ്. 

ഈ ഭാഗത്തുള്ള രണ്ടുകെട്ടിടങ്ങളും തകര്‍ന്നു. ഈ കെട്ടിടങ്ങളില്‍ ആള്‍പ്പാര്‍പ്പിലാത്തതാണ് ആളപായം ഒഴിവാക്കിയത്. കൊച്ചി - ധനുഷ്‌കോടി ദേശീയപാത വികസനത്തിന്റെ ഭാഗമായി 381 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന റോഡിന്റെ വികസന പണികള്‍ നടന്നു വരുന്നതിനിടയിലാണ് തുടര്‍ച്ചയായി മണ്ണിടിച്ചില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ മൂന്നു തവണ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്തിനു സമീപം കിളവിപ്പാറ എന്ന സ്ഥലത്താണ് ഇപ്പോള്‍ മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ രാത്രി പെയ്ത ശക്തമായ മഴയില്‍ റോഡില്‍ നിന്നും വലിയ തോതില്‍ ഇടിഞ്ഞ മണ്ണു പാറക്കെട്ടുകളും രണ്ടായിരം അടി താഴ്ചയിലുള്ള ജനവാസ കേന്ദ്രങ്ങള്‍ക്കു സമീപമാണ് പതിച്ചത്. കിളവിപാറയ്ക്ക് സമീപം താമസിക്കുന്ന പളനിവേല്‍ എന്നയാളുടെ വീടിനു സമീപത്താണ് മണ്ണ് വന്ന് പതിച്ചത്. മണ്ണിടിച്ചില്‍ ഉണ്ടായപ്പോള്‍ അതിഭയങ്കരമായ ഉണ്ടായ അതിഭയങ്ക ശബ്ദത്തില്‍ വിറങ്ങലിച്ചുപോയെന്നും സമീപവാസികള്‍ പറയുന്നു. 

അശാസ്ത്രീയമായ രീതിയിലും അനധികൃതമായും പാറക്കെട്ടുകള്‍ തുരന്നതു മൂലമാണ് തുടര്‍ച്ചായി അപകടങ്ങള്‍ ഉണ്ടാകുന്നതെന്ന് ദേവികുളം സബ് കളക്ടര്‍ സര്‍ക്കാരിന് നേരത്തേ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്‍.ഐ.ടി യിലെ വിദഗ്ദസംഘവും അപകടകരമായ രീതിയിലാണ് ഗ്യാപ്പ് റോഡിന്റെ സ്ഥിതിയെന്നും വിലയിരുത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറില്‍ പാറക്കെട്ടുകള്‍ അടര്‍ന്നു വീണ് രണ്ടു പേര്‍ മരിക്കാനിടയായിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല. 

click me!