
കോഴിക്കോട്: കൊടുവള്ളി കരുവൻപൊയിലിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട രണ്ട് ബൈക്കുകൾ നശിപ്പിച്ചു. കരുവൻപൊയിൽ മഞ്ചപ്പാറക്കൽ മുഹമ്മദിന്റെ വീട്ടിലാണ് ബുധനാഴ്ച അർധരാത്രിക്കു ശേഷം അക്രമം നടന്നത്. മുഹമ്മദിന്റെ ആക്റ്റീവയും മകൻ നജ്മുദ്ദീന്റെ പാഷൻ പ്രോ ബൈക്കുമാണ് നശിപ്പിക്കപ്പെട്ടത്. വർക്ക്ഷോപ്പ് നടത്തുന്ന നജ്മുദ്ദീൻ ബുധനാഴ്ച രാത്രി പതിനൊന്നോടെയാണ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയത്. ബൈക്ക് പോർച്ചിൽ നിർത്തിയിട്ടതായിരുന്നു.
എന്നാൽ, വ്യാഴാഴ്ച രാവിലെ ബൈക്ക് പോർച്ചിൽ കണ്ടില്ല. തുടർന്ന് അന്വേഷണം നടത്തിയപ്പോഴാണ് വീടിനടുത്ത പറമ്പിൽ മതിലിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് ബൈക്ക് നശിപ്പിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബൈക്കിന് മുകളിൽ വലിയ കരിങ്കല്ല് എടുത്തിടുകയും ചെയ്തിട്ടുണ്ട്. മുഹമ്മദിന്റെ ആക്റ്റീവയുടെ ടയർ അക്രമികൾ കുത്തിക്കീറി നശിപ്പിക്കുകയും ചെയ്തു. നജ്മുദ്ദീന്റെ പരാതിയെത്തുടർന്ന് കൊടുവള്ളി പൊലീസ് കേസെടുത്തു. കൊടുവള്ളി എസ്.ഐ. എ. സായൂജ്കുമാർ സംഭവസ്ഥലം സന്ദർശിച്ചു.
കഴിഞ്ഞ ഏപ്രിൽ മൂന്നിന് കരുവൻപൊയിൽ മഹല്ല് സെക്രട്ടറി ടി.പി.ഉസ്സയിൻ ഹാജിയെ മയക്കുമരുന്ന് സംഘം അക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. പൊലീസ് സ്ഥലത്ത് എത്തുന്നതുവരെ അക്രമികളെ നാട്ടുകാർ തടഞ്ഞുവെച്ചിരുന്നു. ഇതിൽ മുഹമ്മദും നജ്മുദ്ദീനും ഉണ്ടായിരുന്നു. അന്ന് വൈകിട്ട് 'ഞങ്ങളെ തടഞ്ഞുവെച്ചതിന്റെ പ്രത്യാഘാതം നീ അനുഭവിക്കേണ്ടിവരുമെന്ന് ' അക്രമികളിലൊരാൾ നജ്മുദ്ദീനെ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയിരുന്നു. ഭീഷണി മുഴക്കിയ ഫോൺ നമ്പർ നജ്മുദ്ദീൻ പൊലീസിന് കൈമാറിയിട്ടുണ്ട്. ഈയൊരു ഭീഷണിയല്ലാതെ തനിക്ക് മറ്റാരും ശത്രുക്കളായിട്ടില്ലെന്ന് നജ്മുദ്ദീൻ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.
കരുവൻപൊയിൽ പൂളക്കൽ വള്ളുവ ശ്മശാനത്തിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്തു വെച്ചായിരുന്നു മയക്കുമരുന്ന് സംഘം ടി.പി.ഉസ്സയിൻഹാജിയെ അക്രമിച്ചത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ശേഷമായിരുന്നു മയക്കുമരുന്ന് സംഘം ഇവിടെ താവളമാക്കിയത്. ഇത് ചോദ്യം ചെയ്തതിനായിരുന്നു മഹല്ല് സെക്രട്ടറിയെ അക്രമിച്ചത്. പൊലീസിന്റെ ശ്രദ്ധ ഈ ഭാഗങ്ങളിൽ തീരെ ഇല്ലാത്തതാണ് മയക്കുമരുന്ന് സംഘത്തിന് അനുഗ്രഹമായിരുന്നത്. എന്നാൽ, ഈ സംഭവത്തിനു ശേഷം മയക്കുമരുന്ന് സംഘം ഇവിടെ നിന്നും താവളം മാറ്റിയിരിക്കുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam